Skip to content

കെ എൽ രാഹുലും ജഡേജയും ബുംറയും തിളങ്ങി, ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് മികച്ച ലീഡ്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് 95 റൺസിന്റെ മികച്ച ലീഡ്. ആദ്യ ഇന്നിങ്സിൽ 278 റൺസ് നേടിയാണ് ഇന്ത്യ പുറത്തായത്. കെ എൽ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടെയും ഒപ്പം ജസ്പ്രീത് ബുംറയുടെയും മികച്ച ബാറ്റിങ് മികവിലാണ് ഇന്ത്യ നിർണായക ലീഡ് നേടിയത്.

( Picture Source : Twitter / BCCI )

ഒരു ഘട്ടത്തിൽ 145 റൺസിന് 5 വിക്കറ്റ് നഷ്ടപെട്ട ശേഷമാണ്‌ ഇന്ത്യ മത്സരത്തിൽ തിരിച്ചെത്തിയത്. ഇന്ത്യയ്ക്ക് കെ എൽ രാഹുൽ 84 റൺസും രവീന്ദ്ര ജഡേജ 56 റൺസും ജസ്പ്രീത് ബുംറ 34 പന്തിൽ 28 റൺസും നേടി. ചേതേശ്വർ പുജാര നാല് റൺസും അജിങ്ക്യ രഹാനെ 5 റൺസും നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കും ഷാർദുൽ താക്കൂറിനും റണ്ണൊന്നും നേടാൻ സാധിച്ചില്ല.

( Picture Source : Twitter / BCCI )

മികച്ച തുടക്കമാണ് ആദ്യ ഇന്നിങ്സിൽ കെ എൽ രാഹുലും രോഹിത് ശർമ്മയും ചേർന്ന് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 97 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. എന്നാൽ രോഹിത് ശർമ്മ പുറത്തായതോടെയാണ് ഇന്ത്യയുടെ തകർച്ച ആരംഭിച്ചത്. 41 ആം ഓവറിൽ തൊട്ടടുത്ത പന്തുകളിൽ പുജാരയെയും കോഹ്ലിയെയും ആൻഡേഴ്സൺ പുറത്താക്കി. 44 ആം ഓവറിൽ രഹാനെ പുറത്തായതോടെ ഇന്ത്യ 112 ന് 4 എന്ന നിലയിലെത്തി. 50 ആം ഓവറിൽ 25 റൺസ് നേടിയ പന്തിനെയും ഇന്ത്യയ്ക്ക് നഷ്ട്ടമായി. തുടർന്ന് ആറാം വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്ത് കൊണ്ട് ജഡേജയും കെ എൽ രാഹുലുമാണ് ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റിയത്. അവസാന വിക്കറ്റിൽ സിറാജിനൊപ്പം 33 റൺസ് കൂട്ടിച്ചേർത്ത ബുംറയും മികച്ച പ്രകടനം പുറത്തെടുത്തു.

( Picture Source : Twitter / BCCI )

ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി റോബിസൺ 85 റൺസ് വഴങ്ങി 5 വിക്കറ്റും ജെയിംസ് ആൻഡേഴ്സൺ 54 റൺസ് വഴങ്ങി നാല് വിക്കറ്റും വീഴ്ത്തി.

( Picture Source : Twitter / BCCI )

നേരത്തെ ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ടിന് 183 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ ബുംറയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷാമിയും രണ്ട് വിക്കറ്റ് നേടിയ ഷാർദുൽ താക്കൂറുമാണ് ഇന്ത്യയെ ചുരുക്കികെട്ടിയത്. 64 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ട് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്.

( Picture Source : Twitter / BCCI )