Skip to content

തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ട്, ഗംഭീറിനും സെവാഗിനും ശേഷം ആ നേട്ടത്തിൽ കെ എൽ രാഹുലും രോഹിത് ശർമ്മയും

തകർപ്പൻ തുടക്കമാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ രോഹിത് ശർമ്മയും കെ എൽ രാഹുലും ഇന്ത്യയ്ക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 126 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഈ പ്രകടനത്തോടെ ഓപ്പണിങ് കൂട്ടുകെട്ടിൽ അപൂർവ്വനേട്ടം ഇരുവരും സ്വന്തമാക്കുകയും ചെയ്തു.

( Picture Source : Twitter / BCCI )

രോഹിത് ശർമ്മ സെഞ്ചുറിയ്ക്ക് 17 റൺസ് അകലെ 83 റൺസ് നേടി പുറത്തായപ്പോൾ കെ എൽ രാഹുൽ ആദ്യ ദിനം അവസാനിക്കുമ്പോൾ 127 റൺസ് നേടി പുറത്താകാതെ ക്രീസിലുണ്ട്. ടെസ്റ്റ് കരിയറിലെ തന്റെ ആറാം സെഞ്ചുറിയാണ് കെ എൽ രാഹുൽ നേടിയത്. ഇംഗ്ലണ്ടിനെതിരായ രാഹുലിന്റെ മൂന്നാം സെഞ്ചുറിയും കൂടിയാണിത്. ലോർഡ്സിൽ സെഞ്ചുറി നേടുന്ന പത്താമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനാണ് കെ എൽ രാഹുൽ. മറുഭാഗത്ത് സെഞ്ചുറി നേടാൻ സാധിച്ചില്ലയെങ്കിലും ഓവർസീസിലെ തന്റെ ഏറ്റവും ഉയർന്ന സ്കോർ നേടിയാണ് രോഹിത് ശർമ്മ പുറത്തായത്‌.

( Picture Source : Twitter / BCCI )

മത്സരത്തിലെ സെഞ്ചുറി കൂട്ടുകേട്ടോടെ ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ഫോർമാറ്റിലും ഓപ്പണിങ് കൂട്ടുകെട്ടിൽ 100 റൺസ് നേടുന്ന രണ്ടാമത്തെ ഓപ്പണിങ് ജോഡികളായി ഇരുവരും മാറി. ഇതിനുമുൻപ് വീരേന്ദർ സെവാഗും ഗൗതം ഗംഭീറുമാണ് ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് കൂട്ടുകെട്ടിൽ 100 റൺസ് കൂട്ടിച്ചേർത്തിട്ടുള്ളത്.

( Picture Source : Twitter / BCCI )

ലോർഡ്സിൽ ഓപ്പണിങ് കൂട്ടുക്കെട്ടിൽ 100 റൺസ് കൂട്ടിച്ചേർക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ഓപ്പണർമാരെന്ന നേട്ടവും കെ എൽ രാഹുലും രോഹിത് ശർമ്മയും സ്വന്തമാക്കി. ഫറൂഖ് എൻജിനീയർ – സുനിൽ ഗാവസ്‌കർ (131), വിനൂ മങ്കാദ് – പങ്കജ് റോയ് (106) എന്നിവരാണ് ഇതിനുമുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

( Picture Source : Twitter / BCCI )

ശുഭ്മാൻ ഗില്ലിന് പരിക്കേറ്റതോടെയാണ് രോഹിത് ശർമ്മയ്ക്കൊപ്പം കെ എൽ രാഹുലിനെ ഇന്ത്യ ഓപ്പൺ ചെയ്യിപ്പിച്ചത്. മൂന്ന് വർഷങ്ങൾക്ക് ഇതാദ്യമായാണ് ഓവർസീസിൽ ഒരു ഇന്ത്യൻ ഓപ്പണർ സെഞ്ചുറി നേടുന്നത്. 2018 ൽ ഓവലിൽ സെഞ്ചുറി കുറിച്ച കെ എൽ രാഹുൽ തന്നെയായിരുന്നു ഇതിനുമുൻപ് ഓവർസീസിൽ സെഞ്ചുറി നേടിയിരുന്ന ഇന്ത്യൻ ഓപ്പണർ. ഏഷ്യയ്ക്ക് പുറത്ത് കെ എൽ രാഹുൽ നേടുന്ന നാലാം സെഞ്ചുറി കൂടിയാണിത്. ഇതിനുമുൻപ് 2015 ൽ ഓസ്‌ട്രേലിയയിലും 2016 ലും വെസ്റ്റിൻഡീസിലും 2018 ൽ ഇംഗ്ലണ്ടിലും താരം സെഞ്ചുറി നേടിയിരുന്നു.

( Picture Source : Twitter / BCCI )