Skip to content

തകർപ്പൻ നേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് കാഴ്ച്ചവെച്ചത്. തുടർച്ചയായ തന്റെ രണ്ടാം സെഞ്ചുറി നേടിയ റൂട്ടിന്റെ മികവിലാണ് ഇംഗ്ലണ്ട് ഒന്നാമിന്നിങ്സിൽ മികച്ച സ്കോർ നേടുകയും 27 റൺസിന്റെ ലീഡ് സ്വന്തമാക്കുകയും ചെയ്തത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കറെയും റിക്കി പോ പിന്നിലാക്കി.

( Picture Source : Twitter / England Cricket )

ആദ്യ ഇന്നിങ്സിൽ 321 പന്തിൽ 180 റൺസ് നേടി പുറത്താകാതെ നിന്ന ജോ റൂട്ടിന്റെ മികവിൽ ഇംഗ്ലണ്ട് 391 റൺസ് നേടിയിരുന്നു. ടെസ്റ്റ് കരിയറിലെ തന്റെ 22 ആം സെഞ്ചുറിയാണ് ജോ റൂട്ട് കുറിച്ചത്. നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്സിലും റൂട്ട് സെഞ്ചുറി നേടിയിരുന്നു. ഇതാദ്യമായാണ് ടെസ്റ്റിൽ തുടർച്ചയായി രണ്ട് ഇന്നിങ്സുകളിൽ റൂട്ട് സെഞ്ചുറി നേടുന്നത്.

( Picture Source : Twitter / England Cricket )

മത്സരത്തിലെ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 9,000 റൺസും ജോ റൂട്ട് പൂർത്തിയാക്കി. ടെസ്റ്റിൽ 9000 റൺസ് നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ബാറ്റ്‌സ്മാനാണ് ജോ റൂട്ട്. കൂടാതെ ടെസ്റ്റിൽ 9000 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന നേട്ടവും ജോ റൂട്ട് സ്വന്തമാക്കി. ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറെയും റിക്കി പോണ്ടിങിനെയുമാണ് ഈ നേട്ടത്തിൽ ജോ റൂട്ട് പിന്നിലാക്കിയത്. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലസ്റ്റയർ കുക്കാണ് ഈ നേട്ടത്തിൽ തലപ്പത്തുള്ളത്.

ടെസ്റ്റിൽ 9000 റൺസ് നേടുമ്പോൾ 30 വർഷവും 159 ഡേയ്സുമായിരുന്നു അലസ്റ്റയർ കുക്കിന്റെ പ്രായം. 30 വർഷവും 253 ഡേയ്സുമായിരുന്നു ഈ നാഴികക്കല്ല് പിന്നിടുമ്പോൾ സച്ചിൻ ടെണ്ടുൽക്കറുടെ പ്രായം. റിക്കി പോണ്ടിങാകട്ടെ 31 ആം വയസ്സിലാണ് ടെസ്റ്റിൽ 9000 റൺസ് നേടിയത്.

ഈ വർഷത്തിൽ റൂട്ട് നേടുന്ന അഞ്ചാമത്തെ സെഞ്ചുറിയാണിത്. ഈ വർഷം ടെസ്റ്റിൽ 10 മത്സരങ്ങളിൽ നിന്നും 69.11 ശരാശരിയിൽ 1244 റൺസ് റൂട്ട് നേടിയിട്ടുണ്ട്‌. 9 മത്സരങ്ങളിൽ 669 റൺസ് നേടിയ രോഹിത് ശർമ്മയാണ് ടെസ്റ്റിൽ ഈ വർഷം ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ റൂട്ടിന് പുറകിലുള്ളത്.

( Picture Source : Twitter / England Cricket )