Skip to content

ക്രീസിൽ നിലയുറപ്പിച്ച കോഹ്ലിയെ പുറത്താക്കാൻ സഹായിച്ചത് ആ തന്ത്രം ; വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് താരം ഒല്ലി റോബിൻസൺ

ലോഡ്‌സിൽ നടന്നുകൊണ്ടിരിക്കുന്ന   ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന്റെ ആവേശകരമായ രണ്ടാം ദിനം അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ട്ടത്തിൽ 119 റൺസ് എന്ന ഭേദപ്പെട്ട നിലയിലാണ്. ഓപ്പണർ റോറി ബേൺസിന്റെയും ക്യാപ്റ്റൻ ജോ റൂട്ടിന്റെയും പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച നിലയിലേക്ക് നയിച്ചത്. 48 റൺസുമായി ജോ റൂട്ടും ആറു റൺസുമായു ജോണി ബെയർസ്റ്റോയുമാണ് ക്രീസിൽ.

ബേൺസ് 49 റൺസെടുത്ത് ഷമിയുടെ പന്തിൽ എൽബിഡബ്ല്യൂവിലൂടെ പുറത്തായി. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 364 റൺസിന് പുറത്തായിരുന്നു. ഏഴു വിക്കറ്റ് കയ്യിലിരിക്കെ ഇംഗ്ലണ്ടിന് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിന് ഒപ്പമെത്താൻ 245 കൂടി നേടണം. ഓപ്പണർ ഡൊമിനിക് സിബ്‌ലി (44 പന്തിൽ 11), ഹസീബ് ഹമീദ് (0) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ പുറത്തായ മറ്റുള്ളവർ.

മുഹമ്മദ് സിറാജ് തുടർച്ചയായ പന്തുകളിലാണ് ഇരുവരെയും പുറത്താക്കിയത്. 136 പന്തുകൾ നേരിട്ട ബേൺസ് ഏഴു ഫോറുകൾ സഹിതമാണ് 49 റൺസെടുത്തത്. സിബ്‌ലി 44 പന്തിൽ ഒരു ഫോർ സഹിതമാണ് 11 റൺസെടുത്തത്. ജാക് ക്രൗളിക്കു പകരം ടീമിലെത്തിയ ഹസീബ് ഹമീദ് ഗോൾ‍ഡൻ ഡക്കായി. ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യൻ നിരയിൽ തിളങ്ങിയത് ഓപ്പണർമാരായ കെഎൽ രാഹുലും (129) രോഹിത് ശർമയുമാണ് (83).

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി 42 റൺസ് നേടിയാണ് മടങ്ങിയത്. യുവതാരം ഒല്ലി റോബിൻസനായിരുന്നു വിക്കറ്റ്.   ക്രീസിൽ നിലയുറപ്പിച്ച കോഹ്ലിയെ പുറത്താക്കിയതിന് പിന്നിലെ തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് റോബിൻസൺ. “എന്റെ കരിയറിൽ ഇതുവരെയുള്ളതില്‍ വെച്ച്‌ എന്റെ ഏറ്റവും വിലപ്പെട്ട വിക്കറ്റ് കോഹ്ലിയുടേതാണ്. അത് എന്നെ സന്തോഷിപ്പിക്കുന്നു. അതൊരു വലിയ നിമിഷമാണ്. നാല്, അഞ്ച് സ്റ്റമ്പ് ലൈനില്‍ എറിയുക എന്ന തന്ത്രമാണ് കോഹ് ലിക്കെതിരെ പുറത്തെടുത്തത്. ഭാഗ്യം കൊണ്ട് ആ പ്ലാന്‍ ഫലം കണ്ടു. ” – റോബിന്‍സണ്‍ പറഞ്ഞു.

” ഇന്ത്യൻ ഇന്നിങ്സിനിടെ വിക്കറ്റ് നേടാൻ 10-15 അവസരങ്ങള്‍ ഉണ്ടായിരുന്നു. മറ്റൊരു ദിവസമായിരുന്നു എങ്കില്‍ നേരത്തെ തന്നെ രണ്ട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചാനെ. ഇവിടുത്തെ സാഹചര്യം നോക്കിയപ്പോള്‍ തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്താമെന്നാണ് കരുതിയിരുന്നത്. ഞങ്ങള്‍ നന്നായി പന്തെറിഞ്ഞു എന്നാണ് എനിക്ക് തോന്നിയത്. അവര്‍ നന്നായി കളിച്ചു. പിച്ചിന് കുറച്ചു കൂടി വേഗം ഞങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഇവിടെ വേഗം കുറവാണ്. സ്വിങ്ങില്‍ സ്ഥിരത ലഭിച്ചിരുന്നില്ലെന്നും റോബിന്‍സണ്‍ പറയുന്നു. ” റോബിൻസൺ കൂട്ടിച്ചേർത്തു.