Skip to content

വിനയ് കുമാറിന് ആശ്വസിക്കാം,ആ നാണക്കേടിന്റെ റെക്കോർഡ് ഇനി കുൽദീപ് യാദവിന് സ്വന്തം

നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ബൗളർ കുൽദീപ് യാദവ് കാഴ്ച്ചവെച്ചത്. ഇന്ത്യ 6 വിക്കറ്റിന് പരാജയപെട്ട മത്സരത്തിൽ പത്തോവറുകൾ എറിഞ്ഞ കുൽദീപ് യാദവ് 84 റൺസ് വഴങ്ങി. ഇതിനൊപ്പം തന്നെ ഏകദിന ക്രിക്കറ്റിലെ മറ്റൊരു നാണക്കേടിന്റെ റെക്കോർഡും കുൽദീപ് യാദവിന്റെ പേരിലായി.

( Picture Credit : Twitter / Bcci )

കുൽദീപിനൊപ്പം തന്നെ മറ്റു ബൗളർമാർക്കും മത്സരത്തിൽ മികവ്‌ പുലർത്താൻ സാധിച്ചില്ല. ക്രുനാൽ പാണ്ഡ്യ വെറും ആറോവറിൽ 72 റൺസ് വഴങ്ങിയപ്പോൾ ഷാർദുൽ താക്കൂർ 7.3 ഓവറിൽ 54 റൺസ് വഴങ്ങി. പത്തോവറിൽ 58 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ പ്രസീദ് കൃഷ്ണ മാത്രമാണ് ഇന്ത്യൻ നിരയിൽ അൽപമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 337 റൺസിന്റെ വിജയലക്ഷ്യം 43.3 ഓവറിൽ ഇംഗ്ലണ്ട് മറികടന്നു. 55 റൺസ് നേടിയ ജേസൺ റോയ്, 124 റൺസ് നേടിയ ജോണി ബെയർസ്റ്റോ, 99 റൺസ് നേടിയ ബെൻ സ്റ്റോക്സ് എന്നിവരാണ് ഇംഗ്ലണ്ടിന് 6 വിക്കറ്റിന്റെ അനായാസ വിജയം സമ്മാനിച്ചത്.

( Picture Credit : Twitter / Bcci )

മത്സരത്തിൽ 20 സിക്സ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാർ അടിച്ചുകൂട്ടിയിരുന്നു. ഇതിൽ 8 സിക്സും വഴങ്ങിയത് കുൽദീപ് യാദവ് ആയിരുന്നു. ഇതോടെ ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് വഴങ്ങുന്ന ഇന്ത്യൻ ബൗളറെന്ന നാണക്കേടിന്റെ റെക്കോർഡ് കുൽദീപിന്റെ പേരിലായി.

( Picture Credit : Twitter / Bcci )

2013 ൽ ഓസ്‌ട്രേലിയക്കെതിരായ ബംഗളൂരു ഏകദിനത്തിൽ 7 സിക്സ് വഴങ്ങിയ വിനയ് കുമാറിന്റെ പേരിലായിരുന്നു ഈ നാണക്കേടിന്റെ റെക്കോർഡ്. ഒരു മത്സരത്തിൽ 6 വീതം സിക്സ് വഴങ്ങിയ രവിചന്ദ്രൻ അശ്വിൻ, യുവരാജ് സിങ്, രവീന്ദ്ര ജഡേജ എന്നിവരാണ് ഈ നാണക്കേടിന്റെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 2011 ൽ വെസ്റ്റിൻഡീസിനെതിരെയാണ് രവിചന്ദ്രൻ അശ്വിൻ 6 സിക്സ് വഴങ്ങിയത്. യുവരാജ് സിങ് 2007 ൽ ഇംഗ്ലണ്ടിനെതിരെയും രവീന്ദ്ര ജഡേജ 2011 ൽ വെസ്റ്റിൻഡീസിനെതിരായ ചെന്നൈ ഏകദിനത്തിലുമാണ് 6 സിക്സ് വഴങ്ങിയത്.

( Picture Credit : Twitter / Bcci )

ഇത് രണ്ടാം തവണയാണ് ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ഒരു ടീം 20 സിക്സ് നേടുന്നത്. ഇതിനുമുൻപ് 2015 മുംബൈ ഏകദിനത്തിൽ സൗത്താഫ്രിക്കയും ഇന്ത്യയ്ക്കെതിരെ 20 സിക്സ് നേടിയിരുന്നു.

( Picture Credit : Twitter / Bcci )