Skip to content

ചുണ്ടിൽ വിരൽ വെച്ചുകൊണ്ടുള്ള ആഘോഷത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി സിറാജ്

ആദ്യ ഇന്നിങ്സിൽ മികച്ച സ്‌കോർ നേടിയ ഇന്ത്യ ഇംഗ്ലണ്ടിന് മേൽ ആധിപത്യം നേടുമെന്ന് കരുതിയയിടത്ത് രക്ഷകനായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഒരുവശത്ത് അവസാനം വരെ പുറത്താകാതെ റൂട്ട് പിടിച്ചു നിന്നും 22–ാം ടെസ്റ്റ് സെഞ്ചുറിയുമായി ക്രീസിലുറച്ചു നിന്ന നായകന്റെ ബാറ്റിങ് കരുത്തിൽ (180*)  രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 27 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്.

ഇന്ത്യയുടെ 364 റൺസ് പിന്തുടർന്ന ആതിഥേയർ മൂന്നാം ദിനം 391 റൺസിനു പുറത്തായി. 4ന് 283 എന്ന നിലയിൽ വൻ സ്കോറിലേക്കു കുതിച്ച ഇംഗ്ലണ്ടിനു കടിഞ്ഞാണിട്ടതു 3 വിക്കറ്റു വീഴ്ത്തിയ ഇഷാന്ത് ശർമയാണ്. മൊയീൻ അലിയെയും സാം കറനെയും തൊട്ടടുത്ത പന്തുകളിലായി പുറത്താക്കിയിരുന്നു.

അതേസമയം ഇന്ത്യൻ ബൗളിങ് നിരയിൽ മികച്ച പ്രകടനമാണ് സിറാജ് കാഴ്ച്ചവെച്ചത്. തുടക്കത്തിൽ വിക്കറ്റ് ലഭിക്കാതെ ഇന്ത്യ വലയുമ്പോൾ സിബ്ലിയെയും ഹമീദിനെയും 2 പന്തിൽ പുറത്താക്കി ബ്രെക്ക് ത്രു സമ്മാനിച്ചിരുന്നു.
പിന്നാലെ മൂന്നാം ദിനം ലഞ്ച് വരെ വിക്കറ്റ് നഷ്ട്ടപ്പെടുത്താതെ റൺസ് ഉയർത്തിയ റൂട്ട് – ബെയ്‌ർസ്റ്റോ  സഖ്യത്തെയും, 121 റൺസ് കൂട്ടുക്കെട്ടിന് പിന്നാലെ തകർത്തിരുന്നു. ബെയ്‌ർസ്റ്റോയെ ഷോട്ട് ബോൾ തന്ത്രത്തിൽ സിറാജ് മടക്കുകയായിരുന്നു.

ലോർഡ്സിൽ അഞ്ച് വിക്കറ്റ് നേടാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും അമ്പയർസ് കോൾ കാരണം സിറാജിന് റൂട്ടിന്റെ വിക്കറ്റ് നഷ്ട്ടമായിരുന്നു. 30 ഓവർ എറിഞ്ഞ സിറാജ് 94 റൺസ് വഴങ്ങി 4 വിക്കറ്റാണ് നേടിയത്. സിറാജ് വിക്കറ്റ് നേടുമ്പോഴെല്ലാം ശ്രദ്ധിക്കപ്പെട്ടത് താരത്തിന്റെ പുതിയ ആഘോഷരീതി കൂടിയായിരുന്നു. ചുണ്ടിൽ വിരല്‍ വെച്ചുകൊണ്ടായിരുന്നു താരം പലപ്പോഴും വിക്കറ്റ് നേട്ടം ആഘോഷിച്ചിരുന്നത്. ഇപ്പോഴിതാ ഇതിനു പിന്നിലെ കാരണവും വെളിപ്പെടുത്തിയിരിക്കുകയാണ്  സിറാജ്.

ഈ ആഘോഷം തന്റെ വിമര്‍ശകര്‍ക്കുള്ള മറുപടിയാണെന്നാണ് താരം പറയുന്നത്. മത്സരശേഷം നടന്ന പത്രസമ്മേളനത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ” ഈ ആഘോഷം എന്റെ വിമര്‍ശകര്‍ക്കുള്ളതാണ്. എന്തെന്നാല്‍ അവര്‍ എന്നെക്കുറിച്ച് കുറേ പറയുന്നുണ്ട്. എനിക്ക് ഇത് ചെയ്യാന്‍ കഴിയില്ല, അത് കഴിയില്ല എന്നൊക്കെ. അവര്‍ക്ക് വേണ്ടി ഞാന്‍ എന്റെ പന്തു കൊണ്ട് സംസാരിക്കുന്നു. അതുകൊണ്ട് ഇതാണ് എന്റെ പുതിയ ആഘോഷരീതി.” – സിറാജ് പറഞ്ഞു.