Skip to content

കോഹ്ലിയുടേത് മോശം ക്യാപ്റ്റൻസി, ലോകകപ്പും ഇന്ത്യയ്ക്ക് നഷ്ട്ടമാകും ; വിമർശനവുമായി മൈക്കൽ വോൺ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും ഇന്ത്യൻ ടീമിന്റെ ബാറ്റിങ് ശൈലിയെയും വിമർശിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ ട്വിറ്ററിലാണ് വോൺ വിമർശനമുന്നയിച്ചത്. രണ്ടാം ഏകദിനത്തിൽ 6 വിക്കറ്റിനാണ് ഇന്ത്യ പരാജയപെട്ടത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 337 റൺസിന്റെ വിജയലക്ഷ്യം 43.3 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.

( Picture Credit ; Twitter/ Bcci )

112 പന്തിൽ 124 റൺസ് നേടിയ ജോണി ബെയർസ്റ്റോ, 52 പന്തിൽ 99 റൺസ് നേടിയ ബെൻ സ്റ്റോക്സ്, 52 പന്തിൽ 55 റൺസ് നേടിയ ജേസൺ റോയ് എന്നിവരാണ് ഇംഗ്ലണ്ടിന് അനായാസവിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 114 പന്തിൽ 108 റൺസ് നേടിയ കെ എൽ രാഹുലിന്റെയും 79 പന്തിൽ 66 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും 40 പന്തിൽ 77 റൺസ് നേടിയ റിഷാബ് പന്തിന്റെയും മികവിലാണ് 337 റൺസിന്റെ വിജയലക്ഷ്യം ഉയർത്തിയത്.

( Picture Credit ; Twitter/ Bcci )

” ഇത് ഇന്ത്യയ്ക്കുള്ള പാഠമാണ്. ആദ്യ 40 ഓവറിൽ പ്രതിരോധിച്ചുകൊണ്ടുള്ള ബാറ്റിങ് ശൈലി ഹോമിൽ നടക്കാനിരിക്കുന്ന ലോകകപ്പും അവർക്ക് നഷ്ട്ടപെടുത്തിയേക്കാം. ഫ്ലാറ്റ് വിക്കറ്റുകളിൽ 375+ സ്കോർ ചെയ്യാനുള്ള ശക്തി അവർക്കുണ്ട്. ആക്രമിച്ചുകൊണ്ടുള്ള ഈ സമീപനം മൂലമാണ് ഇംഗ്ലണ്ട് ഏകദിനത്തിൽ മുൻപന്തിയിലുള്ളത്. ” മൈക്കൽ വോൺ ട്വിറ്ററിൽ.

( Picture Credit ; Twitter/ Bcci )

മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തീരുമാനങ്ങളെയും വോ വോൺ വിമർശിച്ചു. രണ്ടോവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ഭുവനേശ്വർ കുമാറും പ്രസീദ് കൃഷ്ണയും ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയിട്ടും തൊട്ടടുത്ത ഓവർ സ്പിന്നർമാർക്ക് കൈമാറിയത് മോശം ക്യാപ്റ്റൻസിയാണെന്നും വോൺ പറഞ്ഞു.

മത്സരത്തിലെ ഇന്ത്യയുടെ സമീപനത്തെ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കറും വിമർശിച്ചിരുന്നു. മൊയീൻ അലി 10 ഓവറിൽ വഴങ്ങിയത് 47 റൺസ് മാത്രമായിരുന്നുവെന്നും മൊയീൻ അലിയെ ഇന്ത്യ ആക്രമിച്ചുകളിക്കണമായിരുന്നുവെന്നും മത്സരത്തിലെ പരാജയം ഇന്ത്യ പാഠമായി ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

( Picture Credit ; Twitter/ Bcci )