Skip to content

പാതിമനസ്സിൽ റിവ്യൂ നൽകാനൊരുങ്ങി കോഹ്ലി, പിറകിൽ നിന്ന് തടഞ്ഞ് റിഷഭ് പന്ത് ; ആരാധകർക്ക് രസക്കാഴ്ച സമ്മാനിച്ച് റൂട്ടിനെതിരെയുള്ള റിവ്യൂ

ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 364 റണ്‍സിന് പുറത്ത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന ശക്തമായ നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ അവസാന ഏഴ് വിക്കറ്റില്‍ 88 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് പുറത്തായി. 62 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ജെയിംസ് ആന്‍ഡേഴ്സണാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. 40 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും 37 റണ്‍സെടുത്ത റിഷഭ് പന്തുമാണ് രണ്ടാം ദിനം ഇന്ത്യയെ 350 കടക്കാന്‍ സഹായിച്ചത്.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 364 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ട് 44 ഓവർ പിന്നിട്ടപ്പോൾ 3ന് 118 എന്ന നിലയിലാണ്. 47 റൺസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ റൂട്ടും 6 റൺസ് നേടിയ ബെയ്ർസ്റ്റോയുമാണ് ക്രീസിൽ. സിബ്ലി(11), ഹമീദ്(0), ബേർണ്സ്(49) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ട്ടമായത്.

റിവ്യൂ എടുക്കുന്ന കാര്യത്തിൽ മോശം റെക്കോർഡുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി രണ്ടാം ദിനവും അക്കാര്യത്തിൽ വിമർശനം ഏറ്റുവാങ്ങിയിരിക്കുകയാണ്. ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ തന്നെ 2 ഡിആർഎസും കോഹ്ലി പാഴാക്കി.  രണ്ടാമത്തെ ഡിആർഎസിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് തടയാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് ഫലം കണ്ടില്ല. മുഹമ്മദ് സിറാജ് എറിഞ്ഞ 23-ാം ഓവറിലായിരുന്നു സംഭവം. ഈ ഓവറിലെ നാലാം പന്ത് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ പാഡില്‍ തട്ടി.

എല്‍ബിഡബ്‌ള്യുവിനായി സിറാജ് അടക്കമുള്ള താരങ്ങള്‍ അപ്പീല്‍ ചെയ്തു. അമ്പയർ ഔട്ട് വിധിച്ചില്ല. വിക്കറ്റാണെന്ന സംശയം സിറാജിനും കോഹ്ലിക്കും ഉണ്ടായിരുന്നു. എന്നാല്‍, ഡിആര്‍എസ് എടുക്കേണ്ട എന്നും വിക്കറ്റാകാന്‍ സാധ്യതയില്ലെന്നും റിഷഭ് പന്ത് ഉറപ്പിച്ചു പറഞ്ഞു. കോഹ്ലി അഭിപ്രായം ചോദിച്ചപ്പോഴും റിവ്യു നഷ്ടപ്പെടുത്തരുത് എന്നാണ് പന്ത് പറഞ്ഞത്. 21-ാം ഓവറിൽ റിവ്യൂ നഷ്ട്ടപ്പെട്ടതിന്റെ ഓർമയിൽ റിവ്യൂ നൽകണോയെന്ന സംശയത്തിലായിരുന്നു കോഹ്ലി.

https://twitter.com/SonyLIV/status/1426211270965923846?s=19

ഇതിനിടയില്‍ പന്തിന്റെ അഭിപ്രായം കണക്കിലെടുക്കാതെ കോഹ്ലി പാതിമനസ്സിൽ ഡിആര്‍എസ് എടുക്കാന്‍ ശ്രമിച്ചു. അപ്പോഴെല്ലാം കോഹ്ലിയുടെ കൈയില്‍ തട്ടി ഡിആര്‍എസ് എടുക്കരുത് എന്ന് ആവര്‍ത്തിക്കുകയായിരുന്നു പന്ത്.  ബോൾ വിക്കറ്റിനു പുറത്താണെന്ന് ബോൾ ട്രാക്കിങ്ങിൽ വ്യക്തമായതോടെ ഇന്ത്യയ്ക്ക് രണ്ടാം ഡിആർഎസും നഷ്ട്ടമാവുകയായിരുന്നു.