Skip to content

അരങ്ങേറ്റത്തിൽ കസറി ക്രുനാലും പ്രസീദ് കൃഷ്ണയും, ഇരുവരും നേടിയത് തകർപ്പൻ റെക്കോർഡുകൾ

ഏകദിന അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ താരങ്ങളായ ക്രുനാൽ പാണ്ഡ്യയും പ്രസീദ് കൃഷ്ണയും കാഴ്ച്ചവെച്ചത്. തങ്ങളുടെ ആദ്യ ഏകദിനത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡുകളും ഇരുവരും സ്വന്തമാക്കി.

( Picture Source : Twitter / Bcci)

ഇന്ത്യ 66 റൺസിന് വിജയിച്ച മത്സരത്തിൽ 8.1 ഓവറിൽ 54 റൺസ് വഴങ്ങി നാല് വിക്കറ്റ് പ്രസീദ് കൃഷ്‌ണ നേടിയപ്പോൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി 31 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പെടെ പുറത്താകാതെ 58 റൺസ് നേടിയ ക്രുനാൽ പാണ്ഡ്യ പത്തോവറിൽ 59 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടിയിരുന്നു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 318 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് 42.1 ഓവറിൽ 251 റൺസ് നേടാനെ സാധിച്ചുള്ളു. 66 പന്തിൽ 94 റൺസ് നേടിയ ജോണി ബെയർസ്റ്റോയും 35 പന്തിൽ 46 റൺസ് നേടിയ ജേസൺ റോയും മാത്രമാണ് മത്സരത്തിൽ ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്.

( Picture Source : Twitter / Bcci)

ആദ്യ മൂന്നോവറിൽ 37 റൺസ് വഴങ്ങിയ ശേഷമാണ് പിന്നീടുള്ള 5.1 ഓവറിൽ 17 റൺസ് .മാത്രം വഴങ്ങി നാല് വിക്കറ്റുകൾ പ്രസീദ് കൃഷ്ണ വീഴ്ത്തിയത്. മത്സരത്തിലെ പ്രകടനത്തോടെ ഏകദിന അരങ്ങേറ്റത്തിൽ നാല് വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന റെക്കോർഡ് ഈ യുവതാരം സ്വന്തമാക്കി.

( Picture Source : Twitter / Bcci)

മറുഭാഗത്ത് ഏകദിന അരങ്ങേറ്റത്തിൽ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന ബാറ്റ്‌സ്മാനെന്ന ലോക റെക്കോർഡാണ് ക്രുനാൽ പാണ്ഡ്യ സ്വന്തമാക്കിയത്. വെറും 26 പന്തിൽ നിന്നാണ് മത്സരത്തിൽ ക്രുനാൽ പാണ്ഡ്യ ഫിഫ്റ്റി നേടിയത്. ഏകദിന അരങ്ങേറ്റത്തിൽ ഏഴാമനായി ബാറ്റിങിനിറങ്ങി ഫിഫ്റ്റി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാൻ കൂടിയാണ് ക്രുനാൽ പാണ്ഡ്യ.

( Picture Source : Twitter / Bcci)

മത്സരത്തിൽ 106 പന്തിൽ 98 റൺസ് നേടിയ ഓപ്പണർ ശിഖാർ ധവാൻ, 60 പന്തിൽ 56 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി, 43 പന്തിൽ 60 റൺസ് നേടിയ കെ എൽ രാഹുൽ, 31 പന്തിൽ 58 റൺസ് നേടിയ ക്രുനാൽ പാണ്ഡ്യ എന്നിവരുടെ മികവിലാണ് ഇന്ത്യ നിശ്ചിത 50 ഓവറിൽ 317 റൺസെന്ന മികച്ച സ്കോറിലെത്തിയത്.

മറുപടി ബാറ്റിങിൽ ഓപ്പണിങ് കൂട്ടുകെട്ടിൽ 85 പന്തിൽ 135 റൺസ് ജേസൺ റോയും ജോണി ബെയർസ്റ്റോയും കൂട്ടിച്ചേർത്തുവെങ്കിലും നിശ്ചിത ഇടവേളകൾ വിക്കറ്റ് വീഴ്ത്തി ഇന്ത്യ മത്സരത്തിൽ തിരിച്ചെത്തുകയായിരുന്നു. ബെയർസ്റ്റോ 66 പന്തിൽ 94 റൺസും ജേസൺ റോയ് 35 പന്തിൽ 46 റൺസും നേടിയാണ് പുറത്തായത്. ഇന്ത്യയ്ക്ക് വേണ്ടി പ്രസീദ് കൃഷ്ണ നാല് വിക്കറ്റും, ഷാർദുൽ താക്കൂർ മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ 2 വിക്കറ്റും നേടി.