CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

കോഹ്‌ലിയും രോഹിതും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടതിന് പിന്നിൽ രവി ശാസ്ത്രിയുടെ ഇടപെടൽ ; റിപ്പോർട്ട്

കഴിഞ്ഞ 4 മാസം ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു വസന്ത കാലമായിരുന്നു. ഗാബയിലെ ഐതിഹാസിക വിജയത്തോടെ രണ്ടാം തവണയും ശക്തരായ ഓസ്‌ട്രേലിയയ്ക്കെതിരെ അവരുടെ മണ്ണിൽ ടെസ്റ്റ് പരമ്പര നേടിയതും, പിന്നാലെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയിൽ വെച്ച് 3 ഫോർമാറ്റിലെ പരമ്പരയിലും ആധികാരികമായും വിജയിച്ചതും. ആവേശകരമായ ഏകദിന പരമ്പയിലെ അവസാന മത്സരത്തിൽ 7 റൺസിന് ജയിച്ചാണ് അതിന് സമാപനം കുറിച്ചത്.

ഈ വിജയത്തിനിടയിലും ആരാധകർക്ക് ഏറെ സന്തോഷം നൽകിയത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പഴയ ഒത്തൊരുമയും ആഘോഷവുമാണ്. ഇരുവരും ഏറെ രസകരമായ മുഹൂർത്തങ്ങളാണ് ഇന്ത്യൻ ആരാധകർക്ക് സമ്മാനിച്ചത്. ഈ വർഷം ഫെബ്രുവരിയിലാണ് ഏറെ കാലങ്ങൾക്ക് ശേഷം ഇരുവരും ഒരുമിച്ച് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനിങ്ങിയത്.

2019 ലോകക്കപ്പിന് പിന്നാലെ ഇരുവരും തമ്മിൽ അസ്വാരസ്യത്തിലാണെന്നുള്ള റിപ്പോർട്ടുകൾ ആദ്യമായി പുറത്തുവന്നത്. പിന്നാലെ സോഷ്യൽ മീഡിയയിൽ അണ്ഫോളോ ചെയ്തുവെന്നുമുള്ള വാർത്തകളും പ്രചരിച്ചു. അതിന് പിന്നാലെ പലപ്പോഴും കളിക്കളത്തിൽ ഇരുവരും അകന്നു നിൽക്കുന്നതായാണ് ആരാധകർക്ക് തോന്നിയത്. പതിവിന് വിപരീതമായി ഇംഗ്ലണ്ട് സീരീസിൽ ഓരോ നിമിഷവും കോഹ്‌ലിയും രോഹിതും ഒരുമിച്ച് ആഘോഷിക്കുന്ന കാഴ്ച്ചയാണ് കണ്ടത്.

ഇപ്പോഴിതാ കോഹ്‌ലിയും രോഹിതും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടതിന് പിന്നിൽ രവിശാസ്ത്രിയുടെ ഇടപെടലെന്ന് ബിസിസിഐയുടെ ഏറ്റവും അടുത്ത ഉറവിടങ്ങളിൽ നിന്നുള്ള റിപ്പോർട്ട്.
” രണ്ട് വലിയ സീരീസ് നേടിയതിനു പുറമേ, ടീം ഇന്ത്യയുടെ ഡ്രസ്സിംഗ് റൂമിനുള്ളിലെ ഏറ്റവും വലിയ നേട്ടമാണ് ഇരുവരുടെയും ബന്ധം ശക്തിപ്പെട്ടത്. ഇക്കഴിഞ്ഞ ആഴ്ചകളിൽ വളരെയധികം വ്യക്തിഗത സൗഹൃദം നടന്നിട്ടുണ്ട്, മാത്രമല്ല അവരുടെ ക്രിക്കറ്റ്, ടീം, അവരുടെ ഉത്തരവാദിത്തങ്ങൾ, വരാനിരിക്കുന്ന വെല്ലുവിളികൾ എന്നിവയുമായി ബന്ധപ്പെട്ട് അവ മുമ്പത്തേക്കാളും സമന്വയത്തിലാണ്. ”

” അവർ കൂടുതൽ ഒരുമിച്ചാൽ മാത്രമേ ടീമിന് പ്രയോജനം ലഭിക്കുകയുള്ളൂവെന്ന് എന്നത്തേക്കാളും കൂടുതൽ അവർ ഇപ്പോൾ മനസ്സിലാക്കുന്നു. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും വലിയ നേട്ടമാണിത്. കോച്ച് രവിശാസ്ത്രിയുടെ ഇടപെടൽ കാരണമാണിത് ” ബിസിസിഐ ഉറവിടം ഉദ്ധരിച്ചുള്ള ടൈംസ് ഓഫ് നൗ റിപ്പോർട്ടിൽ പറയുന്നു

” പുറത്തുനിന്നുള്ള എല്ലാ സംഭാഷണങ്ങളും കിംവദന്തികളുമാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്. എല്ലാ പ്രൊഫഷണലുകളെയും പോലെ വിരാട്ടിനും രോഹിതിനും കാലാകാലങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടാകും. എന്നാൽ അടുത്ത കാലം വരെ, ഇപ്പോൾ കാണാവുന്ന തരത്തിലുള്ള വ്യക്തതയോടെ ഇരുന്ന് സംസാരിക്കാൻ അവർ ഒരിക്കലും ചിന്തിച്ചിരുന്നില്ല ” വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

” ടി20 സീരീസിന്റെ അവസാനത്തിലെ മത്സരശേഷമുള്ള പ്രെസെന്റഷനിലെ പോലെ, അവർ പരസ്പരം പരസ്യമായി സംസാരിക്കാൻ ധാരാളം സമയം ചെലവഴിച്ചു. മുൻകാലങ്ങളെ അപേക്ഷിച്ച് അവർ ഒന്നിച്ച് ഫോട്ടോഗ്രാഫുകളിൽ പ്രത്യക്ഷപ്പെടുന്നു. ഏകദിന പരമ്പരയിലെ കളിക്കിടെ രോഹിതുമായുള്ള കൂടുതൽ ചർച്ചകൾ തുടരാനായി വിരാട് ശ്രമിച്ചു. ഈ കാര്യങ്ങളും നേരത്തെ തന്നെ സംഭവിക്കുമായിരുന്നു, എന്നാൽ ഇത്തവണ ഈ കിംവദന്തികൾ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് അവർ തീരുമാനിച്ചു ” വൃത്തങ്ങൾ വിശദീകരിച്ചു.