Skip to content

ഇംഗ്ലണ്ടിന്  ഒരു നിയമം ഇന്ത്യയ്ക്ക് മറ്റൊരു നിയമമോ?!  ഇംഗ്ലണ്ട് ഇന്നിങ്സിനിടെ അംപയറോട് ക്ഷുഭിതനായി കോഹ്ലി : വീഡിയോ

ഓവലിലെ നാലാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലീഷ് പേസര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് നിര വീണ്ടും പരാജയമായി. മുൻനിര ബാറ്റ്സ്മാന്മാർ ഒരിക്കൽ കൂടി കളി മറന്നപ്പോൾ ഇന്ത്യ 191 റണ്ണിന് പുറത്തായി. വാലറ്റക്കാരന്‍ ഷാർദുൽ താക്കൂര്‍ (36 പന്തില്‍ 57) നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയുടെ സ്കോര്‍ ഇരുനൂറിന് അടുത്തെത്തിച്ചത്. എട്ടാം വിക്കറ്റില്‍ ഉമേഷ് യാദവുമൊത്ത് (10) ശര്‍ദുള്‍ കുറിച്ച 63 റണ്ണാണ് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി അർധ സെഞ്ചുറി നേടിയാണ് മടങ്ങിയത്.



ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാലും ഒല്ലി റോബിന്‍സണ്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 3 ന് 53 എന്ന നിലയിലാണ്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടി. റോറി ബേണ്‍സും (5) ഹസീബ് ഹമീദദും (0), ക്യാപ്റ്റൻ റൂട്ട് (21) എന്നിവരാണ് പുറത്തായത്. മികച്ച ഫോമിൽ തുടരുന്ന റൂട്ടിനെ ക്രീസിൽ നിലയുറപ്പിക്കും മുമ്പേ പുറത്താക്കിയത് ഉമേഷ് യാദവാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിനിറങ്ങിയ ഇന്ത്യക്ക് തകര്‍ച്ചയായിരുന്നു. ലീഡ്സില്‍ ഒന്നാം ഇന്നിങ്സില്‍ 78 റണ്ണിന് പുറത്തായ പ്രകടനം ആവര്‍ത്തിക്കുമെന്ന് തോന്നിച്ചു. രോഹിത് ശര്‍മ (11), രാഹുല്‍ (17), ചേതേശ്വര്‍ പൂജാര (4) എന്നിവരെല്ലാം വേഗം കീഴടങ്ങി. അഞ്ചാമനായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ രവീന്ദ്ര ജഡേജ 10 റണ്ണുമായി മടങ്ങി. അജിന്‍ക്യ രഹാനെ (14) വീണ്ടും നിരാശപ്പെടുത്തി. ക്ഷമയോടെ ഒരറ്റം പിടിച്ചുനിന്ന കോഹ്ലിക്കും പിഴച്ചു. റോബിന്‍സണ്‍ ക്യാപ്റ്റനെ പുറത്താക്കി.

ഇംഗ്ലണ്ട് ഇന്നിങ്സിനിടെ അംപയറുമായി തർക്കിച്ച് ഒരിക്കൽ കൂടി വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇംഗ്ലണ്ട് ഓപ്പണർ ഹസീബ് ഹമീദ് ക്രീസിന് പുറത്തായി ഷൂസ് കൊണ്ട് ഗാർഡ് വരച്ചതാണ് കോഹ്ലിയെ അതൃപ്തിപ്പെടുത്തിയത്. പിന്നാലെ അംപയറുമായി ഇക്കാര്യത്തിൽ തർക്കിക്കുകയായിരുന്നു. ഐസിസി നിയമം അനുസരിച്ച് ഡെയ്ഞ്ചർ ഏരിയയിൽ വരാതെ ബാറ്റ്സ്മാൻ തന്റെ ഗാർഡ് വരയ്ക്കുകയോ സ്റ്റാൻസ് ചെയ്യുകയോ ചെയ്യാം.

https://twitter.com/SonyLIV/status/1433507599727530010?s=19

എന്നാൽ ഹമീദിന്റെ കാര്യത്തിൽ,  ഡെയ്ഞ്ചർ ഏരിയയിൽ ഗാർഡ് വരച്ചതെന്ന് അംപയർമാർ കരുതിയിരുന്നില്ല, അതിനാലാണ്  മുന്നറിയിപ്പ് നൽകാത്തതും. ഇടവേളയിൽ കോഹ്ലി ഇത് ചോദ്യം ചെയ്ത് കോഹ്ലി രംഗത്തെത്തുകയായിരുന്നു.
സമാനമായ രീതിയിൽ കഴിഞ്ഞ മത്സരത്തിൽ റിഷഭ് പന്തിന്റെ കാര്യത്തിലും സംഭവിച്ചിരുന്നു. ഡെയ്ഞ്ചർ ഏരിയയിൽ സ്റ്റാൻസ് ചെയ്തതിനാണ് അമ്പയർ റിഷഭ് പന്തിന് മുന്നറിയിപ്പ് നൽകിയത്. തുടർന്ന് സ്റ്റാൻസ് മാറാൻ അംപയർ ആവശ്യപ്പെട്ടിരുന്നു. റിഷഭ് പന്തിനോട് സ്റ്റാൻസ് മാറാൻ ആവശ്യപ്പെട്ടതിനെതിരെ തുറന്നടിച്ച് പിന്നാലെ ഇതിഹാസം താരം സുനിൽ ഗവാസ്കർ രംഗത്തെത്തിയിരുന്നു.