Skip to content

‘ഇനി അടുത്ത 60 ഓവർ ഇംഗ്ലണ്ടിന് നരകതുല്യമായി തോന്നണം’ : ഇന്ത്യൻ താരങ്ങൾക്ക് കോഹ്ലി ഉപദേശം നൽകുന്നതിന്റെ വീഡിയോ പുറത്ത്

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ നടന്ന സംഭവബഹുലമായ രണ്ടാം ടെസ്റ്റില്‍ വിരാട് കോഹ്‌ലിയുടെ കീഴില്‍ ടീം ഇന്ത്യ ഇംഗ്ലണ്ടിനെ 151 റണ്‍സിന് പരാജയപ്പെടുത്തി. മത്സരം സമനിലയിൽ കലാശിക്കുമെന്ന് പ്രതീക്ഷിച്ചിടത്താണ് ഇന്ത്യൻ പേസർമാർ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്.
വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യക്ക് 1-0 ലീഡ് നേടി.

അവസാന ദിവസം 60 ഓവറില്‍ 272 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 120 റണ്‍സിന് പുറത്താവുകയായിരുന്നു. 32 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ഇംഗ്ലണ്ടിന്റെ തകർച്ചയ്ക്ക് അവസാനം വേഗത കൂട്ടിയത്. ബട്ട്ലറെയും ആൻഡേഴ്‌സനെയും പുറത്താക്കി ഒടുവിൽ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ, മുഹമ്മദ് ഷമി (70 പന്തിൽ 56) ബുംറ (64 പന്തിൽ 34) എന്നിവരുടെ ഒമ്പതാം വിക്കറ്റില്‍ 89 റണ്‍സിന്റെ തകര്‍പ്പന്‍ പാര്‍ട്ണര്‍ഷിപ്പാണ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ 298-8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിയത്. മൂന്നു വിക്കറ്റ് നേടിയ ബുമ്രയും രണ്ടു വിക്കറ്റ് നേടിയ ഇഷാന്ത് ശര്‍മയും ഇംഗ്ലണ്ട് ബാറ്സ്മാന്‍മാരെ അടിയറവ് പറയിപ്പിച്ചു. ഇപ്പോഴിതാ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിന് തൊട്ടുമുമ്പ് കോഹ്ലി ടീം അംഗങ്ങൾക്ക്  ഉപദേശം നൽകുന്നതിന്റെ ദൃശ്യം പുറത്തുവന്നിരിക്കുകയാണ്.

തോൽവി വഴങ്ങില്ലെന്ന് ഏകദേശം ഉറപ്പായ ഇന്ത്യ രണ്ടും കല്‍പ്പിച്ചായിരുന്നു കളത്തിൽ ഇറങ്ങിയത്. ഇന്ത്യൻ താരങ്ങളുടെ വീറും വാശിയും ഇരട്ടിപ്പിക്കാൻ ഗ്രൗണ്ടിൽ ഇറങ്ങുന്നതിന് മുമ്പായി ടീം അംഗങ്ങൾക്കൊപ്പം കോഹ്ലി കൂടിയിരുന്നു.  ‘നമ്മള്‍ എറിയാന്‍ പോകുന്ന 60 ഓവര്‍ നരകതുല്യമായി ഇംഗ്ലണ്ടിന് തോന്നണമെന്നാണ്’ പേസര്‍മാര്‍ക്കും മറ്റ് ടീം അംഗങ്ങള്‍ക്കും കോഹ്ലി ഇതിനിടെ നല്‍കിയ ഉപദേശം. ഒപ്പം ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ എങ്ങനെയെല്ലാം പ്രതിരോധത്തിലാക്കാമോ അതെല്ലാം ചെയ്യണമെന്നും കോഹ്ലി കൂട്ടിച്ചേർത്തു.

ഏതായാലും കോഹ്‌ലിയുടെ പ്രചോദനം ഫലിച്ചു. ആദ്യ ഓവറിൽ തന്നെ ബേർണ്സിനെ പുറത്താക്കി തുടങ്ങിയ ഇന്ത്യ 51.5 ഓവറിൽ ഇംഗ്ലണ്ടിന്റെ അന്ത്യം കണ്ടു. രണ്ടാം ഇന്നിംഗ്‌സിൽ ഓരോ നിമിഷവും സ്ലെഡ്ജിങ് കൊണ്ടും ബൗളിങ് കൊണ്ടും ഇംഗ്ലണ്ട് നിരയെ ഇന്ത്യ ആക്രമിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. പരമ്പരയിലെ മൂന്നാം മത്സരം 25ന് ലീഡ്സിൽ ആരംഭിക്കും.