Skip to content

31 പന്തിൽ നിന്നും ഫിഫ്റ്റി, സാക്ഷാൽ വീരേന്ദർ സെവാഗിനെ പിന്നിലാക്കി ഷാർദുൽ താക്കൂർ

ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ ഫിഫ്റ്റിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഷാർദുൽ താക്കൂർ. വെറും 31 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയ താക്കൂർ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ വീരേന്ദർ സെവാഗിനെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

( Picture Source : Twitter / BCCI )

36 പന്തിൽ 7 ഫോറും 3 സിക്സുമടക്കം 57 റൺസ് നേടിയാണ് താക്കൂർ പുറത്തായത്. താക്കൂറിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് ഒരു ഘട്ടത്തിൽ 127 റൺസിന് 7 വിക്കറ്റ് നഷ്ട്ടപെട്ട ഇന്ത്യ ആദ്യ ഇന്നിങ്സിൽ 191 റൺസ് നേടിയത്. താക്കൂറിനെ കൂടാതെ 96 പന്തിൽ 50 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. കരിയറിലെ കോഹ്ലിയുടെ 27ആം ടെസ്റ്റ് ഫിഫ്റ്റിയാണിത്.

( Picture Source : Twitter / BCCI )

വെറും 31 പന്തിൽ നിന്നാണ് ഷാർദുൽ താക്കൂർ തന്റെ രണ്ടാം ടെസ്റ്റ് ഫിഫ്റ്റി നേടിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡ് താക്കൂർ സ്വന്തമാക്കി. 2008 ൽ ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ 32 പന്തിൽ ഫിഫ്റ്റി നേടിയ മുൻ ഓപ്പണർ വീരേന്ദർ സെവാഗിനെയാണ് താക്കൂർ പിന്നിലാക്കിയത്. 1982 ൽ കറാച്ചിയിൽ പാകിസ്ഥാനെതിരെ 30 പന്തിൽ ഫിഫ്റ്റി നേടിയ കപിൽ ദേവാണ് ഈ നേട്ടത്തിൽ തലപ്പത്തുള്ളത്.

( Picture Source : Twitter / BCCI )

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനെന്ന നേട്ടവും താക്കൂർ സ്വന്തമാക്കി. 1948 ൽ 28 പന്തിൽ ഫിഫ്റ്റി നേടിയ ഫോഫി വില്യംസ്, 2008 ൽ 29 പന്തിൽ ഇംഗ്ലണ്ടിനെതിരെ ഫിഫ്റ്റി നേടിയ ന്യൂസിലാൻഡ് താരം ടിം സൗത്തീ എന്നിവരാണ് ഈ നേട്ടത്തിൽ താക്കൂറിന് മുൻപിലുള്ളത്.

( Picture Source : Twitter / BCCI )

നേരത്തെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ ഗാബ ടെസ്റ്റിലാണ് താക്കൂർ തന്റെ ആദ്യ ഫിഫ്റ്റി നേടിയത്. 115 പന്തിൽ 67 റൺസ് നേടിയാണ് താക്കൂർ പുറത്തായത്. ഇന്ത്യ മത്സരത്തിൽ മൂന്ന് വിക്കറ്റിന് വിജയിക്കുകയും ചെയ്‌തിരുന്നു.

( Picture Source : Twitter / BCCI )