Skip to content

മുത്തയ്യ മുരളീധരന്റെ റെക്കോർഡും രവിചന്ദ്രൻ അശ്വിൻ തകർക്കും ; മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറെന്ന ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ റെക്കോർഡ് പോലും ഇന്ത്യൻ സ്പിൻ ബൗളർ രവിചന്ദ്രൻ അശ്വിൻ തകർത്തേക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിന്നറാണ് അശ്വിനെന്നും അശ്വിന്റെ ആത്മവിശ്വാസം വരുന്ന വർഷങ്ങളിൽ പല റെക്കോർഡുകളും തകർക്കാൻ സഹായിക്കുമെന്നും ബ്രാഡ് ഹോഗ് പറഞ്ഞു.

( Picture Source : Twitter )

ഇന്ത്യയ്ക്ക് വേണ്ടി 78 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 409 വിക്കറ്റുകൾ രവിചന്ദ്രൻ അശ്വിൻ നേടിയിട്ടുണ്ട്‌. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യൻ ബൗളർമാരുടെ പട്ടികയിൽ അനിൽ കുംബ്ലെ, കപിൽ ദേവ്, ഹർഭജൻ സിങ് എന്നിവർക്ക് പുറകിൽ നിലവിൽ നാലാം സ്ഥാനത്താണ് രവിചന്ദ്രൻ അശ്വിൻ.

( Picture Source : Twitter )

” അശ്വിനിപ്പോൾ 34 വയസ്സുണ്ട്, ടെസ്റ്റിൽ 42 വയസ്സുവരെയെങ്കിലും അവൻ കളിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഒരു പക്ഷേ അവന്റെ ബാറ്റിങ് ദുർബലപെട്ടേക്കാം എന്നാൽ ബൗളിങിൽ അവൻ കൂടുതൽ അപകടകാരിയാകും. ടെസ്റ്റിൽ 600 വിക്കറ്റുകളെങ്കിലും അവൻ നേടുമെന്ന് എനിക്കുറപ്പുണ്ട്. മുത്തയ്യ മുരളീധരന്റെ റെക്കോർഡ് വരെ അവൻ ചിലപ്പോൾ മറികടന്നേക്കാം. ഇത് പറയാനുള്ള കാരണം അവൻ മികച്ച ബൗളറാണ്, ഒപ്പം ബൗളിങിൽ മാറ്റം വരുത്താനും ക്രിക്കറ്ററെന്ന നിലയിൽ മെച്ചപ്പെടാനുള്ള ലക്ഷ്യവും അവനുണ്ട്. ” ബ്രാഡ് ഹോഗ് പറഞ്ഞു.

( Picture Source : Twitter )

” ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ അവൻ കൗണ്ടി ക്രിക്കറ്റിലും കളിച്ചിരുന്നു. അതുകൊണ്ടാണ് അടുത്ത കാലത്തായി ഇത്രയധികം മികച്ച പ്രകടനം പുറത്തെടുക്കാൻ അവന് സാധിച്ചത്. തീർച്ചയായും നിലവിലെ ഏറ്റവും മികച്ച ഓഫ് സ്പിന്നർ അവനാണ്. എന്നാൽ എക്കാലത്തെയും മികച്ച ഓഫ് സോഇന്നറെന്ന് അവനെ വിളിക്കാൻ സാധിക്കില്ല കാരണം ഇപ്പോൾ നിയമങ്ങളിലും സാഹചര്യങ്ങളിലും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ” ബ്രാഡ് ഹോഗ് കൂട്ടിച്ചേർത്തു.

( Picture Source : Twitter )

” ബാറ്റ്‌സ്മാനുമായുള്ള പോരാട്ടത്തിൽ പരാജയപെടാൻ അവൻ ഇഷ്ട്ടപെടുന്നില്ല. അവനെതിരെ കളിക്കുമ്പോൾ സ്വയം പരീക്ഷപെടാനും അവനെ പരീക്ഷിക്കാനും നമുക്ക് സാധിക്കും, കളിക്കളത്തിന് പുറത്ത് അവൻ മികച്ച ചെസ്സ് പ്ലേയറാണെന്ന് തോന്നാറുണ്ട്. ഞാൻ ഒരുപാട് ബഹുമാനിക്കുന്ന താരമാണ് രവിചന്ദ്രൻ അശ്വിൻ പ്രത്യേകിച്ചും കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിന് ശേഷം. ” ബ്രാഡ് ഹോഗ് കൂട്ടിച്ചേർത്തു.

( Picture Source : Twitter )