Skip to content

ജസ്പ്രീത് ബുംറയ്ക്ക് ശേഷം ആ റെക്കോർഡ് സ്വന്തമാക്കി ഭുവനേശ്വർ കുമാർ

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ നാല് വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാറിന്റെ മികവിലാണ് ശ്രീലങ്കയ്ക്കെതിരെ 38 റൺസിന്റെ അനായാസവിജയം ഇന്ത്യ നേടിയത്. മത്സരത്തിലെ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഭുവനേശ്വർ കുമാർ. ഇന്ത്യൻ താരങ്ങളിൽ ജസ്പ്രീത് ബുംറ മാത്രമാണ് ഈ നേട്ടം ഇതിനുമുൻപ് നേടിയിട്ടുള്ളത്.

( Picture Source : Twitter )

മത്സരത്തിൽ 3.3 ഓവറിൽ 22 റൺസ് വഴങ്ങിയാണ് നാല് വിക്കറ്റ് ഭുവനേശ്വർ കുമാർ നേടിയത്. ഇതോടെ ടി20 ക്രിക്കറ്റിൽ 200 വിക്കറ്റ് താരം പൂർത്തിയാക്കി. ടി20 ക്രിക്കറ്റിൽ ജസ്പ്രീത് ബുംറയ്ക്ക് ശേഷം 200 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ഫാസ്റ്റ് ബൗളറാണ് ഭുവനേശ്വർ കുമാർ. 215 വിക്കറ്റ് ടി20 ക്രിക്കറ്റിൽ ബുംറ നേടിയിട്ടുണ്ട്‌.

( Picture Source : Twitter )

ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 250 വിക്കറ്റും ഭുവനേശ്വർ കുമാർ പൂർത്തിയാക്കി. ഈ നാഴികക്കല്ല് പിന്നിടുന്ന പത്തൊമ്പതാമത്തെ ഇന്ത്യൻ ബൗളറാണ് ഭുവനേശ്വർ കുമാർ.

( Picture Source : Twitter )

മത്സരത്തിൽ 38 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 18.3 ഓവറിൽ 126 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 26 പന്തിൽ 44 റൺസ് നേടിയ അസലങ്ക മാത്രമാണ് ശ്രീലങ്കൻ നിരയിൽ തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ നാല് വിക്കറ്റും ദീപക്‌ ചഹാർ രണ്ട് വിക്കറ്റും നേടി.

( Picture Source : Twitter )

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 34 പന്തിൽ 50 റൺസ് നേടിയ സൂര്യകുമാർ യാദവ്, 36 പന്തിൽ 46 റൺസ് നേടിയ ക്യാപ്റ്റൻ ശിഖാർ ധവാൻ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. സഞ്ജു 20 പന്തിൽ 27 റൺസും ഇഷാൻ കിഷൻ 14 പന്തിൽ 20 റൺസും നേടി. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലെത്തി.

( Picture Source : Twitter )