Skip to content

ആ നാണക്കേടിന്റെ റെക്കോർഡ് ഇനി കോഹ്ലിയ്ക്ക് സ്വന്തം, പിന്നിലാക്കിയത് ധോണിയെ

ലോക ക്രിക്കറ്റിൽ ഒരുപാട് റെക്കോർഡിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പേരിലുണ്ട്. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കിയിരിക്കുകയാണ് കോഹ്ലി. എന്നാൽ ഇക്കുറി നാണക്കേടിന്റെ റെക്കോർഡാണ് കോഹ്ലിയെ തേടിയെത്തിയിരികുന്നത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായതോടെയാണ് ഈ നാണക്കേടിന്റെ റെക്കോർഡ് കോഹ്ലിയുടെ പേരിലായിരിക്കുന്നത്.

( Picture Source : Twitter )

പുജാരയുടെ വിക്കറ്റിന് ശേഷം ക്രീസിലെത്തിയ വിരാട് കോഹ്ലിയെ ആദ്യ പന്തിലാണ് ജെയിംസ് ആൻഡേഴ്സൺ പുറത്താക്കിയത്. ഇത് ഒമ്പതാം തവണയാണ് ഇന്ത്യൻ ക്യാപ്റ്റനായ ശേഷം ടെസ്റ്റിൽ കോഹ്ലി പൂജ്യത്തിന് പുറത്താകുന്നത്. ഇതോടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന മോശം റെക്കോർഡ് കോഹ്ലിയുടെ പേരിലായി.

( Picture Source : Twitter )

8 തവണ ടെസ്റ്റിൽ പൂജ്യത്തിന് പുറത്തായ എം എസ് ധോണിയെയാണ് ഈ പട്ടികയിൽ കോഹ്ലി പുറകിലാക്കിയത്.

( Picture Source : Twitter )

ഇന്ത്യൻ ക്യാപ്റ്റനായ ശേഷം ഇത് മൂന്നാം തവണയാണ് കോഹ്ലി ഗോൾഡൻ ഡക്കാകുന്നത്. ഇതിനുമുൻപ് 2018 ൽ ഇംഗ്ലണ്ടിനെതിരെയും 2019 വെസ്റ്റിൻഡീസിനെതിരെയും കോഹ്ലി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു. ടെസ്റ്റിൽ മൂന്ന് തവണ ഗോൾഡൻ ഡക്കാകുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയാണ് കോഹ്ലി.

2014 ന് ശേഷം ഇതാദ്യമായാണ് ജെയിംസ് ആൻഡേഴ്സണെതിരെ കോഹ്ലി പുറത്താകുന്നത്. 2014 ൽ നാല് തവണ കോഹ്ലിയെ പുറത്താക്കിയ ജെയിംസ് ആൻഡേഴ്സണ് പിന്നീട് നടന്ന ഒരു പരമ്പരയിലും കോഹ്ലിയുടെ വിക്കറ്റ് നേടാൻ സാധിച്ചിരുന്നില്ല. 2018 ൽ നടന്ന പരമ്പരയിൽ ആൻഡേഴ്സനെതിരെ 114 റൺസ് കോഹ്ലി നേടിയിരുന്നു. എന്നാൽ ഇക്കുറി ആദ്യ പന്തിൽ തന്നെ കോഹ്ലിയെ പുറത്താക്കിയിരിക്കുകയാണ് ജെയിംസ് ആൻഡേഴ്സൻ.

( Picture Source : Twitter )

ടെസ്റ്റ് ക്രിക്കറ്റിൽ ഇത് ആറാം തവണയും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത് 9 ആം തവണയുമാണ് കോഹ്ലിയെ ആൻഡേഴ്സൺ പുറത്താക്കുന്നത്. ടെസ്റ്റിൽ കോഹ്ലിയെ ഏറ്റവും കൂടുതൽ തവണ പുറത്താക്കുന്ന രണ്ടാമത്തെ ബൗളറാണ് ജെയിംസ് ആൻഡേഴ്സൻ. ഓസ്ട്രേലിയൻ സ്പിന്നർ നേഥൻ ലയണാണ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ തവണ കോഹ്ലിയെ പുറത്താക്കിയിട്ടുള്ളത്. ഏഴ് തവണ നേഥൻ ലയൺ കോഹ്ലിയെ പുറത്താക്കിയിട്ടുണ്ട്.

( Picture Source : Twitter )