Skip to content

ഏകദിന മത്സരങ്ങൾ 4 മണിക്കൂർ കൊണ്ട് അവസാനിക്കും! അതിന്റെ അനന്തരഫലം പോലും ചിന്തിക്കാതെയാണോ പറഞ്ഞത് ; കോഹ്‌ലിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരം

ഇംഗ്ലണ്ട്-ഇന്ത്യ സീരീസിനിടെ ഏറെ വിവാദമായ അമ്പയർസ് കോളിനെയും സോഫ്റ്റ് സിഗ്നലിനെയും വിമർശിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കെതിരെ തുറന്നടിച്ച് മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്. അമ്പയറോടുള്ള കോഹ്‌ലിയുടെ മനോഭാവത്തെയും ലോയ്ഡ് രൂക്ഷമായി തന്നെ വിമർശിച്ചു.

അഞ്ചാം ടി20 യിൽ അനുകൂലമായി സോഫ്റ്റ് സിഗ്നൽ നൽകാൻ ഇംഗ്ലണ്ട് താരങ്ങൾ അമ്പയർ നിതിൻ മേനോനെ സമ്മർദ്ദത്തിലാക്കിയെന്ന കോഹ്‌ലിയുടെ പരാമർശം സംശയാസ്പദമാണെന്നും, എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ ‘ഈ പര്യടനത്തിലുടനീളം അമ്പയർമാരോട് അപമര്യാദയായി പെരുമാറിയെന്നും സമ്മർദ്ദത്തിലാക്കിയതായും തനിക്ക് ഉറപ്പാണെന്ന് ലോയ്ഡ് പറഞ്ഞു.

” അന്താരാഷ്ട്ര ക്രിക്കറ്റിൽ അമ്പയർമാരെ വിലകുറച്ചു കാണുന്ന പ്രവണത കൂടിയിട്ടുണ്ട്. ഒഫീഷ്യൽസിനേക്കാൾ, മത്സരം മുന്നോട്ടു കൊണ്ടുപോകുന്നത് തങ്ങളാണെന്ന ചിന്തയാണ് കുറെ താരങ്ങൾക്ക് ” ലോയ്ഡ് ചൂണ്ടിക്കാട്ടി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ഉദാഹരണമാക്കിയാണ് ലോയ്ഡ് തന്റെ വാദം വിശദീകരിച്ചത്.

” വിരാട് കോഹ്ലിയെ ഉദാഹരണമായി എടുക്കാം. ഡിആർഎസിൽനിന്ന് അമ്പയർസ് കോൾ ഒഴിവാക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. പകരം പന്ത് സ്റ്റംപിന്റെ ഏതു ഭാഗത്ത് തട്ടിയാലും ഔട്ട് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ”

” അത്തരമൊരു തീരുമാനത്തിന്റെ അനന്തര ഫലമെന്താണെന്ന് കോലി മനസ്സിലാക്കിയിട്ടില്ലെന്നാണ് തോന്നുന്നത്. കോലി ആവശ്യപ്പെട്ടതുപോലെ ബെയിൽസിൽ പന്തു തട്ടുമ്പോൾ പോലും ഔട്ട് അനുവദിക്കാൻ തുടങ്ങിയാൽ ടെസ്റ്റ് മത്സരങ്ങളെല്ലാം രണ്ടു ദിവസംകൊണ്ട് അവസാനിക്കാൻ സാധ്യതയുണ്ട്. ഏകദിന മത്സരങ്ങൾ പരമാവധി നാലു മണിക്കൂറിലും തീരും ” ലോയ്ഡ് വിശദീകരിച്ചു.