Skip to content

സെഞ്ചുറിയുമായി കെ എൽ രാഹുൽ, മികച്ച പ്രകടനം പുറത്തെടുത്ത് രവീന്ദ്ര ജഡേജ, പരിശീലന മത്സരത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി കൗണ്ടി സെലക്ട് ഇലവനുമായി നടക്കുന്ന പരിശീലന മത്സരത്തിൽ ആദ്യ ദിനത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ.

( Picture Source : Twitter / BCCI )

ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 9 വിക്കറ്റ് നഷ്ട്ടത്തിൽ 306 റൺസ് എടുത്തിട്ടുണ്ട്. ഒരു റൺ നേടിയ മൊഹമ്മദ് സിറാജ്, 3 റൺ നേടിയ ജസ്പ്രീത് ബുംറ എന്നിവരാണ് ക്രീസിലുള്ളത്. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെയും അഭാവത്തിൽ രോഹിത് ശർമ്മയാണ് മത്സരത്തിൽ ഇന്ത്യയെ നയിക്കുന്നത്. നേരിയ പരിക്കുള്ളതിനാൽ മെഡിക്കൽ ടീമിന്റെ ഉപദേശപ്രകാരമാണ് പരിശീല മത്സരത്തിൽ നിന്നും കോഹ്ലിയും രഹാനെയും വിട്ടുനിൽക്കുന്നത്.

( Picture Source : Twitter / BCCI )

മുൻനിര ബാറ്റ്സ്മാന്മാർ നിറംമങ്ങിയപ്പോൾ വിക്കറ്റ് കീപ്പർ കെ എൽ രാഹുലും ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. 150 പന്തിൽ 101 റൺസ് നേടിയ കെ എൽ രാഹുൽ റിട്ടയർ ചെയ്തപ്പോൾ രവീന്ദ്ര ജഡേജ 146 പന്തിൽ 75 റൺസ് നേടി പുറത്താവുകയായിരുന്നു.

( Picture Source : Twitter / BCCI )

മത്സരത്തിൽ 9 റൺ നേടാൻ മാത്രമാണ് രോഹിത് ശർമ്മയ്ക്ക് സാധിച്ചത്. മായങ്ക് അഗർവാൾ 28 റൺസ് നേടി പുറത്തായപ്പോൾ ചേതേശ്വർ പുജാര 21 റൺസും ഹനുമാ വിഹാരി 24 റൺസും നേടി പുറത്തായി.

ഇന്ത്യൻ താരങ്ങളായ ആവേശ് ഖാനും വാഷിങ്ടൺ സുന്ദറും മത്സരത്തിൽ കൗണ്ടി ഇലവന് വേണ്ടിയാണ് കളിക്കുന്നത്. കൗണ്ടി ഇലവനിലെ ഒരു താരത്തിന് പരിക്കും മറ്റൊരു താരം കോവിഡ് പോസിറ്റീവായ വ്യക്തിയുമായി അടുത്ത് ഇടപഴകിയതിനാലുമാണ് ബിസിസിഐ രണ്ട് താരങ്ങളെ വിട്ടുനൽകിയത്.

( Picture Source : Twitter / BCCI )