Skip to content

മത്സരം നടത്തുന്നത് നീയല്ല, വിരാട് കോഹ്ലിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്. ഏകദിന പരമ്പരയ്ക്ക് മുൻപായി ഡി ആർ എസിലെ അമ്പയർസ് കോളിനെതിരെയും സോഫ്റ്റ് സിഗ്നൽ നിയമത്തിനെതിരെയും കോഹ്ലി രംഗത്തെത്തിയിരുന്നു. കൂടാതെ സോഫ്റ്റ് സിഗ്നലായി ഔട്ട് നൽകാൻ ഇംഗ്ലണ്ട് താരങ്ങൾ അമ്പയർമാർക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നും മത്സരത്തിന് മുൻപായി കോഹ്ലി അഭിപ്രായപെട്ടിരുന്നു. ഇതിനുപുറകെയാണ് ഇന്ത്യൻ ക്യാപ്റ്റനെതിരെ രൂക്ഷ വിമർശനവുമായി ഡേവിഡ് ലോയ്ഡ് രംഗത്തെത്തിയത്.

ടി20 പരമ്പരയിലെ അവസാന മത്സരത്തിലെ അമ്പയർമാരുടെ തെറ്റായ തീരുമാനങ്ങളാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ആ മത്സരത്തിന് ശേഷം അമ്പയർമാർക്കെതിരെയും ഐസിസി നിയമത്തിനെതിരെയും കോഹ്ലി രംഗത്തെത്തിയിരുന്നു. എന്നാൽ കോഹ്ലി അമ്പയർമാരുടെയും മാച്ച് ഒഫീഷ്യലുകളുടെയും അധികാരത്തെ ചോദ്യം ചെയ്യുകയാണെന്നും കോഹ്ലിയുടെ പ്രതികരണം അമ്പയർമാരോടുള്ള അവഹേളനമാണെന്നും പ്രതികരണങ്ങൾക്ക് പിന്നിൽ കോഹ്ലിക്ക് മറ്റു ലക്ഷ്യങ്ങളുണ്ടെന്നും ഡേവിഡ് ലോയ്‌ഡ് പറഞ്ഞു.

” സോഫ്റ്റ് സിഗ്നലായി ഔട്ട് നൽകാൻ ഇംഗ്ലണ്ട് താരങ്ങൾ അമ്പയർമാരെ സമ്മർദ്ദം ചെലുത്തിയെന്ന് കോഹ്ലി പറഞ്ഞിരുന്നു. ആദ്യമായി സോഫ്റ്റ് സിഗ്നലായി ഔട്ട് നൽകാനുള്ള പരമാധികാരം ഓൺ ഫീൽഡ് അമ്പയർക്ക് മാത്രമാണുള്ളത്. ഇംഗ്ലണ്ട് താരങ്ങൾ നിതിൻ മോനോനെ സമ്മർദ്ദത്തിലാക്കിയോയെന്ന് എനിക്കറിയില്ല. എന്നാൽ ഒരു കാര്യം എനിക്കറിയാം ഈ പര്യടനത്തിലുടനീളം അമ്പയർമാരെ കോഹ്ലി അവഹേളിക്കുകയും സമ്മർദ്ദത്തിലാക്കുകയും അവരുടെ അധികാരത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. ” ഡേവിഡ് ലോയ്ഡ് പറഞ്ഞു.

” ഒരുപാട് വാക്കേറ്റങ്ങൾക്കും ഈ പര്യടനം വേദിയായി. പല ഘട്ടങ്ങളിലും മാന്യതയുടെ അതിർവരമ്പുകൾ അത് ലംഘിക്കുകയും ചെയ്തു. ചൊവ്വാഴ്ച ഇന്ത്യയുടെ ഇന്നിങ്സിന് ശേഷവും ഇത്തരം സംഭവമുണ്ടായി. എതിർ ടീം താരങ്ങളോട് ഏറ്റുമുട്ടാൻ നിങ്ങൾക്ക് യാതൊരു അവകാശവുമില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലാകട്ടെ ഇക്കാര്യത്തിൽ മൗനം പാലിക്കുകയും ചെയ്യുന്നു. ” അദ്ദേഹം പറഞ്ഞു.

” അന്താരാഷ്ട്ര ക്രിക്കറ്റിൽ അമ്പയർമാരുടെ അധികാരം കുറഞ്ഞുകൊണ്ടിരിക്കുന്നു. കൂടാതെ തങ്ങളാണ് മത്സരം നിയന്ത്രിക്കുന്നതെന്നാണ് കോഹ്ലിയെ പോലെയുള്ള താരങ്ങൾ കരുതുന്നത്. ഏകദിന പരമ്പരയ്ക്ക് മുൻപായി ഡിസിഷൻ റിവ്യൂ സിസ്റ്റത്തിൽ നിന്നും അമ്പയർസ് കോൾ എടുത്തുമാറ്റണമെന്ന് കോഹ്ലി ആവശ്യപെട്ടിരുന്നു. അതിലെ വരുംവരായ്കകൾ കോഹ്ലി ചിന്തിക്കുന്നില്ല. ഡി ആർ സിൽ ബെയ്ൽസിൽ ചെറുതായി തട്ടുന്നതൊക്കെ ഔട്ടാണെങ്കിൽ ടെസ്റ്റ് ക്രിക്കറ്റ് വെറും 2 ദിവസംകൊണ്ട് അവസാനിക്കും, ഏകദിനമാകട്ടെ വെറും നാല് മണിക്കൂറിനുള്ളിലും. അമ്പയർമാർക്ക് അവരുടെ അധികാരം തിരികെ നൽകണം, കോഹ്ലിയെ പോലെ ഏവരേയും സ്വാധീനിക്കാൻ കഴിവുള്ള താരങ്ങൾ ഇത്തരത്തിലുള്ള പ്രസ്താവനകൾ ഒഴിവാക്കണം. ” ഡേവിഡ് ലോയ്ഡ് കൂട്ടിച്ചേർത്തു.