Skip to content

‘ ആർച്ചർ ആദ്യ ബോൾ ബൗണ്സർ എറിഞ്ഞാൽ ബൗണ്ടറി കടത്തിയേക്ക്! ‘ ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റത്തിലെ കോഹ്ലിയുമായുള്ള അനുഭവം പങ്കുവെച്ച് ഇഷാൻ കിഷൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്ന ഇന്ത്യയുടെ യുവതാരം ഇഷാൻ കിഷൻ ഈ വർഷമാണ് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലായിരുന്നു. അരങ്ങേറ്റത്തിൽ തന്നെ അർദ്ധ സെഞ്ചുറി നേടി വരവറിയിച്ചിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ അരങ്ങേറ്റ മത്സരത്തിലെ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് കിഷൻ.

അരങ്ങേറ്റ മത്സരത്തിൽ 28 പന്തിൽ അർധ സെഞ്ചുറി പൂർത്തിയാക്കിയ കിഷൻ ആർച്ചറിനെതിരെ നേരിട്ട ആദ്യ പന്തിൽ ബൗണ്ടറി നേടി കൊണ്ടായിരുന്നു തുടങ്ങിയത്. കിഷനോടോപ്പം മറുവശത്ത് ക്രീസിൽ ഉണ്ടായിരുന്നത് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയായിരുന്നു. ടോം കറന്റെ ആദ്യ കുറച്ചു ഡെലിവറി ശ്രദ്ധയോടെ കളിക്കണമെന്ന കോഹ്‌ലിയുടെ ഉപദേശം വകവെയ്ക്കാതെ ആദ്യ പന്തിൽ തന്നെ സിക്സ് അടിച്ച സംഭവവും ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തിൽ കിഷൻ വെളിപ്പെടുത്തി.

” ടോം കറൻ ബൗൾ ചെയ്യാൻ വന്നപ്പോൾ അദ്ദേഹം (കോഹ്ലി) എന്നോട് പറഞ്ഞു, ഒരു പുതിയ ബൗളർ ബൗൾ ചെയ്യാൻ വന്നിരിക്കുന്നു,  കുറച്ച് ഡെലിവറികൾ ശ്രദ്ധിച്ച് കളിക്കണം. എന്നാൽ ഞാൻ ആദ്യ പന്ത് തന്നെ  സിക്സർ പറത്തി.  അദ്ദേഹം പറഞ്ഞതിന് വിപരീതമായി ഞാൻ കളിച്ചു, പിന്നാലെ കോഹ്ലി പിച്ചിന്റെ മധ്യത്തിൽ വന്ന് ചെറുചിരിയോടെ പറഞ്ഞു, ‘നീ നിന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കുക, നീ വേണ്ടത് ചെയ്തോളൂ, ഞാൻ  ഒന്നും പറയുന്നില്ല’ ” – കിഷൻ പറഞ്ഞു.

ജോഫ്ര ആർച്ചറിന്റെ വേഗതയേറിയ   ആദ്യ പന്തിൽ തന്നെ ഫോർ ഓടിച്ചതിന് പിന്നിലെ കഥയും കിഷൻ വെളിപ്പെടുത്തി. തന്റെ മേലുള്ള പ്രതീക്ഷകളെക്കുറിച്ച് ആദ്യം താൻ അസ്വസ്ഥനായിരുന്നുവെന്ന് കിഷൻ പറഞ്ഞു, എന്നാൽ വിരാട് കോഹ്ലി അവനെ ശാന്തനാക്കുകയും  ആത്മവിശ്വാസം നൽകുകയും ചെയ്തുവെന്ന് യുവതാരം കൂട്ടിച്ചേർത്തു.

” ഞാൻ ക്രീസിലേക്ക് പോകുമ്പോൾ അന്നേരം തീർച്ചയായും അസ്വസ്ഥതനായിരുന്നു. എന്റെ കുടുംബം വീട്ടിൽ  കളി കാണുന്നതിലും ആരാധകർ എന്നിൽ ധോണി ഭായിയെ കാണുന്നതിലും ഞാൻ അൽപ്പം അസ്വസ്ഥനായിരുന്നു.  ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു.  പക്ഷേ, ഞാൻ എന്റെ ആദ്യ പന്ത് നേരിടാൻ പോകുന്നതിനിടെ കോഹ്ലി അടുത്ത് വന്ന് പറഞ്ഞു, ‘ആദ്യ പന്തിൽ ആർച്ചർ ഒരു ബൗൺസർ എറിയുകയാണെങ്കിൽ, അവനെ ബൗണ്ടറിക്ക് അടിക്കുക!’.  യഥാർത്ഥത്തിൽ, എനിക്ക് ഉണ്ടായിരുന്ന പരിഭ്രാന്തി മാനസികാവസ്ഥ അതോടെ മാറി, കാരണം ഒരു സർവൈവൽ മോഡിൽ നിന്ന് ഞാൻ ഒരു ബൗൺസർ ബൗണ്ടറിയിലേക്ക് അടിക്കുന്നതിനെക്കുറിച്ചുള്ള ചിന്തയിലേക്ക് മാറി ” കിഷൻ വെളിപ്പെടുത്തി