Skip to content

ഐ പി എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്മാർ, പന്തിന് അഞ്ചാം സ്ഥാനം, പട്ടികയിൽ സർപ്രൈസ് താരങ്ങൾ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കെ ശ്രേയസ് അയ്യരുടെ അഭാവത്തിൽ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുകയാണ് കഴിഞ്ഞ തവണത്തേ ഫൈനലിസ്റ്റുകൾ കൂടിയായ ഡൽഹി ക്യാപിറ്റൽസ്. 23 വയസ്സുമാത്രമാണ് റിഷാബ് പന്തിന്റെ പ്രായം. എന്നാൽ ഇതിനുമുൻപും 24 വയസ്സിന് താഴെയുള്ള യുവതാരങ്ങളെ ഫ്രാഞ്ചൈസികൾ നായകസ്ഥാനം ഏൽപ്പിച്ചിട്ടുണ്ട്. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്മാർ ആരൊക്കെയെന്ന് നോക്കാം

5. റിഷാബ് പന്ത്

ശ്രേയസ് അയ്യരുടെ അഭാവത്തിൽ ഇക്കുറി ഡൽഹിയെ നയിക്കുന്ന റിഷാബ് പന്ത് തന്റെ ക്യാപ്റ്റൻസി അരങ്ങേറ്റത്തോടെ ഐ പി എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ ക്യാപ്റ്റനായി മാറും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരിക്ക് പറ്റിയതിനെ തുടർന്നാണ് ശ്രേയസ് അയ്യർക്ക് ഈ ഐ പി എല്ലും നഷ്ട്ടമായിരിക്കുന്നത്.

4. സുരേഷ് റെയ്‌ന

ഐ പി എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ ക്യാപ്റ്റൻ മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌നയാണ്. 2010 സീസണിൽ ഡൽഹി ഡെയർ ഡെവിൾസിനെതിരായ മത്സരം എം എസ് ധോണിയ്ക്ക് നഷ്ട്ടമായതോടെ സുരേഷ് റെയ്‌നയായിരുന്നു മത്സരത്തിൽ ചെന്നൈയെ നയിച്ചത്. 49 റൺസ് നേടി ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച റെയ്ന ടീമിന് അഞ്ച് വിക്കറ്റിന്റെ വിജയം നേടികൊടുക്കുകയും ചെയ്തു.

3. ശ്രേയസ് അയ്യർ

ശ്രേയസ് അയ്യരാണ് ഐ പി എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ക്യാപ്റ്റൻ. 2018 സീസണിൽ മോശം പ്രകടനത്തെ തുടർന്ന് ഗൗതം ഗംഭീർ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പിൻമാറിയതിനെ തുടർന്നാണ് ശ്രേയസ് അയ്യരെ ടീം മാനേജ്‌മെന്റ് ക്യാപ്റ്റനായി നിയമിച്ചത്. 2018 ഏപ്രിൽ 18 ന് കൊൽക്കത്തയ്ക്കെതിരെ ക്യാപ്റ്റൻസി അരങ്ങേറ്റം കുറിക്കുമ്പോൾ 23 വയസ്സും മൂന്ന് മാസവുമായിരുന്നു അയ്യരുടെ പ്രായം.

2. സ്റ്റീവ് സ്മിത്ത്

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ കൂടിയായ സ്റ്റീവ് സ്മിത്താണ് ഐ പി എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ക്യാപ്റ്റൻ. 2012 സീസണിന്റെ തുടക്കത്തിൽ പുണെ വാരിയേഴ്സിന്റെ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ആയിരുന്നുവെങ്കിലും ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ നിന്നും പിന്മാറുകയും സ്‌മിത്തിനെ ക്യാപ്റ്റനാക്കുകയും ചെയ്തു. 22 വയസ്സും 11 മാസവുമായിരുന്നു അന്ന് സ്റ്റീവ് സ്മിത്തിന്റെ പ്രായം.

1. വിരാട് കോഹ്ലി

ഇന്ത്യൻ ക്യാപ്റ്റനും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റനുമായ വിരാട് കോഹ്ലിയാണ് ഐ പി എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ. 2008 ൽ ടീമിലെത്തിയ വിരാട് കോഹ്ലിയ്ക്ക് തുടർന്നുള്ള മൂന്ന് സീസണുകളിൽ ക്യാപ്റ്റനാകാനുള്ള അവസരം ലഭിച്ചിരുന്നില്ല. എന്നാൽ 2011 സീസണിൽ ന്യൂസിലാൻഡ് താരം ഡാനിയേൽ വെട്ടോറിയെ ക്യാപ്റ്റനായും കോഹ്ലിയെ വൈസ് ക്യാപ്റ്റനായും ടീം മാനേജ്‌മെന്റ് നിയമിച്ചു. തുടർന്ന് സീസണിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ വെട്ടോറിയ്ക്ക് കളിക്കാൻ സാധിക്കാതെ വന്നതോടെയാണ് വിരാട് കോഹ്ലി ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ചത്. മത്സരത്തിൽ 9 വിക്കറ്റിന്റെ തകർപ്പൻ വിജയവും ബാംഗ്ലൂർ നേടിയിരുന്നു.