Skip to content

‘ഐ‌പി‌എൽ ഫ്രാഞ്ചൈസികൾ അവനെ നോക്കി വെച്ചോളൂ’ – ശ്രീലങ്കൻ താരത്തെ കുറിച്ച് മുത്തയ്യ മുരളീധരൻ

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യിൽ  തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. ഏകദിന പരമ്പര സ്വന്തമാക്കിയ  ആത്മവിശ്വാസത്തിൽ മത്സരത്തിന് ഇറങ്ങിയ ഇന്ത്യ 38 റൺസിനായിരുന്നു  ശ്രീലങ്കയെ തകർത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 164 റൺസ്. ശ്രീലങ്കയുടെ മറുപടി 18.3 ഓവറിൽ 126 റൺസിൽ അവസാനിച്ചു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.

3.3 ഓവറിൽ 22 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത ഭുവനേശ്വർ കുമാറാണ് ഇന്ത്യയുടെ വിജയശിൽപി.
ഭുവനേശ്വർ കുമാറാണ് കളിയിലെ കേമൻ. പരമ്പരയിലെ രണ്ടാം മത്സരം ചൊവ്വാഴ്ച നടക്കും. 26 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 44 റൺസെടുത്ത ചാരിത് അസലങ്കയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. അസലങ്കയ്ക്കു പുറമേ ശ്രീലങ്കൻ നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രം.

ഓപ്പണർ ആവിഷ്ക ഫെർണാണ്ടോ (23 പന്തിൽ 26), മിനോദ് ഭാനുക (ഏഴു പന്തിൽ 10), ക്യാപ്റ്റൻ ദസൂൺ ഷാനക (14 പന്തിൽ 16) എന്നിവരാണ് രണ്ടക്കം കണ്ടവർ. ധനഞ്ജയ ഡിസിൽവ (10 പന്തിൽ 9), ആഷൻ ബണ്ഡാര (19 പന്തിൽ 9), വാനിന്ദു ഹസരംഗ (0), ചാമിക കരുണരത്‌നെ (3), ഇസൂരു ഉഡാന (1), ദുഷ്മന്ത ചമീര (1) എന്നിവർ നിരാശപ്പെടുത്തി.

ശ്രീലങ്കയുടെ തോൽവിക്കിടെയിലും ആശ്വാസമേകുന്ന പ്രകടനമായിരുന്നു വാനിന്ദു ഹസരംഗ ബൗളിങ്ങിൽ കാഴ്ചവെച്ചത്. 2 വിക്കറ്റുകൾ വീഴ്ത്തി 4 ഓവറിൽ വെറും 28 റൺസ് മാത്രമാണ് വഴങ്ങിയത്. ഇന്ത്യയുടെ ടോപ്പ് സ്കോറർ സൂര്യകുമാർ യാദവിന്റെയും സഞ്ജു സാംസന്റെയും വിക്കറ്റുകളാണ് വീഴ്ത്തിയത്.  അവസരം ലഭിച്ചാൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ സ്ഥിര സാന്നിധ്യമായി  യുവ സ്പിന്നർ വാനിന്ദു ഹസരംഗ മാറുമെന്ന് മുൻ ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ പറഞ്ഞു.

” ഐ‌പി‌എൽ ഫ്രാഞ്ചൈസികൾ ഹസരംഗയെ പരിഗണിക്കണം. പക്ഷെ ഒരു പ്രാദേശിക സ്പിന്നറെ പോലെ എളുപ്പമാകില്ല ഒരു വിദേശ സ്പിന്നറുടെ ഐപിഎൽ ടീമിലേക്കുള്ള വരവ്. ഫ്രാഞ്ചൈസികൾ അവനെ വാങ്ങും, പക്ഷേ അവനെ കളിപ്പിക്കുന്നത്  എളുപ്പമല്ലാത്ത കാര്യമാണ്. കാരണം  ചില ഫ്രാഞ്ചൈസികൾ വിദേശ സ്പിന്നർമാരേക്കാൾ ഇന്ത്യൻ സ്പിന്നർമാരെയാണ് നോക്കുന്നത്. ഒരു മത്സരമോ രണ്ടോ ലഭിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്താൽ, അവൻ ഒരു സ്ഥിര കളിക്കാരനായി മാറും.” – മുത്തയ്യ മുരളീധരൻ പറഞ്ഞു

“പരിമിത ഓവർ ക്രിക്കറ്റിന് അനുയോജ്യമായ താരമാണ് ഹസരംഗ.  മിക്കപ്പോഴും ടി20കളിൽ അദ്ദേഹം നന്നായി പന്തെറിയുന്നു.  സൂര്യകുമാർ യാദവിന്റെ വിക്കറ്റ് അദ്ദേഹം നേടി, അല്ലാത്തപക്ഷം, സൂര്യകുമാർ അതിലും വലിയ സ്കോർ നേടാൻ കഴിയുമായിരുന്നു. ” – അദ്ദേഹം കൂട്ടിച്ചേർത്തു.