Skip to content

കോഹ്‌ലിയുടെ ക്യാപ്റ്റൻസി കരിയറിൽ ഇതാദ്യം ; മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റനെ തേടിയെത്തിയത് മോശം റെക്കോർഡ്

ലീഡ്സിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ  ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ മികവില്‍ ഇംഗ്ലണ്ടിന് കൂറ്റൻ ലീഡ്. ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞ പിച്ചിലാണ് ആതിഥേയര്‍ അനായാസം മികച്ച സ്‌കോര്‍ കണ്ടെത്തിയത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോൾ ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 423 റണ്‍സാണ് എടുത്തത്. 24 റണ്‍സുമായി ക്രെയ്ഗ് ഓവര്‍ടണും റണ്ണൊന്നുമെടുക്കാതെ ഒലി റോബിന്‍സണുമാണ് ക്രീസില്‍. വിക്കറ്റ് നഷ്ടപ്പെടാതെ 120 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിനായി ഹസീബ് ഹമീദ്, ജോ റൂട്ട്, റോറി ബേണ്‍സ്, ഡേവിഡ് മലാന്‍ എന്നിവരാണ് മികച്ച ബാറ്റിങ് പുറത്തെടുത്തത്.

ഓപ്പണിംഗ് കൂട്ടുകെട്ട് 135ലാണ് ഇന്ത്യക്ക് പിരിക്കാനായത്. റോറിബേണ്‍സിനെ(61) ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഇന്ത്യ തുടക്കമിട്ടത്. കൃത്യതയും വേഗം കൊണ്ടും ബുമ്രയും ഷമിയും സിറാജും ഇംഗ്ലീഷ് ബാറ്റിങ്ങിനെ വിറപ്പിച്ചെങ്കിലും വിക്കറ്റുകള്‍ വീണില്ല. ഹമീദിനെ(68) പുറത്താക്കി രവീന്ദ്രജഡേജയാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയത്.എന്നാല്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കാതെ ജോറൂട്ട് നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക് കയറി.  മലാന്‍ നായകന് മികച്ച പിന്തുണയും നല്‍കി.

ടീ ബ്രെക്കിന് മടങ്ങുന്നതിന് മുമ്പ് സിറാജിന് മലാന്റെ(70) വിക്കറ്റ് ലഭിച്ച ശേഷമാണ് ഇന്ത്യ കളിയിലേക്ക് തിരികെ എത്തിയത്. ബെയര്‍‌സ്റ്റോ(28), ജോസ് ബട്‌ലര്‍(7), മൊയീന്‍ അലി(8), സാം കറന്‍(15) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. 165 പന്തില്‍ 121 റണ്‍സെടുത്ത റൂട്ടിനെ ബുംറയാണ് പുറത്താക്കിയത്. ബൗളിങ്ങില്‍ ഇഷാന്തിന് ഒഴികെ എല്ലാവര്‍ക്കും വിക്കറ്റ് ലഭിച്ചു. ഷമി(3), മുഹമ്മദ് സിറാജ്(2), ജഡേജ(2), ജസ്പ്രീത് ബുമ്ര(1) എന്നിവര്‍ വിക്കറ്റുകള്‍ സ്വന്തമാക്കി. മൂന്ന് ദിവസം ബാക്കി നില്‍ക്കേ ബാറ്റിങ്ങില്‍ മികച്ച തിരിച്ചുവരവ് നടത്തുക എന്നതു മാത്രമേ ഇന്ത്യക്ക് ഇനി മുന്നിലുള്ളു.

2 വിക്കറ്റ് അവശേഷിക്കെ 345 റൺസ് ലീഡാണ് ഇംഗ്ലണ്ട് നേടിയിരിക്കുന്നത്. ഇതാദ്യമായാണ് കോഹ്ലിയുടെ ക്യാപ്റ്റൻസി കരിയറിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് ഇത്രയധികം വഴങ്ങുന്നത്. നേരെത്തെ ഏറ്റവും ഉയർന്നത് 289 റൺസായിരുന്നു. ഇംഗ്ലണ്ടിനെതിരെ 2018 ൽ ലോർഡ്സിൽ നടന്ന മത്സരത്തിലായിരുന്നു ഇത്. ഇംഗ്ലണ്ട് ഓൾ റൗണ്ടർ ക്രിസ് വോക്സിന്റെ (137*) തകർപ്പൻ ഇന്നിങ്സിലാണ് അപ്രതീക്ഷിതമായി ഇത്രയും ലീഡ് ലോർഡ്സിൽ നടന്ന  സീരീസിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് വഴങ്ങേണ്ടി വന്നത്.

മത്സരത്തിൽ ഇന്ത്യ ഇന്നിങ്സിനും 159 റൺസിനുമാണ് പരാജയപ്പെട്ടത്.
ഈ ലിസ്റ്റിൽ മൂന്നാമതുള്ളത് ഈ വർഷം ഇംഗ്ലണ്ടിനെതിരെ ചെന്നൈയിൽ നടന്ന ആദ്യ മത്സരത്തിലെ ലീഡാണ് (241).
റൂട്ടിന്റെ ഡബിൾ സെഞ്ചുറി മികവിലാണ് ഈ കൂറ്റൻ ലീഡ് ഇംഗ്ലണ്ട് ചെന്നൈയിൽ നേടിയത്. ലിസ്റ്റിൽ നാലാമത് ന്യൂസിലാൻഡിനെതിരായി വെലിങ്ടണിൽ നടന്ന മത്സരത്തിലെതാണ്. 2019-20 സീസണിലെ ന്യുസിലാൻഡ് പര്യടനത്തിലാണിത്.