Skip to content

തകർപ്പൻ സെഞ്ചുറിയുമായി കെ എൽ രാഹുൽ, ആദ്യ ദിനത്തിൽ ഇന്ത്യൻ മേധാവിത്വം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. ലോർഡ്സിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിങ്‌സിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 276 റൺസ് നേടിയിട്ടുണ്ട്‌.

( Picture Source : Twitter / BCCI )

248 പന്തിൽ 12 ഫോറും ഒരു സിക്സുമടക്കം 127 റൺസ് നേടിയ കെ എൽ രാഹുലും ഒരു റണ്ണോടെ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. രോഹിത് ശർമ്മ, ചേതേശ്വർ പുജാര, ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റാണ് ആദ്യ ദിനത്തിൽ ഇന്ത്യയ്ക്ക് നഷ്ടമായത്. ടെസ്റ്റ് കരിയറിലെ കെ എൽ രാഹുലിന്റെ ആറാം സെഞ്ചുറിയാണിത്.

( Picture Source : Twitter / BCCI )

മികച്ച തുടക്കമാണ് രോഹിത് ശർമ്മയും കെ എൽ രാഹുലും ഇന്ത്യയ്ക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 126 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. സെഞ്ചുറിയ്ക്ക് 17 റൺസ് അകലെ 83 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. ജെയിംസ് ആൻഡേഴ്സനാണ് രോഹിത് ശർമ്മയുടെ വിക്കറ്റ് നേടിയത്. തുടർന്ന് ക്രീസിലെത്തിയ ചേതേശ്വർ പുജാരയെ 9 റൺസ് നേടാനെ ആൻഡേഴ്സൻ അനുവദിച്ചുള്ളൂ. ജോണി ബെയർസ്റ്റോയുടെ കൈകളിലെത്തിച്ചാണ് പുജാരയെ ആൻഡേഴ്സൻ പുറത്താക്കിയത്.

( Picture Source : Twitter / BCCI )

പുജാരയ്ക്ക് ശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലി മൂന്നാം വിക്കറ്റിൽ കെ എൽ രാഹുലിനൊപ്പം 117 റൺസ് കൂട്ടിച്ചേർത്തു. 103 പന്തിൽ 42 റൺസ് നേടിയ കോഹ്ലിയെ റോബിൻസനാണ് പുറത്താക്കിയത്.

ഇംഗ്ലണ്ടിന് വേണ്ടി ആൻഡേഴ്സൻ 52 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ഒല്ലി റോബിൻസൺ 47 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി. സീനിയർ താരം സ്റ്റുവർട്ട്‌ ബ്രോഡ് ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങിയിരിക്കുന്നത്. മറുഭാഗത്ത് പരിക്ക് മൂലം ഷാർദുൽ താക്കൂറിന് മത്സരത്തിൽ കളിക്കാൻ സാധിച്ചില്ല. ഇഷാന്ത് ശർമ്മയെയാണ് താക്കൂറിന് പകരക്കാരനായി ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പരമ്പരയിലെ ആദ്യ മത്സരം സമനിലയിൽ കലാശിച്ചിരുന്നു.

( Picture Source : Twitter / BCCI )