Skip to content

എം എസ് ധോണിയുടെയും യുവരാജ് സിങിന്റെയും റെക്കോർഡ് തകർത്ത് റിഷാബ് പന്ത്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 6 വിക്കറ്റിന് ഇന്ത്യ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് റിഷാബ് പന്ത് കാഴ്ച്ചവെച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഏകദിന ടീമിൽ തിരിച്ചെത്തിയ പന്ത് 40 പന്തിൽ 77 റൺസ് നേടിയാണ് പുറത്തായത്. പന്തിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. മത്സരത്തിലെ പ്രകടനത്തോടെ മുൻ ഇന്ത്യൻ താരങ്ങളായ എം എസ് ധോണിയുടെയും യുവരാജ് സിങിന്റെയും റെക്കോർഡ് പന്ത് തകർത്തു.

( Picture Credit : Twitter / Bcci )

437 ദിവസങ്ങൾക്ക് ശേഷമാണ് പന്ത് ഇന്ത്യൻ ഏകദിന ടീമിൽ തിരിച്ചെത്തിയത്. ആദ്യ ഏകദിനത്തിൽ പരിക്ക് പറ്റിയ ശ്രേയസ് അയ്യർക്ക് പകരക്കാരനായാണ് പന്ത് ടീമിലെത്തിയത്. വെറും 28 പന്തിൽ നിന്നാണ് പന്ത് ഫിഫ്റ്റി പൂർത്തിയാക്കിയത്. ഏകദിന കരിയറിലെ പന്തിന്റെ രണ്ടാം ഫിഫ്റ്റിയാണിത്.

( Picture Credit : Twitter / Bcci )

40 പന്തിൽ 3 ഫോറും 7 സിക്സും പറത്തിയാണ് റിഷാബ് പന്ത് 77 റൺസ് റൺസ് നേടിയത്. ഇതോടെ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് റിഷാബ് പന്ത് സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരെ ഒരു മത്സരത്തിൽ 6 സിക്സ് നേടിയിട്ടുള്ള മുൻ ക്യാപ്റ്റൻ എം എസ് ധോണിയെയും യുവരാജ് സിങിനെയുമാണ് റിഷാബ് പന്ത് പിന്നിലാക്കിയത്.

കൂടാതെ ഒരു ഏകദിന ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടത്തിൽ റിഷാബ് പന്ത് രണ്ടാം സ്ഥാനത്തെത്തി. 2005 ൽ ജയ്പൂരിൽ ശ്രീലങ്കയ്ക്കെതിരെ 10 സിക്സ് നേടിയ എം എസ് ധോണിയാണ് ഈ നേട്ടത്തിൽ ഒന്നാമതുള്ളത്. കൂടാതെ ഒരു ഏകദിനത്തിൽ അഞ്ചാമനായി ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന റെക്കോർഡിൽ യുവരാജ് സിങിനൊപ്പം റിഷാബ് പന്തെത്തി.

മത്സരത്തിൽ 192.50 സ്‌ട്രൈക്ക് റേറ്റിലാണ് റിഷാബ് പന്ത് ബാറ്റ് വീശിയത്. ഇതോടെ ഒരു ഏകദിന ഇന്നിങ്സിൽ മിനിമം 70 റൺസ് നേടിയവരിൽ ഏറ്റവും ഉയർന്ന സ്‌ട്രൈക്ക് റേറ്റുള്ള ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന റെക്കോർഡും റിഷാബ് പന്ത് സ്വന്തമാക്കി. ഐ പി എല്ലിൽ മോശം പ്രകടനം കാഴ്‌ച്ചവെച്ച പന്ത് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഫോമിൽ തിരിച്ചെത്തിയത്. തുടർന്ന് ടി20 ടീമിലും ഇപ്പോൾ ഏകദിന ടീമിലും താരം തിരിച്ചെത്തി. ഓസ്‌ട്രേലിയക്കെതിരായ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ പ്രഥമ ICC Cricketer of the Month പുരസ്‌കാരം പന്ത് നേടിയിരുന്നു.

( Picture Credit : Twitter / Bcci )