Skip to content

വിരാട് കോഹ്ലിയുടെ ടീം സെലക്ഷൻ രീതിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം മൊഹമ്മദ് കൈഫ്

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും ടീം മാനേജ്‌മെന്റിന്റെയും സെലക്ഷൻ പോളിസിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം മൊഹമ്മദ് കൈഫ്. ഈ ഇന്ത്യൻ ടീമിൽ ആരുടെയും സ്ഥാനം സുരക്ഷിതമല്ലയെന്നും അത് കളിക്കാർക്കും അറിയാമെന്നും അതവരെ കൂടുതൽ സമ്മർദത്തിലാക്കുമെന്നും മൊഹമ്മദ് കൈഫ് പറഞ്ഞു.

( Picture Source : Twitter / BCCI )

” ഈ ഇന്ത്യൻ ടീമിൽ വ്യക്തതയില്ല, അത് നമ്മൾ അംഗീകരിക്കുക തന്നെവേണം. വിരാട് കോഹ്ലിയുടെ രീതി മറ്റൊരു തരത്തിലാണ്. ആരാണോ മികച്ച ഫോമിലുള്ള താരം അവരെ കോഹ്ലി പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നു. അതിനൊപ്പം ക്യാപ്റ്റനായി എത്ര ട്രോഫി അവൻ നേടിയുണ്ടെന്ന് നോക്കൂ അവന് അതിന് സാധിച്ചിട്ടില്ല. ഈ ടീമും ടീം മാനേജ്‌മെന്റും കളിക്കാരുടെ മുൻപത്തെ പ്രകടനങ്ങൾക്ക് വിലകല്പിക്കുന്നില്ല. ഈ ടീമിലെ ആരുടെയും സ്ഥാനം സുരക്ഷിതമല്ല, അത്‌ കളിക്കാർക്കും അറിയാം. ” കൈഫ് പറഞ്ഞു.

( Picture Source : Twitter / BCCI )

എന്നാൽ ഗാംഗുലി ക്യാപ്റ്റനായിരിക്കെ കളിക്കാരെ അദ്ദേഹം ഒരുപാട് പിന്തുണച്ചിരുന്നുവെന്നും ഐ പി എൽ ഇല്ലാത്തതിനാൽ ഇത്രയധികം താരബാഹുല്യം ഉണ്ടായിരുന്നില്ലയെന്നും എന്നാൽ നിർണായക നിമിഷങ്ങളിൽ കളിക്കാർ മികച്ച പ്രകടനം പുറത്തെടുക്കണമെങ്കിൽ പ്ലേയർമാരെ ഒരുപാട് കാലം പിന്തുണയ്ക്കണമെന്നും കൈഫ് പറഞ്ഞു.

( Picture Source : Twitter / BCCI )

” ഗാംഗുലി ക്യാപ്റ്റനായിരിക്കെ 20-25 കളിക്കാരിൽ നിന്നാണ് ടീമിനെ തിരഞ്ഞെടുത്തിരുന്നത്. അന്ന് ഐ പി എൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്രയധികം താരബാഹുല്യം നമുക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കളിക്കാരെ അദ്ദേഹം ഒരുപാട് പിന്തുണച്ചിരുന്നു. ഒരു പ്ലേയറെ ഒരുപാട് കാലം പിന്തുണച്ചില്ലെങ്കിൽ നിർണായക നിമിഷങ്ങളിൽ മുഴുവൻ സ്വാതന്ത്ര്യത്തോടെ കളിക്കാൻ അവർക്ക് സാധിക്കില്ല. ” കൈഫ് കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 2000 ൽ അരങ്ങേറ്റം കുറിച്ച കൈഫ് ഇന്ത്യയ്ക്ക് വേണ്ടി 13 ടെസ്റ്റ് മത്സരങ്ങളും 125 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. മൂന്ന് ഫോർമാറ്റിൽ നിന്നുമായി 3377 റൺസ് നേടിയിട്ടുള്ള കൈഫ് നിലവിൽ ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകരിലൊരാൾ കൂടിയാണ്.

( Picture Source : Twitter / BCCI )