Skip to content

ഉന്മുക്ത് ചന്ദ് ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചു, ഇനി അമേരിക്കയ്ക്ക് വേണ്ടി കളിച്ചേക്കും

തന്റെ 28 ആം വയസ്സിൽ ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഇന്ത്യൻ ബാറ്റ്‌സ്മാൻ ഉന്മുക്ത് ചന്ദ്. 2012 ൽ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്ന ഉന്മുക്ത് ചന്ദ് ഇന്ത്യൻ എ ടീമിന്റെയും ക്യാപ്റ്റനായിരുന്നു. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ചന്ദ് ഇന്ത്യൻ ക്രിക്കറ്റിനോട് വിടപറയാനുള്ള തീരുമാനം പങ്കുവെച്ചത്.

( Picture Source : Twitter )

” ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെന്ന ഒരേയൊരു ആഗ്രഹത്തോടെയാണ് ഞാൻ ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. അതിൽ ചില നാഴികക്കല്ലുകൾ പിന്നിടാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. എനിക്ക് അവസരങ്ങളും പിന്തുണയും തന്ന ബിസിസിഐയോടും കരിയറിന്റെ തുടക്കത്തിൽ സഹായിച്ച DDCA യോടും നന്ദിയുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാര്യങ്ങൾ അത്ര സുഗമമല്ല, എനിക്ക് അവസരങ്ങൾ നിഷേധിക്കപെട്ടു. കാര്യങ്ങൾ ഇങ്ങനെയായതിൽ ഞാൻ തൃപ്തനല്ല, അതുകൊണ്ട് നല്ല ഓർമ്മകളുമായി ബിസിസിഐയോട് വിടപറഞ്ഞ് മറ്റു അവസരങ്ങൾ തേടാൻ ഞാൻ ആഗ്രഹിക്കുന്നു. ക്രിക്കറ്റ് ഒരു യൂണിവേഴ്‌സൽ ഗെയിമാണ്, മാർഗങ്ങൾ മാറിയേക്കാമെങ്കിലും അന്തിമ ലക്ഷ്യം ഇപ്പോഴും ഒന്നുതന്നെയാണ്, ഉയർന്ന തലത്തിൽ ക്രിക്കറ്റ് കളിക്കുക. ” ചന്ദ് ട്വിറ്ററിൽ കുറിച്ചു.

( Picture Source : Twitter )

ഇന്ത്യൻ ക്രിക്കറ്റിൽ വിരമിച്ച താരം അമേരിക്കയിൽ സെറ്റിലായി അമേരിക്കയ്ക്ക് വേണ്ടി കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ അമേരിക്കയ്ക്ക് വേണ്ടി കളിക്കുമെന്ന അഭ്യൂഹങ്ങൾ ചന്ദ് നിഷേധിച്ചിരുന്നു. അണ്ടർ 19 ലോകകപ്പ് ഫൈനലിൽ 111 റൺസ് നേടി പുറത്താകാതെ നിന്ന ചന്ദിന്റെ മികവിലാണ് ഇന്ത്യ ലോകകപ്പ് കിരീടം നേടിയത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെന്നും അടുത്ത വിരാട് കോഹ്ലിയെന്നും പലരും വിധിയെഴുതിയപ്പോൾ തന്റെ മികവിനൊത്തുയരാൻ ചന്ദിന് സാധിച്ചില്ല.

( Picture Source : Twitter )

67 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും 31.57 ശരാശരിയിൽ 3379 റൺസും 120 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്നും 41.33 ശരാശരിയിൽ 4505 റൺസും ഉന്മുക്ത് ചന്ദ് നേടിയിരുന്നു. ടി20 ക്രിക്കറ്റിൽ 77 മത്സരങ്ങളിൽ നിന്നും 1565 റൺസും ചന്ദ് നേടിയിട്ടുണ്ട്‌.

( Picture Source : Twitter )

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ഡെയർ ഡെവിൾസ് ( ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ് ), മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിരുന്നുവെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചില്ല. ഇന്ത്യൻ എ ടീമിന്റെ ക്യാപ്റ്റനായിരുന്ന ചന്ദ് 2013 ൽ ന്യൂസിലാൻഡിലും 2015 ൽ ബംഗ്ലാദേശിലും ടീമിനെ വിജയത്തിലെത്തിച്ചിരുന്നു.

( Picture Source : Twitter )