Skip to content

ഈ സാഹചര്യങ്ങളിൽ കളിക്കാൻ മനസ്സ്‌ കാണിച്ച ഇന്ത്യൻ ടീമിന് നന്ദി ; ശ്രീലങ്കൻ ക്യാപ്റ്റൻ ഷണക

തകർപ്പൻ വിജയമാണ് ഇന്ത്യയ്ക്കെതിരായ മൂന്നാം ടി20യിൽ ശ്രീലങ്ക നേടിയത്. മത്സരത്തിൽ ഏഴ് വിക്കറ്റിന് വിജയിച്ച ശ്രീലങ്ക ടി20 പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യയ്ക്കെതിരായ ശ്രീലങ്കയുടെ ആദ്യ ടി20 പരമ്പര വിജയം കൂടിയാണിത്. മത്സരത്തിന് ശേഷം ദുഷ്കര സാഹചര്യങ്ങളിലും കളിക്കാൻ തയ്യാറായ ഇന്ത്യൻ ടീമിന് നന്ദി പറഞ്ഞിരിക്കുകയാണ് ശ്രീലങ്കൻ ക്യാപ്റ്റൻ ദാസുൻ ഷണക.

( Picture Source : Twitter / BCCI )

മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ശ്രീലങ്ക ഇന്ത്യയെ പരാജയപെടുത്തിയത്. ഇന്ത്യ ഉയർത്തിയ 82 റൺസിന്റെ വിജയലക്ഷ്യം 14.3 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ശ്രീലങ്ക മറികടന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ നാലോവറിൽ 9 റൺ മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹസരങ്കയാണ് ചുരുക്കികെട്ടിയത്. ക്യാപ്റ്റൻ ഷനക രണ്ട് വിക്കറ്റ് വീഴ്ത്തി. 14 റൺസ് നേടിയ ഋതുരാജ് ഗെയ്ഗ്വാദ്, 16 റൺസ് നേടിച് ഭുവനേശ്വർ കുമാർ, 23 റൺസ് നേടിയ കുൽദീപ് യാദവ് എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. ക്യാപ്റ്റൻ ശിഖാർ ധവാനും വിക്കറ്റ് കീപ്പർ സഞ്ജു സാംസണും റണ്ണൊന്നും നേടാതെയാണ് പുറത്തായത്.

( Picture Source : Twitter / BCCI )

” ആദ്യമായി ഈ രൂക്ഷമായ സാഹചര്യങ്ങളിൽ കളിക്കാൻ തയ്യാറായ ബിസിസിഐയോട് ഞാൻ നന്ദി പറയേണ്ടതുണ്ട്. രാഹുൽ ദ്രാവിഡിനും ശിഖാർ ധവാനും പ്രത്യേക നന്ദി. കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ഈ ടീമിനെ നയിക്കാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. ” ശ്രീലങ്കൻ ക്യാപ്റ്റൻ പറഞ്ഞു.

പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷമാണ് ഇന്ത്യൻ താരം ക്രുനാൽ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ക്രൂനാൽ പാണ്ഡ്യയുമായി അടുത്ത് ഇടപഴകിയ എട്ട് താരങ്ങളെ മാറ്റിനിർത്തിയാണ് ഇന്ത്യ തുടർന്നുള്ള രണ്ട് മത്സരങ്ങളും കളിച്ചത്.

( Picture Source : Twitter / BCCI )

ഇതാദ്യമായാണ് ഒരു ടി20 പരമ്പരയിൽ ശ്രീലങ്ക ഇന്ത്യയെ പരാജയപെടുത്തുന്നത്. കൂടാതെ 2008 ന് ശേഷം ഇന്ത്യയ്ക്കെതിരെ ശ്രീലങ്ക നേടുന്ന ആദ്യ പരമ്പര കൂടിയാണിത്. ഇതിനുമുൻപ് നടന്ന 21 പരമ്പരകളിലും ഇന്ത്യ ശ്രീലങ്കയെ പരാജയപെടുത്തിയിരുന്നു.

( Picture Source : Twitter / BCCI )