Skip to content

ആ നിർണായക തീരുമാനത്തിന് പിന്നിൽ രാഹുൽ ദ്രാവിഡ് തന്നെ, ഭുവനേശ്വർ കുമാറിന്റെ വെളിപ്പെടുത്തൽ

ആവേശവിജയമാണ് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ നേടിയത്. മുൻനിര ബാറ്റ്സ്മാന്മാർക്ക് മികവ് പുലർത്താൻ സാധിക്കാതെ വന്ന മത്സരത്തിൽ ദീപക് ചഹാറിന്റെ തകർപ്പൻ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഭുവനേശ്വർ കുമാറിന് മുൻപേ എട്ടാമനായാണ് ചഹാർ ബാറ്റിങിനിറങ്ങിയത്. ഇന്ത്യൻ വിജയത്തിൽ ഈ തീരുമാനം നിർണായകമാവുകയും ചെയ്തിരുന്നു. ഈ നിർണായക തീരുമാനത്തിന് പിന്നിൽ കോച്ച് രാഹുൽ ദ്രാവിഡ് ആയിരുന്നുവെന്ന് മത്സരശേഷം ഭുവനേശ്വർ കുമാർ തുറന്നുപറഞ്ഞു.

( Picture Source : Twitter / BCCI )

82 പന്തിൽ പുറത്താകാതെ 69 റൺസ് നേടിയ ചഹാർ ഭുവനേശ്വർ കുമാറിനൊപ്പം എട്ടാം വിക്കറ്റിൽ 84 റൺസ് കൂട്ടിച്ചേർത്തിരുന്നു. ഇരുവരുടെയും മികവിൽ ശ്രീലങ്ക ഉയർത്തിയ 276 റൺസിന്റെ വിജയലക്ഷ്യം 49.1 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു.

( Picture Source : Twitter / BCCI )

” ദീപക് ചഹാർ രാഹുൽ ദ്രാവിഡിന്റെ കീഴിൽ ചില പരമ്പരകളിൽ കളിക്കുകയും റൺസ് സ്കോർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അവന് ബാറ്റ് ചെയ്യാനും റൺസ് സ്കോർ ചെയ്യാനും സാധിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഈ തീരുമാനം അദ്ദേഹത്തിന്റെതായിരുന്നു. “

” അവൻ ബാറ്റ് ചെയ്ത രീതിയും അദ്ദേഹത്തിന്റെ തീരുമാനം ശരിവെച്ചു. അവൻ ബാറ്റ് ചെയ്യുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. രഞ്ജി ട്രോഫിയിലും അവൻ റൺസ് നേടിയിരുന്നു. അതുകൊണ്ട് തന്നെ അതൊരിക്കലും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നില്ല. ” ഭുവനേശ്വർ കുമാർ പറഞ്ഞു.

( Picture Source : Twitter / BCCI )

” ഞങ്ങളുടെ ലക്ഷ്യം അവസാന ഓവർ വരെയോ അവസാന പന്ത്‌ വരെയോ കളിക്കുകയെന്നതായിരുന്നു. അതുകൊണ്ട് മത്സരം അവസാനം വരെ നീട്ടികൊണ്ടുപോകുവാൻ ഞങ്ങൾ ശ്രമിച്ചു, അതുകൊണ്ട് തന്നെ റൺസ് സ്കോർ ചെയ്യുവാൻ പറ്റി. ഒരേയൊരു പ്ലാൻ അവസാനം വരെ ബാറ്റ് ചെയ്യുകയെന്നതായിരുന്നു. ദീപക് ചഹാറിന്റെ ബാറ്റിങ് അവിസ്മരണീയമായിരുന്നു. ” ഭുവനേശ്വർ കുമാർ കൂട്ടിച്ചേർത്തു.

( Picture Source : Twitter / BCCI )

മത്സരത്തിൽ 28 പന്തിൽ 19 റൺസ് നേടി മികച്ച പിന്തുണ ഭുവനേശ്വർ കുമാർ ദീപക് ചഹാറിന് നൽകിയിരുന്നു. ഇരുവർക്കുമൊപ്പം 53 റൺസ് നേടിയ സൂര്യകുമാർ യാദവും 37 റൺസ് നേടിയ മനീഷ് പാണ്ഡെയും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. മത്സരത്തിലെ വിജയത്തോടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി.

( Picture Source : Twitter / BCCI )