Skip to content

ശ്രേയസ് അയ്യരുടെ അഭാവത്തിൽ ആരായിരിക്കും ഡൽഹിയെ നയിക്കുക, സാധ്യത ഈ താരങ്ങൾ

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ പരിക്കേറ്റ ഇന്ത്യൻ മധ്യനിര ബാറ്റ്‌സ്മാനും ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനും കൂടിയായ ശ്രേയസ് അയ്യർക്ക് ഏകദിന പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങൾക്ക് പുറമെ ഈ ഐ പി എൽ സീസണിലും കളിക്കാനാകില്ല. മത്സരത്തിൽ ഫീൽഡിങിനിടെയാണ് ശ്രേയസ് അയ്യർക്ക് തോളിന് പരിക്കേറ്റത്. പരിക്കിനെ തുടർന്ന് സർജറിയ്ക്ക് തയ്യാറെടുക്കുന്ന അയ്യർക്ക് കളിക്കളത്തിൽ തിരിച്ചെത്താൻ മൂന്നോ നാലോ മാസങ്ങളോ വേണ്ടിവരും.

ശ്രേയസ് അയ്യരുടെ അഭാവം ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടിയാകും. കഴിഞ്ഞ സീസണിൽ ടീമിനെ ഫൈനലിലെത്തിച്ച അയ്യർ ടീമിന് വേണ്ടി 17 മത്സരങ്ങളിൽ നിന്നും 519 റൺസ് നേടിയിരുന്നു. അയ്യർക്ക് സീസൺ നഷ്ടപെട്ടതോടെ പുതിയ ക്യാപ്റ്റനെ ഡൽഹിയ്ക്ക് കണ്ടെത്തേണ്ടിവരും. ക്യാപ്റ്റനാകാൻ യോഗ്യതയുള്ള നിരവധി താരങ്ങൾ ഡൽഹിയുടെ പക്കലുണ്ട്, അതിൽ ഏറ്റവും സാധ്യതയുള്ള താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.

രവിചന്ദ്രൻ അശ്വിൻ

ഐ പി എല്ലിൽ 2018 ലും 2019 ലും കിങ്സ് ഇലവൻ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്നു രവിചന്ദ്രൻ അശ്വിൻ. തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച അശ്വിന് പിന്നീട് ക്യാപ്റ്റൻസിയിൽ മികവ് പുലർത്താൻ സാധിച്ചില്ല. എന്നാൽ ഓസ്‌ട്രേലിയൻ പര്യടനത്തിലും ഇംഗ്ലണ്ടിനെതിരെയും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച അശ്വിനെ ഡൽഹി ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിച്ചേക്കാം.

അജിങ്ക്യ രഹാനെ

കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിൽ നിന്നും ഡൽഹിയിലെത്തിയ അജിങ്ക്യ രഹാനെയ്ക്ക് പ്ലേയിങ് ഇലവനിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. രണ്ട് സീസണുകളിൽ രാജസ്ഥാൻ റോയൽസിനെ നയിച്ചിട്ടുള്ള രഹാനെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യയ്ക്ക് പരമ്പര നേടികൊടുത്തിരുന്നു. ടെസ്റ്റിൽ മികച്ച റെക്കോർഡ് ഉണ്ടെങ്കിലും ഐ പി എല്ലിൽ നയിച്ച 25 മത്സരങ്ങളിൽ 9 മത്സരങ്ങളിൽ മാത്രമേ രഹാനെ ടീമിനെ വിജയത്തിലെത്തിച്ചിട്ടുള്ളൂ.

സ്റ്റീവ് സ്മിത്ത്

കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിനെ താരലേലത്തിൽ 2 കോടിയ്ക്കാണ് ഡൽഹി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ നിരാശപ്പെടുത്തിയ സ്റ്റീവ് സ്മിത്ത് എന്നാൽ ഐ പി എൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന വിജയശതമാനമുള്ള വിദേശ ക്യാപ്റ്റൻ കൂടിയാണ്. കോച്ച് റിക്കി പോണ്ടിങ് ആയതിനാൽ സ്‌മിത്തിനെ ക്യാപ്റ്റനാക്കാനുള്ള സാധ്യത തള്ളികളയാൻ സാധിക്കില്ല.

റിഷാബ് പന്ത്

ശ്രേയസ് അയ്യരുടെ അഭാവത്തിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് വിക്കറ്റ് കീപ്പർ റിഷാബ് പന്തിനാണ്. കഴിഞ്ഞ സീസണിൽ നിറംമങ്ങിയെങ്കിലും ഓസ്‌ട്രേലിയൻ പര്യടനത്തിലെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിലും പന്ത് തിരിച്ചെത്തിയിരുന്നു.

ഇവർക്കൊപ്പം തന്നെ ഓപ്പണർ ശിഖാർ ധവാനും പൃഥ്വി ഷായും ക്യാപ്റ്റനാകാൻ സാധ്യതയുള്ള താരങ്ങളാണ്.