Skip to content

അരങ്ങേറ്റത്തിൽ തന്നെ അപൂർവ നേട്ടത്തിന് ഉടമയായി മലയാളി താരം ദേവ്ദത്ത് പടിക്കൽ

ടീമിനുള്ളിലെ കോവിഡ് വ്യാപനം ഇന്ത്യയെ വലച്ചപ്പോള്‍ രണ്ടാം ടി20യില്‍ ശ്രീലങ്കയ്ക്ക് നാല് വിക്കറ്റ് ജയം. 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ കണ്ടെത്തിയ 132 റണ്‍സ് നാല് വിക്കറ്റ് കയ്യില്‍ വെച്ച്‌ രണ്ട് പന്ത് ശേഷിക്കെ ശ്രീലങ്ക മറികടന്നു.
താരതമ്യേന ചെറിയ വിജയ ലക്ഷ്യമായിട്ടും ചെയ്‌സ് ചെയ്ത് ഇറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കമല്ല ലഭിച്ചത്.

 

മൂന്നാം ഓവറില്‍ തന്നെ അവിഷ്‌ക ഫെര്‍ണാണ്ടോ മടങ്ങി. സദീര സമരവിക്രമയും മിനോദ് ഭനുകയും നന്നായി തുടങ്ങിയെങ്കിലും ക്രീസില്‍ നിലയുറപ്പിക്കാനായില്ല.ഒരു വശത്ത് ഭനുക നിന്നെങ്കിലും മറുവശത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടിരുന്നു.
ഒടുവില്‍ ധനഞ്ജയ ഡി സില്‍വയും കരുണരത്‌നയും അവസാന ഓവര്‍ വരെ നിന്ന് കളിച്ചതോടെ ആതിഥേയര്‍ക്ക് വിജയ ലക്ഷ്യം മറികടക്കാനായി.

ധനഞ്ജയ ഡി സില്‍വ 34 പന്തില്‍ 40 റണ്‍സ് നേടി. മിനോദ് ഭനുക 36 റണ്‍സും. കോവിഡ് പോസിറ്റീവായ ക്രുനാല്‍ പാണ്ഡ്യയുമായി സമ്ബര്‍ക്കത്തില്‍ വന്നതിന് തുടര്‍ന്ന് പല പ്രധാന താരങ്ങള്‍ക്കും കളിക്കാനാവാതെ പോയത് ഇന്ത്യക്ക് തിരിച്ചടിയായി. ധവാനൊപ്പം ഋതുരാജ് ഗയ്കവാദ് ആണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. മൂന്നാമത് ഇറങ്ങി ദേവ്ദത്ത് പടിക്കല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.

അതേസമയം അരങ്ങേറ്റത്തിൽ തന്നെ അപൂർവ നേട്ടം സ്വന്തമാക്കി മലയാളി താരം ദേവ്ദത്ത് പടിക്കൽ.
രണ്ടാം മത്സരത്തിൽ അരങ്ങേറ്റം കുറിച്ച പടിക്കൽ 21ആം നൂറ്റാണ്ടിൽ ജനിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ പുരുഷ താരമായി മാറി. 2000 ജൂലൈ 7 നാണ് പടിക്കൽ ജനിച്ചത്.  നേരെത്തെ ഇന്ത്യയുടെ വനിതാ താരം ഷഫലി വർമ്മ 2019ൽ സൗത്ത് ആഫ്രിക്കയ്ക്കെതിരെ ടി20യിൽ അരങ്ങേറ്റം കുറിച്ച് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി മാറിയിരുന്നു. 2004ൽ ജനിച്ച ഷഫലി വർമ്മ 15ആം വയസ്സിലാണ് അരങ്ങേറ്റം കുറിച്ചത്.

കൃണാൽ പാണ്ഡ്യ കൊവിഡ് ബാധിച്ച് ക്വാറൻ്റീനിലും താരവുമായി അടുത്ത സമ്പർക്കം പുലർത്തിയ 8 താരങ്ങൾ ഐസൊലേഷനിലും പ്രവേശിച്ചതോടെയാണ് ദേവദത്തിന് ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറാനായത്. മത്സരത്തിന് താരത്തിന് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സാധിച്ചു. മൂന്നാം നമ്പറിൽ ക്രീസിലെത്തിയ താരം ഒരു ബൗണ്ടറിയും സിക്സറും അടക്കം 23 പന്തിൽ 29 റൺസെടുത്ത് പുറത്താവുകയായിരുന്നു.

ആഭ്യന്തര ക്രിക്കറ്റിൽ കഴിഞ്ഞ ഏതാനും സീസണുകളിലായി തകർപ്പൻ ഫോമിലാണ് ദേവദത്ത്. കഴിഞ്ഞ ഐപിഎൽ സീസണിലും ഈ ഐപിഎലിലെ ആദ്യ ഘട്ട മത്സരങ്ങളിലും ദേവദത്ത് ഗംഭീര പ്രകടനം നടത്തിയിരുന്നു. സ്ഥിരതയോടെ റൺസ് കണ്ടെത്തുന്നതിനെ തുടർന്നാണ് താരത്തെ ഇന്ത്യൻ ടീമിൽ പരിഗണിച്ചത്.