Skip to content

ശ്രീലങ്കൻ പര്യടനത്തിലെ മോശം പ്രകടനം, സഞ്ജുവിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്

ശ്രീലങ്കൻ പര്യടനത്തിലെ മോശം പ്രകടനത്തിന് ശേഷവും ഇന്ത്യയുടെ കേരള വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്. പര്യടനത്തിൽ അവസരം ലഭിച്ച ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചുവെന്നും എന്നാൽ പിന്നീട് സാഹചര്യങ്ങൾ ബാറ്റ്സ്മാന്മാർക്ക് അനുകൂലമല്ലായിരുന്നുവെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

( Picture Source : Twitter / BCCI )

മികച്ച പ്രകടനത്തോടെയാണ് സഞ്ജു പര്യടനം ആരംഭിച്ചത്. പരമ്പരയിലെ മൂന്നാം മത്സരത്തോടെ നീണ്ട കാത്തിരിപ്പിന് ശേഷം ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സഞ്ജു അർധസെഞ്ചുറിയ്ക്ക് നാല് റൺസ് അകലെ 46 റൺസ് നേടിയാണ് പുറത്തായത്. ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 27 റൺസ് നേടിയ സഞ്ജു അവസാന രണ്ട് മത്സരങ്ങളിലാണ് പൂർണ്ണമായും പരാജയപെട്ടത്. രണ്ടാം ടി20യിൽ 7 റൺ മാത്രം നേടി പുറത്തായ സഞ്ജു അവസാന മത്സരത്തിൽ റണ്ണൊന്നും നേടാതെയാണ് പുറത്തായത്.

( Picture Source : Twitter / BCCI )

” സത്യസന്ധമായി പറഞ്ഞാൽ ഇത് ബാറ്റിങിന് അനുകൂലമായ സാഹചര്യങ്ങൾ അല്ലായിരുന്നു. ഏകദിനത്തിൽ ലഭിച്ച അവസരത്തിൽ മികച്ച തുടക്കം നേടി 46 റൺസ് അവൻ നേടിയിരുന്നു. ടി20 പരമ്പരയിൽ ആദ്യ മത്സരത്തിൽ അവൻ നന്നായി ബാറ്റ് ചെയ്തു. എന്നാൽ അവസാന മത്സരങ്ങളിൽ വിക്കറ്റ് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ” രാഹുൽ ദ്രാവിഡ് പറഞ്ഞു.

( Picture Source : Twitter / BCCI )

” എന്നിരുന്നാലും പരമ്പരയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഞങ്ങൾ നിരാശരാണ്. അത് സഞ്ജുവിന്റെ കാര്യത്തിൽ മാത്രമല്ല, ടീമിൽ ടീമിലുള്ള യുവതാരങ്ങൾ എല്ലാവരും തന്നെ മികച്ച കഴിവുള്ളവരാണ്. അതുകൊണ്ട് തന്നെ നമ്മൾ ക്ഷമ കാണിക്കേണ്ടതുണ്ട്. ” ദ്രാവിഡ് കൂട്ടിച്ചേർത്തു.

( Picture Source : Twitter / BCCI )

ഐ പി എല്ലിൽ 114 മത്സരങ്ങളിൽ നിന്നും 2861 റൺസ് നേടിയിട്ടുള്ള സഞ്ജുവിന് അന്താരാഷ്ട്ര ടി20യിൽ 10 മത്സരങ്ങളിൽ നിന്നും 11.7 ശരാശരിയിൽ 117 റൺസ് നേടാൻ മാത്രമാണ് സാധിച്ചിട്ടുള്ളത്.

( Picture Source : Twitter / BCCI )