മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം വിവാദത്തിൽ അകപ്പെട്ട് റിഷഭ് പന്ത്, ഗ്ലൗവിൽ നിന്ന് റ്റെയ്‌പ്‌ ഊരാൻ ആവശ്യപ്പെട്ട് അമ്പയർ : വീഡിയോ

ലീഡ്സിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ  ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ മികവില്‍ ഇംഗ്ലണ്ടിന് കൂറ്റൻ ലീഡ്. ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞ പിച്ചിലാണ് ആതിഥേയര്‍ അനായാസം മികച്ച സ്‌കോര്‍ കണ്ടെത്തിയത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോൾ ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 423 റണ്‍സാണ് എടുത്തത്. 24 റണ്‍സുമായി ക്രെയ്ഗ് ഓവര്‍ടണും റണ്ണൊന്നുമെടുക്കാതെ ഒലി റോബിന്‍സണുമാണ് ക്രീസില്‍.

വിക്കറ്റ് നഷ്ടപ്പെടാതെ 120 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിനായി ഹസീബ് ഹമീദ്, ജോ റൂട്ട്, റോറി ബേണ്‍സ്, ഡേവിഡ് മലാന്‍ എന്നിവരാണ് മികച്ച ബാറ്റിങ് പുറത്തെടുത്തത്. ബൗളിങ്ങില്‍ ഇഷാന്തിന് ഒഴികെ എല്ലാവര്‍ക്കും വിക്കറ്റ് ലഭിച്ചു. ഷമി(3), മുഹമ്മദ് സിറാജ്(2), ജഡേജ(2), ജസ്പ്രീത് ബുമ്ര(1) എന്നിവര്‍ വിക്കറ്റുകള്‍ സ്വന്തമാക്കി. മൂന്ന് ദിവസം ബാക്കി നില്‍ക്കേ ബാറ്റിങ്ങില്‍ മികച്ച തിരിച്ചുവരവ് നടത്തുക എന്നതു മാത്രമേ ഇന്ത്യക്ക് ഇനി മുന്നിലുള്ളു.

മത്സരത്തിന്റെ രണ്ടാം ദിനം വിവാദത്തിൽ അകപ്പെട്ട് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. ഗ്ലൗവിൽ റ്റെയ്പ്പ് ഒട്ടിച്ച് കീപ്പിങ് ചെയ്യാൻ എത്തിയതാണ് പന്തിനെ കുഴപ്പത്തിൽ ചാടിച്ചത്. രണ്ടാം ദിനം ടീ ബ്രെക്കിന് ശേഷമായിരുന്നു ഈ സംഭവം. ബ്രെക്ക് കഴിഞ്ഞ് ഗ്രൗണ്ടിൽ എത്തിയ റിഷഭ് പന്തിന്റെ ഗ്ലൗവിൽ റ്റെയ്പ്പ് ശ്രദ്ധയിൽപെട്ട ഓണ്ഫീൽഡ് അമ്പയർ അത് ഊരാൻ ആവശ്യപ്പെടുകയായിരുന്നു.

ഇതിനിടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും രംഗത്തെത്തി. ഗ്ലൗവിൽ നിന്ന് റ്റെയ്പ്പ് ഊരാനുള്ള ദൗത്യം കോഹ്ലിയാണ് ഏറ്റെടുത്തത്. അമ്പയറുടെ ആവശ്യം അനുസരിച്ച് മുഴുവൻ എടുക്കുകയായിരുന്നു. ഐസിസി നിയമപ്രകാരം ചൂണ്ടുവിരലും തള്ളവിരലും ചേരുന്നതല്ലാതെ മറ്റ് വിരലുകൾക്കിടയിൽ അത് പോലെ ചേർത്ത് വെയ്ക്കാൻ റ്റെയ്പ്പോ മറ്റ് വസ്തുക്കളോ ഉപയോഗിക്കാൻ പാടില്ല.

ടീ ബ്രെക്കിന് തൊട്ടുമുമ്പത്തെ പന്തിൽ ഡേവിഡ് മലാനെ ക്യാച്ചിലൂടെ റിഷഭ് പന്ത് പുറത്താക്കിയിരുന്നു. എന്നാൽ ആ സമയത്ത് പന്തിന്റെ ഗ്ലൗവിൽ റ്റെയ്പ്പ് കാണപ്പെട്ടിരുന്നില്ല. ടീ ബ്രെക്കിനിടയിൽ ഒട്ടിച്ചതാവാനാണ് സാധ്യത. എന്നാൽ ആ ക്യാച്ച് എടുക്കുന്ന ഘട്ടത്തിലും റ്റെയ്പ്പ്  ഉണ്ടായിരുന്നുവെന്ന് കരുതിയ കമെന്റർ ഡേവിഡ് ലോയ്ഡ്‌ മലാന്റെ പുറത്താകൽ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. മലാനെ ബാറ്റിങ്ങിനായി തിരികെ വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഏതായാലും പെട്ടെന്ന് തന്നെ ഇക്കാര്യം ശ്രദ്ധയിൽപെട്ടത്തിനാൽ കൂടുതൽ വിവാദങ്ങൾ ഒഴിവായി.