Skip to content

രണ്ടാം ഇന്നിങ്സിലും ഫിഫ്റ്റി നേടി ഷാർദുൽ താക്കൂർ, സ്വന്തമാക്കിയത് തകർപ്പൻ നേട്ടം

ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്സിലും അർധ സെഞ്ചുറി നേടി ഇന്ത്യൻ താരം ഷാർദുൽ താക്കൂർ. രണ്ടാം ഇന്നിങ്സിൽ നേടിയ ഈ ഫിഫ്റ്റിയോടെ തകർപ്പൻ നേട്ടവും ഷാർദുൽ താക്കൂർ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതിനുമുൻപ് 5 ബാറ്റ്‌സ്മാന്മാർ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

( Picture Source : Twitter / BCCI )

രണ്ടാം ഇന്നിങ്സിൽ 466 റൺസ് നേടിയ ഇന്ത്യ 368 റൺസിന്റെ വമ്പൻ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുൻപിൽ ഉയർത്തിയത്. സെഞ്ചുറി നേടിയ രോഹിത് ശർമ്മയ്ക്കൊപ്പം ഫിഫ്റ്റി നേടിയ ചേതേശ്വർ പുജാര, റിഷഭ് പന്ത്‌, ഷാർദുൽ താക്കൂർ എന്നിവരുടെ മികവിലാണ് ഇന്ത്യ വമ്പൻ സ്കോർ നേടിയത്. 44 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി പുറത്തായ ശേഷം ഏഴാം വിക്കറ്റിൽ 100 റൺസ് റിഷഭ് പന്തും ഷാർദുൽ താക്കൂറും കൂട്ടിച്ചേർത്തു. പന്ത്‌ 106 പന്തിൽ 50 റൺസ് നേടിയപ്പോൾ താക്കൂർ 72 പന്തിൽ 60 റൺസ് നേടിയാണ് പുറത്തായത്.

( Picture Source : Twitter / BCCI )

നേരത്തെ ആദ്യ ഇന്നിങ്സിൽ 36 പന്തിൽ 57 റൺസ് താക്കൂർ നേടിയത്. മത്സരത്തിലെ രണ്ട് ഇന്നിങ്സിലും ഫിഫ്റ്റി നേടിയതോടെ എട്ടാമനായി ബാറ്റിങിനിറങ്ങി ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ രണ്ട് ഇന്നിങ്സിലും ഫിഫ്റ്റി നേടുന്ന ആറാമത്തെ ബാറ്റ്‌സ്മാനെന്ന നേട്ടം ഷാർദുൽ താക്കൂർ സ്വന്തമാക്കി.

( Picture Source : Twitter / BCCI )

ഇന്ത്യൻ താരങ്ങളിൽ ഹർഭജൻ സിങും വൃദ്ധിമാൻ സാഹയുമാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. കൂടാതെ ഓവലിൽ രണ്ട് ഇന്നിങ്സിലും ഫിഫ്റ്റി നേടുന്ന ഒരേയൊരു ബാറ്റ്‌സ്മാനെന്ന നേട്ടവും ഈ പ്രകടനത്തോടെ ഷാർദുൽ താക്കൂർ സ്വന്തമാക്കി.

https://twitter.com/SonySportsIndia/status/1434518818479480842?s=19

ടെസ്റ്റ് കരിയറിലെ താക്കൂറിന്റെ മൂന്നാം ഫിഫ്റ്റിയാണിത്. ആദ്യ ഇന്നിങ്സിൽ 31 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ താക്കൂർ ഇംഗ്ലണ്ടിൽ ഏറ്റവും വേഗത്തിൽ ടെസ്റ്റ് ഫിഫ്റ്റി നേടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടവും ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

( Picture Source : Twitter / BCCI )