Skip to content

ലോർഡ്സിൽ ഇന്ത്യൻ വിജയഗാഥ, ഇംഗ്ലണ്ടിനെ 151 റൺസിന് തകർത്ത് കോഹ്ലിയും കൂട്ടരും

ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 151 റൺസിന്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്സിൽ 272 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയരായ ഇംഗ്ലണ്ടിന് 120 റൺസ് എടുക്കുന്നതിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

( Picture Source : Twitter / BCCI  )

33 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടും 25 റൺസ് നേടിയ ജോസ് ബട്ട്ലറും മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ അല്പമെങ്കിലും പിടിച്ചുനിൽക്കാൻ സാധിച്ചത്. നാല് ബാറ്റ്‌സ്മാന്മാർ റണ്ണൊന്നും നേടാതെ പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് സിറാജ് 32 റൺസ് വഴങ്ങി നാല് വിക്കറ്റും ജസ്പ്രീത് ബുംറ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഇഷാന്ത് ശർമ്മ രണ്ട് വിക്കറ്റും മൊഹമ്മദ് ഷാമി ഒരു വിക്കറ്റും നേടി.

( Picture Source : Twitter / BCCI  )

രണ്ടാം ഇന്നിങ്സിൽ 298 റൺസ് നേടിയ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തിരുന്നു. മൊഹമ്മദ് ഷാമിയുടെയും ജസ്‌പ്രീത് ബുംറയുടെയും തകർപ്പൻ കൂട്ടുകെട്ടാണ് ഒരു ഘട്ടത്തിൽ 209/8 എന്ന നിലയിൽ തകർന്ന ഇന്ത്യയെ മത്സരത്തിൽ തിരികെയെത്തിയത്. ഒമ്പതാം വിക്കറ്റിൽ 89 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. മൊഹമ്മദ് ഷാമി 70 പന്തിൽ 56 റൺസും ജസ്പ്രീത് 64 പന്തിൽ 34 റൺസും നേടി പുറത്താകാതെ നിന്നു.146 പന്തിൽ 61 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയായിരുന്നു രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ്പ് സ്‌കോറർ. ചേതേശ്വർ പുജാര 45 റൺസ് നേടി പുറത്തായി.

( Picture Source : Twitter / BCCI  )

നേരത്തെ ആദ്യ ഇന്നിങ്സിൽ 391 റൺസ് നേടിയ ഇംഗ്ലണ്ട് 27 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. 321 പന്തിൽ പുറത്താകാതെ 180 റൺസ് ക്യാപ്റ്റൻ ജോ റൂട്ടും 57 റൺസ് നേടിയ ബെയർസ്റ്റോയുമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് സിറാജ് നാല് വിക്കറ്റും ഇഷാന്ത് ശർമ്മ മൂന്ന് വിക്കറ്റും നേടിയിരുന്നു.

( Picture Source : Twitter / BCCI  )

മത്സരത്തിൽ ടോസ് നഷ്ടപെട്ട് ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യ 250 പന്തിൽ 129 റൺസ് നേടിയ കെ എൽ രാഹുൽ 145 പന്തിൽ 83 റൺസ് നേടിയ രോഹിത് ശർമ്മ എന്നിവരുടെ മികവിലാണ് 364 റൺസ് നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ആൻഡേഴ്സൻ 5 വിക്കറ്റ് നേടിയിരുന്നു. വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലെത്തി. ഓഗസ്റ്റ് 25 ന് ലീഡ്സിലാണ് പരമ്പരയിലെ രണ്ടാം മത്സരം.

( Picture Source : Twitter / BCCI  )