Skip to content

ചെന്നൈ സൂപ്പർ കിങ്‌സിന് തിരിച്ചടി ; സ്റ്റാർ ബൗളർ ഈ ഐപിഎൽ സീസണിൽ നിന്ന് പിന്മാറി

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14ആം സീസൺ ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിങ്‌സ് താരം ജോഷ് ഹെസ്ൽവുഡ് ഈ സീസണിൽ നിന്ന് പിന്മാറി. 2 മാസം നീളുന്ന ബയോ ബബിൾ സംവിധാനത്തിൽ കഴിയുക ബുദ്ധിമുട്ടാണെന്ന് വെളിപ്പെടുത്തിയാണ് ഓസ്‌ട്രേലിയൻ ബൗളറുടെ പിന്മാറ്റം.

” കഴിഞ്ഞ 10 മാസമായി ബയോ ബബിലിലും ക്വാറന്റൈനിലുമായാണ് കഴിഞ്ഞത്. അതിനാൽ ക്രിക്കറ്റിൽ നിന്ന് വിശ്രമിക്കാനും അടുത്ത രണ്ട് മാസത്തിനുള്ളിൽ വീട്ടിലും ഓസ്‌ട്രേലിയയിലും കുറച്ച് സമയം ചെലവഴിക്കാനും ഞാൻ തീരുമാനിച്ചു, ” ഹാസ്ൽവുഡ് ക്രിക്കറ്റ് ഡോട്ട് കോമിനോട് പറഞ്ഞു.

” ഐപിഎൽ കഴിഞ്ഞാൽ വരാൻ പോകുന്നത് നീണ്ട മത്സരക്രമമാണ്. വെസ്റ്റ് ഇൻഡീസിലേക്കുള്ള പര്യടനം, ബംഗ്ലാദേശ് (ടി20 ടൂർ) അതിന് പിന്നാലെ ടി20 ലോകക്കപ്പും, ആഷസും. വലിയ 12 മാസമാണ് മുന്നിലിരിക്കുന്നത്. അതിനായി മാനസികമായും ശാരീരികമായും തയ്യാറാകാനുള്ള ഏറ്റവും മികച്ച അവസരം എനിക്ക് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. അതാണ് ഞാൻ എടുത്ത തീരുമാനം. ” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ബയോ ബബിൾ ചൂണ്ടിക്കാട്ടി നേരെത്തെ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടറും സൺ റൈസേഴ്‌സ് ഹൈദരാബാദ് താരം മിച്ചൽ മാർഷും പിന്മാറിയിരുന്നു. അദ്ദേഹത്തിന് പകരം ഇംഗ്ലണ്ട് ഓപ്പണർ ജാസൻ റോയിയെയാണ് എസ്.ആർ.എച്ച് ടീമിലെത്തിച്ചത്. മത്സരക്രമത്തെയും ബയോ ബബിലിനെതിരെയും പരാതിയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി നേരെത്തെ രംഗത്തെത്തിയിരുന്നു.

” ഭാവിയിൽ ഷെഡ്യൂളിംഗ് നോക്കേണ്ടതുണ്ട്, കാരണം രണ്ട് മൂന്ന് മാസം വരെ ബബിൾസിൽ കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. എല്ലാവരും ഒരേ മാനസികാവസ്ഥയിലായിരിക്കുമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാനാവില്ല. ” വിരാട് കോഹ്‌ലി പറഞ്ഞു. ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം.