Skip to content

ഇങ്ങനെയൊരു അപൂർവ്വ നേട്ടം നേടുമെന്ന് കോഹ്ലി സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല ; നന്ദി പറയേണ്ടത് ഷമിയോടും ബുംറയോടും

ക്രിക്കറ്റ് ആരാധകർക്ക് ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു ലോർഡ്സിൽ അരങ്ങേറിയത്. പരമ്പരയിലെ ആദ്യ തോവി ഇന്ത്യ ഏറ്റുവാങ്ങുമെന്ന് കരുതിയയിടത്ത് നിന്നാണ് ഇന്ത്യയുടെ ഉയിർത്തെഴുന്നേൽപ്പ്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 151 റണ്‍സ് ജയം നേടി ഇന്ത്യ അഞ്ച് മത്സര പരമ്ബരയില്‍ 1-0ന് മുന്നിലെത്തി. ആവേശം അവസാന മണിക്കൂറിലേക്ക് നീണ്ട അഞ്ചാം ദിനം തുടങ്ങുമ്പോൾ ഇംഗ്ലണ്ടിനായിരുന്നു ജയസാധ്യത.

തുടക്കത്തിലെ റിഷഭ് പന്തിനെ നഷ്ടമായതോടെ ജയമുറപ്പിച്ച ഇം​ഗ്ലണ്ടിനെ ഞെട്ടിച്ച്‌ ഇന്ത്യയുടെ വാലറ്റം പൊരുതുകയായിരുന്നു. മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബുമ്രയുടെയും പോരാട്ടവീര്യത്തില്‍ തോല്‍ക്കില്ലെന്ന് ഉറപ്പിച്ച ഇന്ത്യ പിന്നീട് ജയത്തിലേക്ക് പന്തെറിഞ്ഞു. അവസാന മണിക്കൂര്‍ വരെ സമനിലക്കായി പൊരുതിയ ഇം​ഗ്ലണ്ടിനെ ഒടുവില്‍ പേസ് കരുത്തില്‍ എറിഞ്ഞിട്ട് ഇന്ത്യ ജയം കൈപ്പിടിയിലൊതുക്കി.

വിജയത്തോടെ വമ്പൻ നേട്ടങ്ങളിൽ ഇടംപിടിച്ച കോഹ്ലി ഒരു അപൂർവ്വ നേട്ടത്തിനും അർഹനായി. ലോർഡ്സിൽ  ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന നേട്ടമായിരുന്നു, രണ്ടാം ഇന്നിങ്സിൽ 8 വിക്കറ്റിൽ നിൽക്കെ ഡിക്ലയർ ചെയ്യാൻ കോഹ്ലി ആവശ്യപ്പെട്ടപ്പോൾ നേടാനായത്. ഏതായാലും ഇക്കാര്യത്തിൽ കോഹ്ലി നന്ദി പറയേണ്ടത് ഇന്ത്യൻ പേസർമാരായ ഷമിയോടും ബുംറയോടുമാണ്. ഇരുവരുടെയും 89 റൺസ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് ആവശ്യത്തിലധികം ലീഡാണ് സമ്മാനിച്ചത്.

അഞ്ചാം ദിനം റിഷഭ് പന്ത് ആദ്യം പുറത്തായപ്പോൾ കരുതിയത് ഇന്ത്യയുടെ വാലറ്റം പിന്നാലെ കൂടാരം കയറുമെന്നായിരുന്നു. ഇഷാന്ത് ശർമ്മ ചെറിയ രീതിയിൽ ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും 16 റൺസ് നേടി മടങ്ങിയിരുന്നു. പിന്നാലെയായിരുന്നു ഐതിഹാസിക കൂട്ടുകെട്ട് പിറന്നത്. 70 പന്തിൽ നിന്ന് ഷമി 56 റൺസും 64 പന്തിൽ നിന്ന് 34 റൺസ് ബുംറയും നേടി.

അതോടൊപ്പം ലോര്‍ഡ്സില്‍ ടെസ്റ്റ് വിജയം നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ നായകനാണ് വിരാട് കോഹ്ലി. 1986ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തിലും 28 വര്‍ഷത്തിനുശേഷം എം എസ് ധോണിയുടെ നേതൃത്വത്തില്‍ 2014ലാണ് ഇന്ത്യ ലോര്‍ഡ്സില്‍ വിജയം നേടി. ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ 37മത്തെ ജയമാണ് കോഹ്ലി രണ്ടാം ടെസ്റ്റിലെ വിജയത്തോടെ സ്വന്തമാക്കിയത്. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡിനെ മറികടന്ന് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ സ്വന്തമാക്കിയ നായകന്‍മാരുടെ നിരയില്‍ കോഹ്ലി നാലാം സ്ഥാനത്തേക്ക് കയറി.