Skip to content

ഐസിസി ടി20 ലോകകപ്പ്, ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെ, ഷെഡ്യൂൾ പുറത്തുവിട്ട് ഐസിസി

ഐസിസി ടി20 ലോകകപ്പിനുള്ള ഷെഡ്യൂൾ പുറത്തുവിട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഒക്ടോബർ 17 ന് ആതിഥേയരായ ഒമാനും പാപുവ ന്യൂ ഗിനിയയും തമ്മിലുള്ള മത്സരത്തോടെയാണ് ടൂർണമെന്റിലെ ഒന്നാം റൌണ്ട് ആരംഭിക്കുന്നത്. ഈ ടീമുകൾക്കൊപ്പം ശ്രീലങ്ക, ബംഗ്ലാദേശ്, അയർലൻഡ്, നെതർലൻഡ്‌സ്, നമീബിയ, സ്കോട്ലൻഡ്‌സ് എന്നീ ടീമുകളും റൌണ്ട് ഒന്നിൽ മാറ്റുരയ്ക്കും. ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന ടീമുകളായിരിക്കും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുക.

( Picture Source : Twitter )

ഒക്ടോബർ 23 ന് അബുദാബിയിൽ ഒന്നാം ഗ്രൂപ്പിൽ ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂർണമെന്റിലെ സൂപ്പർ 12 പോരാട്ടങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് അതേ ദിവസം ഇംഗ്ലണ്ടും വെസ്റ്റിൻഡീസും ദുബായിൽ ഏറ്റുമുട്ടും. ഈ ടീമുകളെ കൂടാതെ ഒന്നാം റൗണ്ടിലെ എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരും ഒന്നാം ഗ്രൂപ്പിൽ കളിക്കും.

( Picture Source : Twitter )

ചിരവൈരികളായ പാകിസ്ഥാനുമായാണ് ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബർ 24 ന് ലോക്കൽ സമയം 6 മണിയ്ക്ക് ദുബായിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ആരംഭിക്കുന്നത്.

ഇന്ത്യയും പാകിസ്ഥാനും കൂടാതെ അഫ്‌ഗാനിസ്ഥാനും ന്യൂസിലാൻഡുമാണ് രണ്ടാം ഗ്രൂപ്പിലുള്ളത്. കൂടാതെ ഒന്നാം റൗണ്ടിൽ നിന്നും യോഗ്യത നേടുന്ന ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ്‌ എ യിലെ രണ്ടാം സ്ഥാനക്കാരും രണ്ടാം ഗ്രൂപ്പിൽ കളിക്കും.

( Picture Source : Twitter )

നവംബർ 10 ന് അബുദാബിയിലാണ് ആദ്യ സെമിഫൈനൽ നടക്കുക. തൊട്ടടുത്ത ദിവസം ദുബായിലാണ് രണ്ടാം സെമിഫൈനൽ. നവംബർ 14 ന് ദുബായിലാണ് ടൂർണമെന്റിലെ അന്തിമപോരാട്ടം നടക്കുന്നത്.

( Picture Source : Twitter )