Skip to content

തകർത്താടി ബെയർസ്റ്റോയും ബെൻ സ്റ്റോക്സും, ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 337 റൺസിന്റെ വിജയലക്ഷ്യം 43.3 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. ജോണി ബെയർസ്റ്റോയുടെയും ബെൻ സ്റ്റോക്‌സിന്റെയും തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്.

( Picture Source : Twitter / Bcci )

തകർപ്പൻ തുടക്കമാണ് ജേസൺ റോയും, ജോണി ബെയർസ്റ്റോയും ഇംഗ്ലണ്ടിന് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 110 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. 52 പന്തിൽ 55 റൺസ് നേടി റോയ് പുറത്തായ ശേഷം ക്രീസിലെത്തിയ ബെൻ സ്റ്റോക്‌സുമായി ചേർന്ന് രണ്ടാം വിക്കറ്റിൽ 175 റൺസ് ബെയർസ്റ്റോ കൂട്ടിച്ചേർത്തു.

ബെൻ സ്റ്റോക്സ് 52 പന്തിൽ 4 ഫോറും 10 സിക്സുമടക്കം 99 റൺസ് നേടി പുറത്തായപ്പോൾ ജോണി ബെയർസ്റ്റോ 112 പന്തിൽ 11 ഫോറും 7 സിക്സുമടക്കം 124 റൺസ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സെഞ്ചുറി നേടിയ കെ എൽ രാഹുലിന്റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും റിഷാബ് പന്തിന്റെയും മികവിലാണ് മികച്ച സ്കോർ നേടിയത്. കെ എൽ രാഹുൽ 114 പന്തിൽ 108 റൺസ് നേടി പുറത്തായപ്പോൾ റിഷാബ് പന്ത് 40 പന്തിൽ 77 റൺസും വിരാട് കോഹ്ലി 79 പന്തിൽ 66 റൺസും നേടി. ഹാർദിക് പാണ്ഡ്യ 16 പന്തിൽ 35 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തു.

ഇംഗ്ലണ്ടിന് വേണ്ടി റീസ് ടോപ്പ്‌ളൈയും ടോം കറണും 2 വിക്കറ്റ് വീതവും ആദിൽ റഷീദ്, സാം കറൺ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് ഇന്ത്യയ്ക്കൊപ്പമെത്തി. മാർച്ച് 28 നാണ് പരമ്പരയിലെ അവസാന മത്സരം.