Skip to content

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലാൻഡിന്, കാരണം വ്യക്തമാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ ന്യൂസിലാൻഡിന് ഗുണകരമാകുമെന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്. ഇംഗ്ലണ്ടിലെ നിലവിലെ കാലാവസ്ഥ ന്യൂസിലാൻഡിലെ സാഹചര്യങ്ങൾക്ക് സമാനമാണെന്നും തന്റെ യൂട്യൂബ് ചാനലിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ടോപ്പ് വിക്കറ്റ് ടേക്കർ കൂടിയായ കമ്മിൻസ് പറഞ്ഞു.

( Picture Source : Twitter )

ജൂൺ 18 ന് സതാംപ്ടണിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഫൈനൽ പോരാട്ടം ആരംഭിക്കുന്നത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഇന്ത്യയോട് പരാജയപെട്ടതോടെയാണ് ഓസ്ട്രേലിയയുടെ സാധ്യതകൾക്ക് തിരിച്ചടിയായത്. കൂടാതെ കോവിഡ് പ്രതിസന്ധി മൂലം സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ നിന്നും ഓസ്‌ട്രേലിയ പിന്മാറിയതോടെയാണ് ന്യൂസിലാൻഡ് ഫൈനൽ യോഗ്യത നേടിയത്. 14 മത്സരങ്ങളിൽ 70 വിക്കറ്റ് നേടി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് പാറ്റ് കമ്മിൻസായിരുന്നു.

( Picture Source : Twitter )

” ഇതൊരു മികച്ച മത്സരമായിരിക്കും. ഇംഗ്ലണ്ടിൽ ഒരുപാട് മഴ പെയ്യുന്നുണ്ട് ഈ സാഹചര്യങ്ങൾ ന്യൂസിലാൻഡിന് സമാനമാണ്. രണ്ടോ മൂന്നോ മാസമായി ഇരുടീമുകളും ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടില്ല, മത്സരം എന്തും സംഭവിക്കാം. എന്നാൽ അവിടുത്തെ സാഹചര്യങ്ങൾ ഇന്ത്യയേക്കാൾ കൂടുതൽ അനുകൂലം ന്യൂസിലാൻഡിനാണ്. ” പാറ്റ് കമ്മിൻസ് പറഞ്ഞു .

( Picture Source : Twitter )

ധാരാളം വിമർശനങ്ങൾ ഉയർന്ന ഇന്ത്യയിലെ പിച്ചുകളെ കുറിച്ചുള്ള അഭിപ്രായവും ലോക ഒന്നാം നമ്പർ ടെസ്റ്റ് ബൗളർ കൂടിയായ പാറ്റ് കമ്മിൻസ് പങ്കുവെച്ചു. ഇന്ത്യയിലെ പിച്ചുകൾ ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമല്ലയെന്ന് സമ്മതിച്ച കമ്മിൻസ് ഈ പിച്ചുകൾ ഫാസ്റ്റ് ബൗളർമാർക്ക് വെല്ലുവിളിയാണെന്നും പറഞ്ഞു.

” എന്റെ അഭിപ്രായം ലോകത്തെമ്പാടുമുള്ള ബാറ്റ്‌സ്മാന്മാരിൽ നിന്നും വ്യത്യസ്തമായിരിക്കും. ചില സമയങ്ങളിൽ പിച്ചുകൾ സ്പിന്നർമാർക്ക് അനുകൂലമായിരിക്കും, ചില സമയത്താകട്ടെ ഫ്ലാറ്റ് പിച്ചുകളായിരിക്കും ലഭിക്കുക. ഓസ്‌ട്രേലിയയിലോ സൗത്താഫ്രിക്കയിലോ ലഭിക്കുന്ന പേസും ബൗൺസുമോ, ഇംഗ്ലണ്ടിൽ ലഭിക്കുന്ന സ്വിങോ അവിടെ ലഭിക്കുകയില്ല. എന്നാൽ അതൊരു വെല്ലുവിളിയാണ് അതിനനുസരിച്ച് നിങ്ങൾ മാറ്റം വരുത്തേണ്ടതുണ്ട്. ചിലപ്പോൾ നിങ്ങളുടെ ജോലി വിക്കറ്റ് നേടുകയെന്നതല്ല, ഓവറുകളിൽ റൺസ് വഴങ്ങാതിരിക്കുകയെന്നതാകും. ” കമ്മിൻസ് പറഞ്ഞു.

( Picture Source : Twitter )