Skip to content

രോഹിത് ഔട്ടായതിന് പിന്നാലെ ഗ്രൗണ്ടിലെത്തിയ ആളെ കണ്ട് അമ്പരന്ന് ആരാധകർ ; വീണ്ടും പണിയൊപ്പിച്ച് ‘ജാർവോ’ എന്ന ആരാധകൻ

ആദ്യ ഇന്നിംഗ്‌സില്‍ വഴങ്ങിയ 354 റൺസിന്റെ കൂറ്റൻ ലീഡ് പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മൂന്നാം ദിനം മത്സരം അവസാനിച്ചപ്പോൾ മികച്ച നിലയിൽ. 80 ഓവർ ബാറ്റ് ചെയ്ത് ഇന്ത്യ
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് നേടിയിട്ടുണ്ട്. ക്രീസിൽ 45 റണ്‍സുമായി ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോലിയും 91 റണ്‍സോടെ ചേതേശ്വര്‍ പൂജാരയുമാണ്. 8  ശേഷിക്കെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് മറികടക്കാന്‍ ഇന്ത്യയ്ക്കിനിയും 139 റണ്‍സ് കൂടി വേണം.

ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും കെ എല്‍ രാഹുലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് മൂന്നാം ദിനം നഷ്ടമായത്. മൂന്നാം ദിനം ലഞ്ചിന് തൊട്ടുമുമ്ബ് എട്ടു റണ്‍സെടുത്ത രാഹുലിനെ ഓവര്‍ടണിന്റെ പന്തില്‍ സ്ലിപ്പില്‍ ബെയര്‍‌സ്റ്റോ ഒറ്റ കയ്യിൽ പിടിക്കുകയായിരുന്നു. അതേസമയം ക്രീസിൽ നിലയുറപ്പിച്ച രോഹിത് എൽബി ഡബ്ല്യൂവിലൂടെയാണ് പുറത്തായത്. അമ്പയർസ് കോൾ ഇത്തവണയും രോഹിതിന് തിരിച്ചടിയായി.

ലോര്‍ഡ്‌സിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച്‌ കയറി കളി തടസപ്പെടുത്തിയ ജാര്‍വോ എന്ന ആരാധകൻ മൂന്നാം ടെസ്റ്റിലും സെക്യൂരിറ്റി ഭേദിച്ച്‌ ഗ്രൗണ്ടിലിറങ്ങിയത് സോഷ്യൽ മീഡിയയിൽ വൈറലയിരിക്കുകയാണ്. ലോർഡ്സിലെ സംഭവം തന്നെ ജാർവോ എന്ന ആരാധകനെ ശ്രദ്ധേയമാക്കിയിരുന്നു. ഇന്ത്യൻ ടീം അംഗം എന്ന നിലയിലായിരുന്നു അന്ന് ജാർവോ ഫീൽഡിങ്ങിനിടെ എത്തിയത്.

ഇത്തവണ കുഞ്ഞന്‍ ബാറ്റുമെടുത്ത് ക്‌നീ പാഡും, ഹെല്‍മെറ്റും ധരിച്ചാണ് ജാര്‍വോ 69 നമ്ബറുള്ള ഇന്ത്യന്‍ ജേഴ്‌സിയില്‍ ഗ്രൗണ്ടിലിറങ്ങിയത്. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെയാണ് ജാര്‍വോ ക്രീസിലിറങ്ങിയത്. സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടും മുമ്ബ് തന്നെ പിച്ചില്‍ ഗാര്‍ഡ് എടുത്ത് ബാറ്റ് ചെയ്യാന്‍ തയാറെടുത്തിരുന്നു ജാര്‍വോ. ജാര്‍വോയെ സെക്യൂരിറ്റി ജീവനക്കാര്‍ ബലമായി പുറത്തേക്ക് കൊണ്ടുപോകുമ്ബോള്‍ ആരവങ്ങളോടെയാണ് കാണികള്‍ പ്രതികരിച്ചത്.

വീഡിയോ :

https://twitter.com/Insidercricket1/status/1431316898151485441?s=19

https://twitter.com/oyeekd/status/1431296113961619457?s=19

https://twitter.com/Insidercricket1/status/1431317329367879686?s=19

നേരത്തെ, ക്യാപ്റ്റൻ ജോ റൂട്ടിന്റെ സെഞ്ചുറി മികവിൽ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 432 റൺസെടുത്ത് പുറത്തായി. എട്ടിന് 423 റൺസുമായി മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന്, ഒൻപത് റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ശേഷിച്ച രണ്ടു വിക്കറ്റുകൾ നഷ്ടമായി. ഇതോടെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് 354 റൺസിന്റെ കൂറ്റൻ ലീഡ് ലഭിച്ചു. ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ ഉയർന്ന അഞ്ചാമത്തെ ഒന്നാം ഇന്നിങ്സ് ലീഡാണിത്.