Skip to content

കോഹ്ലിയും രോഹിത് ശർമ്മയും കഴിഞ്ഞാൽ ഏറ്റവും കഴിവുള്ള ബാറ്റ്സ്മാൻ അവനാണ്, ഹർഭജൻ സിങ്

വിരാട് കോഹ്ലിയും രോഹിത് ശർമ്മയും കഴിഞ്ഞാൽ ഇന്ത്യൻ ടീമിലെ ഏറ്റവും കഴിവുള്ള ബാറ്റ്സ്മാൻ സൂര്യകുമാർ യാദവാണെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഏത് ഫോർമാറ്റിലായാലും ഇന്ത്യൻ ടീമിൽ സൂര്യകുമാർ യാദവിനെ ഉൾപെടുത്തണമെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹർഭജൻ സിങ് പറഞ്ഞു.

( Picture Source : Twitter / BCCI )

അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് മുതൽ തകർപ്പൻ പ്രകടനമാണ് സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ തന്റെ ആദ്യ മത്സരത്തിൽ തന്നെ ഫിഫ്റ്റി കുറിച്ച താരം തന്റെ ആദ്യ ഏകദിന പരമ്പരയിൽ മാൻ ഓഫ് ദി സിരീസ് അവാർഡും കരസ്ഥമാക്കിയിരുന്നു. തകർപ്പൻ പ്രകടനങ്ങൾക്ക് പുറകെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും ഇടം നേടാനും സൂര്യകുമാർ യാദവിന് സാധിച്ചു.

( Picture Source : Twitter / BCCI )

” വർഷങ്ങളായി എനിക്ക് സൂര്യകുമാർ യാദവിനെയറിയാം. ഞാൻ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായിരിക്കെ അവൻ വളരെ ചെറുപ്പമായിരുന്നു. എന്നാൽ ഇന്ന് ബാറ്റിങിന്റെ അടിസ്ഥാനത്തിൽ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും കഴിഞ്ഞാൽ ഏറ്റവും മികച്ച പ്ലേയറാണവൻ. ” ഹർഭജൻ സിങ് പറഞ്ഞു.

( Picture Source : Twitter / BCCI )

” കഴിഞ്ഞ വർഷങ്ങളിലെല്ലാം ഒരു ബാറ്റ്സ്മാനെന്ന നിലയിലുള്ള അവന്റെ വളർച്ച ഞാൻ കണ്ടതാണ്. അവനൊരു അസാധാരണ ബാറ്റ്‌സ്മാനാണ്. ഫാസ്റ്റ് ബൗളർമാരെയും സ്പിന്നർമാരെയും അവൻ നേരിടും. സ്പിൻ കളിക്കുന്നതിൽ ഇന്ത്യയിൽ അവനേക്കാൾ മികച്ച ബാറ്റ്സ്മാനെ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കില്ല. അതുകൊണ്ട് തന്നെ എന്റെ അഭിപ്രായത്തിൽ ലോകകപ്പ് ടീമായാലും ലിമിറ്റഡ് ഓവർ ടീമായാലും ടെസ്റ്റ് ടീമായാലും അവനെ ടീമിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ” ഹർഭജൻ സിങ് കൂട്ടിച്ചേർത്തു.

( Picture Source : Twitter / BCCI )

ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ പൃഥ്വി ഷായ്ക്കൊപ്പം സൂര്യകുമാർ യാദവ് ഇടംനേടിയിരുന്നു. ഫസ്റ്റ്‌ ക്ലാസ് ക്രിക്കറ്റിൽ 77 മത്സരങ്ങളിൽ നിന്നും 44.01 ശരാശരിയിൽ 5326 റൺസ് സൂര്യകുമാർ യാദവ് നേടിയിട്ടുണ്ട്‌.

( Picture Source : Twitter / BCCI )