Skip to content

1952ന് ശേഷം ഇതാദ്യം ;  ഓപ്പണിങ്ങിൽ രോഹിത് – രാഹുൽ സഖ്യം നേടിയത് അപൂർവ്വ നേട്ടം

ഓപ്പണർമാരായ കെഎൽ രാഹുലിന്റെയും രോഹിത് ശർമ്മയുടെയും ബാറ്റിങ് കരുത്തിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് എന്ന നിലയിലാണ്. രാഹുൽ 127 റൺസോടെയും വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ ഒരു റണ്ണോടെയും ക്രീസിൽ.

ഓപ്പണർ രോഹിത് ശർമ (145 പന്തിൽ 83), ചേതേശ്വർ പൂജാര (23 പന്തിൽ ഒൻപത്), ക്യാപ്റ്റൻ വിരാട് കോലി (103 പന്തിൽ 42) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. രോഹിത് ശർമ, ചേതേശ്വർ പൂജാര എന്നിവരെ ജയിംസ് ആൻഡേഴ്സനാണ് പുറത്താക്കിയത്. ഒലി റോബിൻസനാണ് വിരാട് കോലിയുടെ വിക്കറ്റ്.

ഓപ്പണർമാരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറ പാകിയത്. രോഹിതും രാഹുലും ചേർന്ന് ആദ്യ വിക്കറ്റിൽ 126 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. തുടക്കത്തിൽ ഒരു വശത്ത് രോഹിത് വേഗത്തിൽ റൺസ് ഉയർത്തിയപ്പോൾ മറുവശത്ത് രാഹുൽ വിക്കറ്റ് കളയാതെ പ്രതിരോധിച്ചു കളിക്കുകയായിരുന്നു.

ഓപ്പണിങ്ങിൽ തന്നെ 100 റൺസ് പാർട്ണർഷിപ്പ് ഉണ്ടാക്കിയ രോഹിത് – രാഹുൽ സഖ്യം അപൂർവ്വ നേട്ടമാണ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം സ്വന്തമാക്കിയത്.  1952ന് ശേഷം ലോഡ്‌സ് സ്റ്റേഡിയത്തിൽ ഇന്ത്യക്കായി 100 റൺസ് ഓപ്പണിംഗ് കൂട്ടുകെട്ട് ഉയർത്തുന്ന ആദ്യ സഖ്യമെന്ന നേട്ടമാണ് ഇരുവരും ചേർന്ന് നേടിയത്.

1952ല്‍ വിനു മങ്കാദും പങ്കജ് റോയിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 106 റണ്‍സടിച്ചതായിരുന്നു ലോര്‍ഡ്സിലെ ഇതിന് മുമ്ബത്തെ ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യത്തിന്‍റെ സെഞ്ചുറി കൂട്ടുകെട്ട്. 2016നുശേഷം ഇംഗ്ലണ്ടില്‍ ഒരു ഓപ്പണിംഗ് സഖ്യം 100 റണ്‍സ് കടക്കുന്നതും ഇതാദ്യമാണ്.  അതേസമയം ലോഡ്സിൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ഓപ്പണർ എന്ന നേട്ടവും രാഹുൽ സ്വന്തമാക്കിയിട്ടുണ്ട്. അവസാനമായി നിലവിലെ ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയാണ് ഇവിടെ സെഞ്ചുറി നേടിയ ഇന്ത്യൻ ഓപ്പണർ.