Skip to content

അദ്ദേഹത്തെ പുറത്താക്കാനുള്ള ഏറ്റവും മികച്ച സമയം അതായിരുന്നു, സച്ചിനെ പുറത്താക്കാൻ ആൻഡേഴ്സനുമായി തയ്യാറാക്കിയ പദ്ധതി വെളിപ്പെടുത്തി മുൻ ഇംഗ്ലണ്ട് താരം

ഇതിഹാസ ബാറ്റ്‌സ്മാൻ സച്ചിൻ ടെണ്ടുൽക്കറെ പുറത്താക്കാൻ ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്‌സനുമായി ചേർന്നുണ്ടാക്കിയ പദ്ധതിയെ കുറിച്ച് വെളിപ്പെടുത്തി മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ. ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെങ്കിലും ആൻഡേഴ്നെതിരെയും പനേസർക്കെതിരെയും മികച്ച പ്രകടനം പുറത്തെടുക്കാൻ സച്ചിന് സാധിച്ചിട്ടില്ല. ടെസ്റ്റിൽ സച്ചിനെ ആൻഡേഴ്സൺ 9 തവണ പുറത്താക്കിയപ്പോൾ പനേസർ നാല് തവണ സച്ചിനെ പുറത്താക്കിയിട്ടുണ്ട്.

( Picture Source : Twitter )

സച്ചിനെ പുറത്താക്കുകയെന്നത് വളരെ ദുഷ്കരമായിരുന്നുവെന്നും എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലിയിൽ പ്രത്യേക സമയം കണ്ടെത്തിയെന്നും ആൻഡേഴ്ണും താനും ആ സമയം വിനിയോഗിക്കാൻ തീരുമാനിച്ചുവെന്നും പനേസർ പറഞ്ഞു.

( Picture Source : Twitter )

” ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ അഞ്ച് മിനിറ്റിൽ അദ്ദേഹം പുറത്താകുമെന്ന പ്രതീതി കാണിച്ചിരുന്നു. സച്ചിനെ പുറത്താക്കാനുള്ള ഏറ്റവും മികച്ച സമയം അതാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. ലഞ്ചിന് ശേഷമോ ചായയ്ക്ക് ശേഷമോ ഉള്ള ആദ്യ 5 മിനിറ്റ് വളരെ നിർണായകമായിരുന്നു. ഒരു കാർ സ്റ്റാർട്ടാകാൻ അഞ്ചോ ഏഴോ മിനിറ്റുകൾ എടുക്കുന്നത് പോലെയായിരുന്നു അത്. നിങ്ങൾക്കത് നഷ്ട്ടപെട്ടാൽ അടുത്ത ഇടവേളവരെ കാത്തിരിക്കേണ്ടി വരും. ” പനേസർ പറഞ്ഞു.

( Picture Source : Twitter )

” ഇങ്ങനെയാണ് അദ്ദേഹത്തെ ഞാൻ പുറത്താക്കിയിരുന്നത്. ആ അഞ്ചോ പത്തോ മിനിറ്റ് !! ഇതൊരു അവസരമാണെന്ന് ജെയിംസ് ആൻഡേഴ്സണും അറിയാമായിരുന്നു. എല്ലാ ഇടവേളയ്ക്ക് ശേഷം അദ്ദേഹം കുറച്ചധികം സമയമെടുക്കുമായിരുന്നു. എന്നാൽ സെറ്റായി കഴിഞ്ഞാൽ പിന്നെ അദ്ദേഹത്തെ പുറത്താക്കുകയെന്നത് ദുഷ്കരമാണ്. ” പനേസർ കൂട്ടിച്ചേർത്തു.

200 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 15000 ത്തിലധികം റൺസ് നേടിയിട്ടുള്ള സച്ചിൻ ടെണ്ടുൽക്കർ ഇംഗ്ലണ്ടിനെതിരെ 32 മത്സരങ്ങളിൽ നിന്നും 51.73 ശരാശരിയിൽ 2,535 റൺസ് നേടിയിട്ടുണ്ട്‌. ഇംഗ്ലണ്ടിൽ 17 ടെസ്റ്റിൽ നിന്നും 54.31 ശരാശരിയിൽ 1575 റൺസ് സച്ചിൻ ടെണ്ടുൽക്കർ നേടിയിട്ടുണ്ട്‌.

( Picture Source : Twitter )