Skip to content

ഇംഗ്ലണ്ടിനെ എഴുതിതള്ളേണ്ട, റൂട്ടിനും കൂട്ടർക്കും തിരിച്ചുവരവ് സാധ്യമെന്ന് മുൻ താരം

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ഇനിയും തിരിച്ചുവരാൻ സാധിക്കുമെന്ന് മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ. ലോർഡ്സ് ടെസ്റ്റിൽ 151 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപെടുത്തിയത്. ഇംഗ്ലണ്ടിന്റെ മോശം പ്രകടനത്തിന് പുറകെ പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന് മുൻ ഇംഗ്ലണ്ട് താരങ്ങൾ അടക്കമുള്ളവർ അഭിപ്രായപെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമാണ് നാസർ ഹുസ്സൈൻ മുന്നോട്ടുവച്ചത്.

ലോർഡ്സ് ടെസ്റ്റിൽ 151 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 272 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിൽ 120 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. ആദ്യ ഇന്നിങ്സിൽ 27 റൺസിന്റെ ലീഡ് ഇംഗ്ലണ്ട് നേടിയിരുന്നുവെങ്കിലും അഞ്ചാം ദിനം ജോ റൂട്ടും കൂട്ടരും മത്സരം കൈവിടുകയായിരുന്നു.

( Picture Source : Twitter )

” ലോർഡ്സിൽ മികച്ച ക്രിക്കറ്റ് തന്നെയാണ് ഇംഗ്ലണ്ട് പുറത്തെടുത്തത്. അഞ്ചാം ദിനത്തിൽ റിഷഭ് പന്ത്‌ പുറത്തായപ്പോൾ പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ന് മുൻപിലെത്തുമെന്ന് നമ്മളെല്ലാവരും കരുതിയിരുന്നു. ഇന്ത്യയ്ക്കും അവരുടെ ബാറ്റിങിൽ പോരായ്മകളുണ്ട്. എന്നാൽ ജോ റൂട്ട് മാത്രം റൺസ് നേടിയതുകൊണ്ട് ഇംഗ്ലണ്ടിന് വിജയിക്കാൻ സാധിക്കില്ല. ” നാസർ ഹുസൈൻ പറഞ്ഞു.

( Picture Source : Twitter )

പരമ്പരയിലെ ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തിലും ക്യാപ്റ്റൻ ജോ റൂട്ട് സെഞ്ചുറി നേടിയിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്നും റൂട്ട് ഇതിനോടകം തന്നെ 120 ന് മുകളിൽ ശരാശരിയിൽ 386 റൺസ് നേടിയിട്ടുണ്ട്. 29.50 ശരാശരിയിൽ 118 റൺസ് മാത്രം നേടിയ ജോണി ബെയർസ്റ്റോയാണ് പരമ്പരയിൽ ഇംഗ്ലണ്ടിന്റെ അടുത്ത ടോപ്പ് സ്‌കോറർ.

( Picture Source : Twitter )

” ബൗളർമാർക്ക് ഒരുപാട് പരിക്കുകൾ സംഭവിക്കുന്നതിനാൽ റോബിൻസണെ പോലെയൊരു ബൗളറെ കണ്ടെത്താൻ സാധിച്ചത് വലിയ കാര്യമാണ്. അതുകൊണ്ട് തന്നെ അവരെ ഇപ്പോൾ തന്നെ എഴുതിതള്ളരുത്. എന്നാൽ ജോ റൂട്ടിനൊപ്പം മറ്റുള്ളവരും റൺസ് നേടേണ്ടത് അത്യാവശ്യമാണ്. ” ഹുസൈൻ കൂട്ടിച്ചേർത്തു.

( Picture Source : Twitter )