Skip to content

ക്യാപ്റ്റൻസിയെക്കുറിച്ച് സ്മിത്തിന് ഒന്നും അറിയില്ല, 2017ൽ ആർപിഎസ് ഫൈനലിൽ എത്താൻ കാരണം ധോണിയാണ് : രജത് ഭാട്ടിയ

ഐപിഎൽ 2017 ഫൈനലിൽ റൈസിംഗ് പൂനെ സൂപ്പർജയന്റ് എത്താൻ കാരണം മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയാണെന്നും അന്ന് ക്യാപ്റ്റനായിരുന്ന ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് അല്ലെന്നും രജത് ഭാട്ടിയ.

ഐ‌പി‌എൽ 2017 ൽ സ്മിത്ത് പലപ്പോഴും നിർണായക സാഹചര്യങ്ങളിൽ ആശയക്കുഴപ്പത്തിലായിരുന്നുവെന്ന് ആഭ്യന്തര ക്രിക്കറ്റ് താരം രജത് ഭാട്ടിയ ആരോപിച്ചു. 2017ൽ ഫൈനലിൽ എത്തിയ ആർപിഎസ് മുംബൈ ഇന്ത്യൻസിനോട് ഒരു റൺസിന് പരാജയപ്പെടുകയായിരുന്നു.

ഒരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയ ഭാട്ടിയ, തന്റെ മികച്ച 10 ക്യാപ്റ്റൻമാരുടെ പട്ടികയിൽ സ്റ്റീവ് സ്മിത്തിനെ പരിഗണിക്കില്ലെന്ന് അഭിപ്രായപ്പെട്ടു. തന്റെ എല്ലാ കളിക്കാരുമായും നല്ല പരിചയമുള്ള എം‌എസ് ധോണിയിൽ നിന്ന് സ്റ്റീവ് സ്മിത്ത് വ്യത്യസ്തമാണെന്നും, സ്മിത്തിന് തന്റെ ടീമിലെ ചിലരുടെ ബാറ്റിംഗ് സ്ഥാനം പോലും അറിയില്ലായിരുന്നുവെന്ന് വെളിപ്പെടുത്തി.

” നിങ്ങൾക്ക് ഒരിക്കലും സ്റ്റീവ് സ്മിത്തുമായി ധോണിയെ താരതമ്യം ചെയ്യാൻ കഴിയില്ല. എല്ലാ 10 ഫ്രാഞ്ചൈസികളും പരിശോധിച്ചാൽ, സ്മിത്ത് മികച്ച 10 ക്യാപ്റ്റൻമാരിൽ പോലും ഉൾപ്പെടുന്നില്ല. ക്യാപ്റ്റൻസിയെക്കുറിച്ച് സ്മിത്തിന് ഒന്നും അറിയില്ലായിരുന്നു, നിർണായക സാഹചര്യത്തിൽ ഏത് ബൗളറെ കൊണ്ടുവരുമെന്നും ഡെത്ത് ഓവറിൽ ആരെയാണ് വിശ്വസിക്കേണ്ടതെന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നു. ” രജത് ഭാട്ടിയ പറഞ്ഞു.

” രാജസ്ഥാൻ റോയൽ‌സ് അദ്ദേഹത്തെ ക്യാപ്റ്റൻസിയിൽ വിശ്വസിച്ചതിൽ ഞാൻ അതിശയിച്ചു, ഇപ്പോൾ അവർ അവനെ ഒഴിവാക്കി. രാഹുൽ ത്രിപാഠി ഏത് സ്ഥാനത്താണെന്നോ ഏത് ബാറ്റിങ് പൊസിഷനിലാണ് കളിക്കുന്നതെന്നോ സ്മിത്തിന് അറിയില്ല. ഞങ്ങൾ [റൈസിംഗ് പൂനെ സൂപ്പർജയന്റ്] ഐ‌പി‌എൽ 2017 ഫൈനലിലെത്തിയതിന് കാരണം എം‌എസ് ധോണിയാണ്, സ്റ്റീവ് സ്മിത്തല്ല ” അദ്ദേഹം പറഞ്ഞു.