Skip to content

ദ്രാവിഡ് പറഞ്ഞത് ഞാൻ അനുസരിക്കാൻ പാടില്ലായിരുന്നു, ട്രിപ്പിൾ സെഞ്ചുറി നഷ്ടമായ ശേഷം സെവാഗ് പറഞ്ഞ കാര്യം വെളിപ്പെടുത്തി മുത്തയ്യ മുരളീധരൻ

2009 ൽ ശ്രീലങ്കയ്ക്കെതിരെ വെറും ഏഴ് റൺസ് അകലെ തന്റെ ട്രിപ്പിൾ സെഞ്ചുറി നഷ്ട്ടമായ ശേഷം ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് തന്നോട് പറഞ്ഞ കാര്യമെന്തെന്ന് വെളിപ്പെടുത്തി ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ.

( Picture Source : Twitter )

2009 ൽ മുംബൈയിൽ നടന്ന മത്സരത്തിലാണ് 293 ൽ നിൽക്കെയാണ് സെവാഗിനെ മുരളീധരൻ പുറത്താക്കിയത്. വെറും 254 പന്തുകൾ നേരിട്ട സെവാഗ് 40 ഫോറും 7 സിക്സും ആ ഇന്നിങ്സിൽ നേടിയിരുന്നു. രാഹുൽ ദ്രാവിഡായിരുന്നു അന്ന് വീരേന്ദർ സെവാഗിനൊപ്പം ബാറ്റ് ചെയ്തിരുന്നത്. ട്രിപ്പിൾ സെഞ്ചുറി നേടിയിരുന്നുവെങ്കിൽ ടെസ്റ്റിൽ മൂന്ന് തവണ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ഒരേയൊരു ബാറ്റ്‌സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കാൻ സെവാഗിന് സാധിക്കുമായിരുന്നു.

( Picture Source : Twitter )

” അവൻ മുംബൈയിൽ ഞങ്ങൾക്കെതിരെ 290 ൽ ബാറ്റ് ചെയ്‌തത് ഞാൻ ഓർക്കുന്നു. ശ്രദ്ധയോടെ ബാറ്റ് ചെയ്യാനും ട്രിപ്പിൾ സെഞ്ചുറി അടുത്ത ദിവസം നേടാമെന്നും ദ്രാവിഡ് അവനോട് നിർദ്ദേശിച്ചു. എന്നാൽ അടുത്ത ദിവസം എന്റെ ഓവറിൽ അവൻ പുറത്താവുകയും ചെയ്തു. പുറത്തായ ശേഷം അവൻ എന്നോട് ഇപ്രകാരം പറഞ്ഞു. ‘ ഞാൻ ദ്രാവിഡ് പറഞ്ഞത് കേൾക്കരുതായിരുന്നു, നിന്നെ ആക്രമിച്ച് കളിക്കണമായിരുന്നു. ‘ ” മുത്തയ്യ മുരളീധരൻ പറഞ്ഞു.

( Picture Source : Twitter )

” എന്റെ ബൗളിങ് അവൻ നന്നായി മനസ്സിലാക്കിയിരുന്നു. എന്റെ ബൗളിങ് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് അവൻ പറയും പക്ഷേ അവൻ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായാണ് എന്നെ നേരിട്ടത്. അവൻ വളരെ അപകടകാരിയാണ് അത് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. ”

( Picture Source : Twitter )

” ഏറെക്കുറെ എല്ലാ ബാറ്റ്‌സ്മാന്മാരും 98-99 ൽ നിൽക്കെ സിംഗിൾ നേടി സെഞ്ചുറി പൂർത്തിയാക്കാനാണ് ശ്രമിക്കുക. എന്നാൽ സെവാഗ് സിക്സ് നേടാനായിരിക്കും ശ്രമിക്കുക. സെഞ്ചുറി നേടിയോ ഇല്ലയോ എന്നൊന്നും അവൻ നോക്കാറില്ല, അവൻ അവന്റെ ഷോട്ട് കളിച്ചിരിക്കും. ” മുത്തയ്യ മുരളീധരൻ കൂട്ടിച്ചേർത്തു.

( Picture Source : Twitter )