Skip to content

പതുക്കെ പന്തെറിയാനായി ഞാൻ ആരോടും പരാതി പറഞ്ഞിട്ടില്ല :  ബാറ്റിങ്ങിനിടെ ബട്ട്ലറുമായി ഏറ്റുമുട്ടി ബുംറ

ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ താരങ്ങൾ തമ്മിലുള്ള വാക്ക്പോരുകൾ മുറുകുന്നു. മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് ബാറ്റിങ്ങിനിടെ ഇന്ത്യൻ പേസ് ബൗളർ ജസ്പ്രിത് ബുംറയും ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലറുമാണ് ഏറ്റുമുട്ടിയത്. മത്സരത്തിന്റെ മൂന്നാം ദിനം ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സിൽ ബാറ്റ്  ചെയ്യുകയായിരുന്ന ആൻഡേഴ്‌സനെതിരെ ബുംറ ബൗൻസർ ആക്രമണം പുറത്തെടുത്തതാണ് ഇതിന്റെയൊക്കെ തുടക്കം.

അതിന് പിന്നാലെ ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ ആൻഡേഴ്സനും ബുംറയും തർക്കിച്ചിരുന്നു. അഞ്ചാം ദിനം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാൻ എത്തിയ ബുംറയ്ക്കെതിരെ ഇംഗ്ലണ്ട് ബൗളർമാർ ബൗണ്സറിൽ തന്നെ ആ കണക്ക് തീർക്കുകയായിരുന്നു. മാർക് വുഡിന്റെ ഒരു ഡെലിവറി  ബുംറയുടെ ഹെൽമെറ്റിലും പതിച്ചിട്ടുണ്ട്.

ഓവർ കഴിഞ്ഞ് മടങ്ങുന്നതിനിടെ അമ്പയറുമായി എന്തോ കാര്യത്തിൽ ബുംറ പരാതി പറയുന്നുണ്ടായിരുന്നു. ഇവരുടെ ഇടയിലേക്ക് ബട്ട്ലർ വരികയും ഇതിൽ ഇടപെടുകയും ചെയ്തു. ഏറെ നേരം തർക്കിക്കുന്നതിനിടയിൽ താൻ പതുക്കെ പന്തെറിയാനായി ആരോടും പരാതി പറഞ്ഞിട്ടില്ലെന്നും ബുംറ ബട്ട്ലറിനോട് പറയുന്നുണ്ട്. കൃത്യസമയത്ത് അമ്പയർ ഇടപ്പെട്ട് രംഗം ശാന്തമാക്കി. എന്നാലും ഈ സംഭവത്തിന് ശേഷവും  വീണ്ടും ഇവർ ഏറ്റുമുട്ടിയിരുന്നു. ഈ രംഗങ്ങൾ കണ്ട് ബാൽക്കണിയിൽ ഉണ്ടായിരുന്ന ക്യാപ്റ്റൻ കോഹ്ലിയും രോഷാകുലനായിട്ടുണ്ട്

നാലാം ദിനം വെളിച്ചക്കുറവ് മൂലം കളി നിർത്തുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 181 റൺസ് നേടിയിട്ടുണ്ട്‌. 154 റൺസിന്റെ ലീഡ് ഇന്ത്യയ്ക്കുണ്ട്. 14 റൺസ് നേടിയ വിക്കറ്റ് കീപ്പർ റിഷഭ് പന്തും 4 റൺ നേടിയ ഇഷാന്ത് ശർമ്മയുമാണ് ക്രീസിലുണ്ടായിരുന്നത്. രണ്ടാം ഇന്നിങ്സിൽ ഒരു ഘട്ടത്തിൽ 55 റൺസിന് 3 വിക്കറ്റ് നഷ്ടപെട്ട ഇന്ത്യയെ നാലാം വിക്കറ്റിൽ 100 റൺസ് കൂട്ടിച്ചേർത്ത ചേതേശ്വർ പുജാരയും അജിങ്ക്യ രഹാനെയുമാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്.

https://twitter.com/tyrion_jon/status/1427226814695440384?s=20

ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ഇന്ത്യ 8 വിക്കറ്റ് നഷ്ട്ടത്തിൽ 267 നേടിയിട്ടുണ്ട്. ബുംറയുടെയും ഷമിയുടെയും കൂട്ടുകെട്ടാണ് മികച്ച റൺസ് സമ്മാനിച്ചത്. ബുംറ 25 റൺസും ഷമി 40 റൺസും നേടി ബാറ്റിംഗ് തുടരുകയാണ്. 60 റൺസ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്.