Skip to content

‘ സച്ചിനെ പേടിയില്ലായിരുന്നു, പന്തെറിയാൻ ഏറ്റവും കൂടുതൽ പേടിച്ചിരുന്നത് സെവാഗിനെതിരെ ‘ : കാരണം വെളിപ്പെടുത്തി മുത്തയ്യ മുരളീധരൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ  പന്തെറിയാൻ ഏറ്റവും കൂടുതൽ പേടിച്ചിരുന്നത്  ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്, വെസ്റ്റിൻഡീസ് താരം ബ്രയാൻ ലാറ എന്നിവർക്കെതിരെയാണെന്ന് ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻ. അതേസമയം ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറിനെതിരെ പന്തെറിയാൻ അത്രയ്ക്ക് പേടിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. കാരണം സച്ചിൻ  ഒരിക്കലും  സെവാഗിനേപ്പോലെ തല്ലിയിട്ടില്ലെന്നാണ് മുരളീധരൻ പറഞ്ഞത്.

പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ഇഎസ്പിഎൻ ക്രിക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം  മുരളീധരൻ വെളിപ്പെടുത്തിയത്. അന്താരാഷ്ട്ര ടെസ്റ്റ് കരിയറിൽ 800 വിക്കറ്റ് വീഴ്ത്തിയ മുത്തയ്യ മുരളീധരൻ നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ബൗളിങ് കോച്ചാണ്. 133  മത്സരങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ വീഴ്ത്തിയ റെക്കോർഡ് മുരളീധരൻ സ്വന്തമാക്കിയത്. ഏകദിനത്തിൽ 534 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

” സച്ചിനെതിരെ പന്തെറിയാൻ എനിക്ക് പേടിയില്ലായിരുന്നു. സേവാഗിനേപ്പോലെ അദ്ദേഹം നമ്മെ തല്ലാറില്ല. പക്ഷേ, സേവാഗിനെതിരെ ബോൾ ചെയ്യാൻ പേടിക്കണം. അദ്ദേഹത്തിന്റെ ബാറ്റ് സമ്മാനിച്ച വേദനകൾ അനുഭവിച്ച വ്യക്തിയാണ് ഞാൻ. സച്ചിൻ തിരിച്ചാണ്. അദ്ദേഹം നമ്മെ നോവിക്കില്ല. പക്ഷേ, പുറത്താക്കാൻ ബുദ്ധിമുട്ടാണ്. ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ സച്ചിന്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുമായിരുന്നു. എന്നാല്‍ ഓഫ് സ്പിന്നര്‍മാരെ നേരിടുന്നതില്‍ അല്‍പം ശങ്ക സച്ചിനുണ്ടായിരുന്നു. അതു മുതലെടുത്താണ് മറ്റേതൊരു ഓസ് സ്പിന്നറെക്കാളും കൂടുതല്‍ തവണ ഞാന്‍ സച്ചിന്റെ വിക്കറ്റ് നേടിയത് ”- മുരളീധരന്‍ പറഞ്ഞു.

സാഹചര്യം എന്തായാലും അതിവേഗം സ്കോർ ചെയ്യുന്നതാണ് സെവാഗിന്റെ ശൈലിയെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ സെവാഗിനെതിരെ പ്രതിരോധത്തിലൂന്നിയാണ് ഫീൽഡിങ് ക്രമീകരിച്ചിരുന്നതെന്നും ടെസ്റ്റിലാണെങ്കിലും രണ്ടു മണിക്കൂർ ക്രീസിൽ നിന്നാൽ 150 റണ്‍സെങ്കിലും അടിക്കണമെന്ന നിലപാടായിരുന്നു സേവാഗിന്റേത് മുരളീധരൻ പറഞ്ഞു.

” സെവാഗിനെതിരെ പ്രതിരോധത്തിലൂന്നിയുള്ള ഫീൽഡിങ് സെറ്റപ്പാണ് നടത്തിയിരുന്നത്. കാരണം ഏതു പന്തു കിട്ടിയാലും സെവാഗ് ആക്രമിച്ചു കളിക്കുമെന്ന് വ്യക്തമായിരുന്നു. ലാറയേപ്പോലെയല്ല സെവാഗ്. ബോളർമാരോട് യാതൊരു ബഹുമാനവും കാട്ടില്ല. ഫോമിലാണെങ്കിൽ യാതൊരു വെല്ലിവിളിയും ഉണ്ടാകില്ലെന്ന് സെവാഗിന് ആത്മവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രതിരോധത്തിലേക്കു വലിഞ്ഞ് ഫീൽഡൊരുക്കി സെവാഗ് ഒരു പിഴവു വരുത്തുന്നതിനായി കാത്തിരിക്കും ” മുരളീധരൻ പറഞ്ഞു.