Skip to content

തല്ല് വാങ്ങിച്ച് കൂട്ടി ബൗളർമാർ ; ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര റെക്കോർഡ് പട്ടികയിൽ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 7 റൺസിന്റെ ആവേശ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 330 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 322 റൺസ് നേടാനെ സാധിച്ചുള്ളു. വിജയത്തോടെ ഏകദിന പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി.

83 പന്തിൽ പുറത്താകാതെ 95 റൺസ് നേടിയ യുവതാരം സാം കറൺ അവസാന ഓവർ വരെ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. അവസാന ഓവറിൽ 14 റൺസ് വേണമെന്നിരിക്കെ പന്തെറിയാനെത്തിയ നടരാജൻ 6 റൺസ് മാത്രമാണ് ഓവറിൽ വിട്ടുനൽകിയത്. സാം കറണ് പുറമെ 50 പന്തിൽ 50 റൺസ് നേടിയ ഡേവിഡ് മലാൻ മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്.

അതേസമയം ഈ ഏകദിന പരമ്പര റെക്കോർഡ് പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇരു ടീമും ആക്രമണ ശൈലിയിൽ ബാറ്റ് വീശിയ ഈ പരമ്പര,
മൂന്ന് ഏകദിനങ്ങളുടെ പരമ്ബരയിലെ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ എന്ന റെക്കോര്‍ഡാണ് തിരുത്തിക്കുറിച്ചത്. ഈ പരമ്പരയിൽ ഇരു ടീമും ചേര്‍ന്ന് 70 സിക്സറാണ് പറത്തിയത്. 2019ല്‍ ന്യുസീലന്‍ഡ്, ശ്രീലങ്ക താരങ്ങള്‍ മൂന്ന് കളിയില്‍ നേടിയ 57 സിക്സറുകളുടെ റെക്കോര്‍ഡാണ് ഇന്നലെ തകര്‍ന്നത്.

ഇരു ടീമും 300 റൺസ് കടന്ന രണ്ടാം മത്സരത്തിലാണ് ഏറ്റവും കൂടുതൽ സിക്സ് (34) പിറന്നത്. ഇംഗ്ലണ്ട് ആ മത്സരത്തിൽ 20 സിക്സ് നേടിയപ്പോൾ ഇന്ത്യ 14 സിക്സ് നേടി. മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 11 സിക്സറും ഇംഗ്ലണ്ട് ഏഴും സിക്സര്‍ പറത്തി. റിഷഭ് പന്തും ഹാര്‍ദിക് പണ്ഡ്യയും നാല് സിക്സര്‍ വീതം നേടിയപ്പോള്‍ സാം കറണ്‍ മൂന്ന് സിക്സറും നേടി.

ഏറ്റവും സിക്സ് അടിച്ചത് ഇംഗ്ലണ്ടിന്റെ ഓപ്പണർ ബെയ്‌ർസ്റ്റോയാണ്. 3 ഇന്നിംഗ്‌സിൽ നിന്നായി 219 റൺസ് നേടിയ ബെയ്‌ർസ്റ്റോ 14 സിക്സുകൾ അടിച്ചിട്ടുണ്ട്. രണ്ടാമത് 2 മത്സരം മാത്രം കളിച്ച ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്താണ്. ഈ പരമ്പരയുടെ ടോപ്പ് സ്കോററിൽ രണ്ടാമതുള്ള പന്ത് 11 സിക്സുകൾ നേടിയിട്ടുണ്ട്.